ഷമേജ് വധം: ആറ് സിപിഎമ്മുകാര്‍ കസ്റ്റഡിയില്‍

Thursday 17 May 2018 10:25 pm IST

 

തലശ്ശേരി: പത്ത് ദിവസം മുന്‍പ് ന്യൂ മാഹി കലാഗ്രാമത്തിനടുത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഈച്ചിയിലെ യു.സി.ഷമേജ് വധക്കേസില്‍ കസ്റ്റഡിയിലുള്ളവരില്‍ മൂന്ന് പേരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന. ആഭ്യന്തരമന്ത്രി കൂടിയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരിയിലെത്തും മുന്‍പെ കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. 

ഇന്ന് നടക്കുന്ന തലായിലെ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനത്തിനായി ഇന്നലെ രാത്രിയില്‍ മുഖ്യമന്ത്രി ജില്ലയിലെത്തിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോ െ്രെഡവര്‍ ഷമേജിനെ മേയ് 7ന് രാത്രി പത്തോടെയാണ് സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷമേജ് വധകേസില്‍ കേരള പോലീസ് രാഷ്ട്രിയം കളിക്കുന്നതിനാലാണ് സിപിഎമ്മുകാരായ പ്രതികളെ പിടിക്കാത്തതെന്ന് സംഘ പരിവാര്‍ നേതൃത്വം ആരോപിച്ചു. പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കാനിരിക്കെയാണ് അലംഭാവം എന്ന പഴി കേള്‍ക്കാതിരിക്കാനായി ഉടന്‍ അറസ്‌റ്റെന്ന നടപടിക്ക് അന്വേഷണ സംഘം മുതിരുന്നത്. 

എന്നാല്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. കൊല നടത്തിയ ശേഷം ബംഗളൂരിലേക്ക് രക്ഷപ്പെട്ടുവെന്ന് കണ്ടെത്തിയ പ്രതികളെ രഹസ്യമായി പിന്തുടര്‍ന്നാണ് തലശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ കൊലയാളി സംഘത്തെപ്പറ്റി കൃത്യമായ വിവരവും ലഭിച്ചു. ഇതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഷമേജിനെ കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷിയുള്ളതായി പറയപ്പെടുന്നുണ്ട്. മാത്രമല്ല ഷമേജിനെ ആക്രമിച്ച സ്ഥലത്തിന് സമീപമുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും കേസന്വേഷണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.