ദൈവത്തിൻ്റേയും കർഷകരുടേയും നാമത്തിൽ യെദ്യൂരപ്പ അമരത്ത്

Friday 18 May 2018 3:36 am IST

പി.എന്‍. സതീഷ്

ബെംഗളൂരു: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ സ്ഥാനമേറ്റു. ഇന്നലെ രാവിലെ ഒന്‍പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 15 ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.

ദൈവത്തിന്റെയും കര്‍ഷകരുടെയും  നാമത്തിലാണ് കര്‍ണാടകത്തിന്റെ 23-ാമത് മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പദത്തില്‍ ഇത് യെദ്യൂരപ്പയുടെ മൂന്നാം ഊഴമാണ്.  ലളിതമായ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കര്‍, സദാനന്ദ ഗൗഡ, അനന്ത് കുമാര്‍, ജെ.പി. നദ്ദ, ധര്‍മേന്ദ്രപ്രധാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്ഭവന് പുറത്ത് വാദ്യഘോഷങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.  

സത്യപ്രതിജ്ഞക്കു ശേഷം വിധാന്‍സഭയിലെ മുഖ്യമന്ത്രിയുടെ മുറിയിലെത്തി  അധികാരമേറ്റു. വിധാന്‍സഭയുടെ പടികളില്‍ തൊട്ടുവണങ്ങിയാണ് അദ്ദേഹം ഉള്ളിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന കാര്‍ഷിക കടം എഴുതിത്തള്ളുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായി യെദ്യൂരപ്പ ചര്‍ച്ച നടത്തി. ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളുന്നത്. ഏകദേശം അറുപതിനായിരം കോടി രൂപ വരും.

നന്ദി അറിയിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം

ബെംഗളൂരു: ബിജെപിയെ പിന്തുണച്ചതിന് കര്‍ണാടകത്തിലെ കോടിക്കണക്കിന് ജനങ്ങളോടും പ്രത്യേകിച്ച് ദളിത്, പിന്നാക്ക വിഭാഗങ്ങളോടും നന്ദി അറിയിക്കുന്നതായി ബി.എസ്. യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. 

യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളും എംഎല്‍എമാരും രാജ്ഭവനുമുന്നില്‍ പ്രതിഷേധിച്ചു. എംഎല്‍എമാരെല്ലാം ഉണ്ടെന്ന് ഇരുപാര്‍ട്ടികളും പറഞ്ഞെങ്കിലും ഏഴ് എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

222 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 104 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തിലാവുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിച്ചെങ്കിലും ആദ്യം കത്ത് നല്‍കിയ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.  

ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കവെ, ഭൂരിപക്ഷം 15 ദിവസത്തിനുള്ളില്‍ തെളിയിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. വെല്ലുവിളികളെ സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ബിജെപിയുടെ വിജയം. 

ബിജെപിക്ക് ഈ വിജയം സമ്മാനിച്ചത് ജനങ്ങളാണ്. കോണ്‍ഗ്രസും ജെഡിഎസ്സും നാടകം കളിക്കുകയാണ്. ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും യെദ്യൂരപ്പ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.