'അവസരവാദ' വുമായി ആര്‍ജെഡിയും കോണ്‍ഗ്രസും

Friday 18 May 2018 4:30 pm IST
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പരിഗണനയില്‍ കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയ്ക്ക് അനുമതി ലഭിതച്ചോടെ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് ഗോവയില്‍ കോണ്‍ഗ്രസും ബീഹാറില്‍ ആര്‍ജെഡിയും

പട്‌ന:  ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പരിഗണനയില്‍ കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയ്ക്ക് അനുമതി ലഭിതച്ചോടെ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് ഗോവയില്‍ കോണ്‍ഗ്രസും ബീഹാറില്‍ ആര്‍ജെഡിയും. തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന അവകാശവാദവുമായി ഇരുപാര്‍ട്ടികളും അതാതു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ സമീപിച്ചു. 

ഗോവയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബിജെപിയെ ആയിരുന്നുവെന്നാണ് കോണ്‍ഗ്രസ് വാദം. കര്‍ണാടക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തില്‍ 14  കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ് . ആകെയുള്ള  16  കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ഒരാള്‍ ചികിത്സയിലാണ്. മറ്റൊരാള്‍ വിദേശത്തും. ഗവര്‍ണറെ സന്ദര്‍ശിച്ച സംഘത്തില്‍  തീരുമാനം ഏഴുദിവസത്തിനകം അറിയിക്കണമെന്നാണ് പാര്‍ട്ടിയുടെ  ആവശ്യം 2017 മാര്‍ച്ച് 12 നായിരുന്നു മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. 

ബീഹാറിലെ ആര്‍ജെഡിയും നീങ്ങുന്നത് ഇതേ പാതയില്‍.  ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്  ആര്‍ജെഡി. ബിജെപി പിന്തുണയോടെ ഭരിക്കുന്ന നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാമെന്ന വ്യാമോഹത്തിലാണ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി പ്രസാദ് യാദവ്. ഭൂരിപക്ഷം തെളിയിക്കാന്‍ അനുമതി തേടി തേജസ്വി ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട് ആര്‍ജെഡിയ്ക്ക്. സര്‍ക്കാരുണ്ടാക്കാന്‍ 122 എംഎല്‍മാരാണ് ആവശ്യം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയ്ക്ക് 111 എഎല്‍എ മാരുണ്ട്. ആര്‍ജെഡിയുടെ കത്ത് പരിഗണിച്ച ഗവര്‍ണര്‍, ഭരണഘടനയില്‍ അതിനുള്ള വ്യവസ്ഥകള്‍ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് മറുപടി നല്‍കിയതായി തേജസ്വി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.