കാവേരി: കേന്ദ്രത്തിന്റെ ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു

Friday 18 May 2018 4:48 pm IST

ന്യൂദല്‍ഹി: കാവേരി നദീജല പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ശുപാര്‍ശ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. മേയ് 15ന് സുപ്രീംകോടതി പദ്ധതി ബോര്‍ഡ്/ അതോറിറ്റി ആയാണോ രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളോട് അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനം അറിയിക്കാനായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് ബുധനാഴ്ച കേന്ദ്രം ഫെബ്രുവരി 16ലെ വിധിന്യായമനുസരിച്ച് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാമെന്ന് കോടതിയെ അറിയിച്ചിരുന്നു. 

തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് പദ്ധതിയില്‍ വേണ്ട അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രം കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കോടതി നിര്‍ദേശം കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനായിരുന്നു. ഇക്കാര്യം അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവര്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു.

ബോര്‍ഡിനേക്കാള്‍ അധികാരം ഒരു അതോറിറ്റിക്കുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഇതിന്റെ ആസ്ഥാനം ദല്‍ഹി ആയിരിക്കും. മുഴുവന്‍ അധികാരവും അതോറിറ്റിക്കായിരിക്കും. കേന്ദ്രത്തിന്റെ സഹായം ആവശ്യമായി വന്നാല്‍ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അതോറിറ്റി സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമതീരുമാനം തമിഴ്‌നാട് നല്‍കിയ പരാതി കൂടി പരിഗണിച്ച ശേഷമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ചെയര്‍മാന്‍ ഉള്‍പ്പെടെ പത്ത് അംഗങ്ങള്‍ ബോര്‍ഡിലുണ്ടാകും. കാവേരി ബോര്‍ഡ് രൂപീകരണം വൈകിയതില്‍ കേന്ദ്രത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളും കോടതി തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.