തീയറ്റര്‍ പീഡനം; എസ്‌ഐക്കെതിരെ നിസാര വകുപ്പുകള്‍

Saturday 19 May 2018 2:35 am IST

എടപ്പാള്‍(മലപ്പുറം): തീയറ്റര്‍ പീഡനം സംബന്ധിച്ച കേസില്‍ എസ്‌ഐക്കെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയെന്നത്‌സംബന്ധിച്ച കുറ്റമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പോക്‌സോ വകുപ്പിലെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. 

അതേസമയം, ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലാത്തത് പോലീസുകാര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. എസ്‌ഐയെ മാത്രം ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നതെന്ന ആക്ഷേപവും ഉയരുന്നു. കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി, ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടിലും എസ്‌ഐയുടെ വീഴ്ച മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. 

പരാതി ലഭിച്ചയുടന്‍ ഫോണ്‍ മുഖേന ഡിവൈഎസ്പിയെ ഇക്കാര്യം ധരിപ്പിച്ചിരുന്നതായി എസ്‌ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവയൊന്നും അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസം ഡിജിപിക്കു കൈമാറും. ഇതോടെ കേസില്‍ ആരെല്ലാം കുറ്റക്കാരാകുമെന്നത് സംബന്ധിച്ച് വ്യക്തത വരും. പീഡനവുമായി ബന്ധപ്പെട്ട് ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. അടുത്ത ദിവസം ഈ റിപ്പോര്‍ട്ടും കൈമാറുന്നതോടെ കേസിന്റെ അന്തിമചിത്രം വ്യക്തമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.