വരും, പോകും; രാഹുലിനും കോണ്‍ഗ്രസ്സിനും കോടതിയിലുള്ള വിശ്വാസം

Saturday 19 May 2018 2:38 am IST

ന്യൂദല്‍ഹി: അനുകൂല വിധിയെങ്കില്‍ സുപ്രീം കോടതി പരിശുദ്ധം. അല്ലെങ്കില്‍ ബിജെപിയുടെ കോടതി. പരമോന്നത നീതിപീഠത്തിലുള്ള കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും വിശ്വാസം അവരുടെ കര്‍ണാടക എംഎല്‍എമാരിലുള്ള വിശ്വാസം പോലെയാണ്- എപ്പോഴാണ് മാറുകയെന്ന് പറയാനാകില്ല. പാതിരാത്രിയിലെ വാദപ്രതിവാദത്തിന് ശേഷം ഗവര്‍ണറുടെ നടപടി റദ്ദാക്കാനാകില്ലെന്ന് വ്യാഴാഴ്ച പുലര്‍ച്ചെ സുപ്രീംകോടതി വ്യക്തമാക്കിയപ്പോള്‍ രാഹുല്‍ പ്രതികരിച്ചത് ഇങ്ങനെ: രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചടക്കുകയാണ് ബിജെപി. നീതിപാഠം ഭീതിയിലാണ്. 

 യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന് ഇതേ സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി തങ്ങളുടെ വിജയമായാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. ഒറ്റ രാത്രിക്ക് ശേഷം രാഹുല്‍ കോടതിയെ പുകഴ്ത്തി. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന തങ്ങളുടെ വാദം സ്ഥിരീകരിക്കപ്പെട്ടുവെന്നും ബിജെപിക്ക് തിരിച്ചടിയേറ്റെന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യത്തെ രക്ഷിച്ച ഇന്ത്യന്‍ ജുഡീഷ്യറിക്ക് അഭിനന്ദനമെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രശംസ. ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതായി വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലയും ചരിത്രപരമായ വിധിയെന്ന് അഭിഷേക് മനു സിംഗ്‌വിയും ആഹ്ലാദം കൊണ്ടു. 

 രാഷ്ട്രീയ നേട്ടത്തിനായി സുപ്രീം കോടതിയെ അപഹസിച്ചവരാണ് ഇപ്പോള്‍ പ്രശംസയുമായി ഓടിനടക്കുന്നത്. കേസുകള്‍ വീതിച്ചുനല്‍കുന്നതിലെ തര്‍ക്കത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയതും കോണ്‍ഗ്രസ് ബിജെപിക്കെതിരായ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വലിച്ചിഴക്കുകയാണ് രാഹുലും സംഘവും ചെയ്തത്. ഏറ്റവുമൊടുവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ആര്‍എസ്എസ്സുകാരനാക്കി ചിത്രീകരിച്ച് ഇംപീച്ച്‌മെന്റ് നടപടിക്ക് പോലും പാര്‍ട്ടി തയ്യാറായി.

അതേ ചീഫ് ജസ്റ്റിസാണ് അസാധാരണമായ നടപടിയിലൂടെ അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസ്സിന്റെയും ഹര്‍ജി കേള്‍ക്കാന്‍ കഴിഞ്ഞ ദിവസം ബെഞ്ച് രൂപീകരിച്ചത്. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിക്ക് എതിരായ അടുത്ത വിധി വരുന്നത് വരെ ഇനി കോണ്‍ഗ്രസ്സിന് സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടാകും. 

കെ. സുജിത്ത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.