പ്രതിസന്ധികള്‍ തുണച്ചു; രോഷത്തില്‍ നിന്ന് തലയൂരി രാഹുലും വേണുഗോപാലും

Saturday 19 May 2018 2:40 am IST

ബെംഗളൂര്‍: തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക രാഷ്ട്രീയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ രക്ഷപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, കര്‍ണാടകയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ. കോണ്‍ഗ്രസിനെ തോല്‍വിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത് ഈ മൂന്ന് നേതാക്കളാണ്. പ്രതിസന്ധിയുണ്ടായതിനാല്‍ ഇവര്‍ പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും രോഷം ഏറ്റുവാങ്ങേണ്ടിവന്നില്ല.

കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ജി. പരമേശ്വര, കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ ഒരു പരിഗണനയും ഉണ്ടായിരുന്നില്ല. 

ഒരു വര്‍ഷം മുന്‍പാണ് രാഹുല്‍ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ച് കെ.സി.വേണുഗോലിനെ കര്‍ണാടകത്തിലേക്ക് അയച്ചത്. കൂട്ടായി പി.സി. വിഷ്ണുനാഥിനെയും. ജാതി, മതവികാരങ്ങള്‍ ഉയര്‍ത്തി വോട്ട് നേടാനുള്ള തന്ത്രമാണ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയത്. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ സംഘടിപ്പിക്കാന്‍ അഹിന്ദ് രൂപീകരിച്ചു. എസ്ഡിപിഐ, പിഡിപി സംഘടനകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കി. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇവരുടെ ആധിപത്യമായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ സോണിയയോട് പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രചാരണത്തിലും ഇവര്‍ക്കായിരുന്നു മേല്‍േക്കൈ. വേണുഗോപാലും സിദ്ധരാമയ്യയും എടുക്കുന്ന പല തീരുമാനങ്ങളെയും എതിര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. കെ.സി.നല്‍കിയ ഊതിപ്പെരുപ്പിച്ച ചിത്രത്തിലായിരുന്നു  രാഹുലിന്  വിശ്വാസം. 

കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതോടെ  നേതാക്കള്‍  പ്രതിഷേധിച്ചു.രോഷാകുലരായി.അതോടെ കെ.സി. വേണുഗോപാല്‍ ഫോണിന്റെ പരിധിക്ക് പുറത്തായി. മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സിദ്ധരാമയ്യ കോണ്‍ഗ്രസ് ഓഫീസില്‍ കഴിച്ചു കൂട്ടി. 

പല കോണ്‍ഗ്രസ് നേതാക്കളും തന്ത്രങ്ങള്‍ പിഴച്ചെന്ന് ആരോപിച്ചു. ഇത് കെ.സിക്കും സിദ്ധരാമയ്യയ്ക്കും എതിരെയുള്ള പ്രതിഷേധത്തിന്റെ ആദ്യ കനലുകളായിരുന്നു. വലിയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും ഉറപ്പായി. ഇതോടെ ഇവര്‍ പ്രാദേശിക നേതാക്കളെ കാണുന്നതും ഒഴിവാക്കി.എന്നാല്‍  വിവാദങ്ങളുണ്ടായതോടെ  പ്രതിഷേധത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടു. എന്നിട്ടും  പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സിദ്ധരാമയ്യയ്ക്കും കെ.സി. വേണുഗോപാലിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 

തെരഞ്ഞെടുപ്പിന് ശേഷം കെ.സി. വേണുഗോപാലിനെയും സിദ്ധരാമയ്യയെയും വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.  കാര്യങ്ങള്‍ സോണിയയുടെ കൈകളിലായി.  ഗുലാംനബി ആസാദ്, പിസിസി അദ്ധ്യക്ഷന്‍ ജി. പരമേശ്വര, മല്ലികാര്‍ജുന ഖര്‍ഗെ എന്നിവരെ ചുമതലപ്പെടുത്തി.  പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമ്പോള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ പൊട്ടിത്തെറിയാണ്. അത് ഏറ്റവും അധികം ബാധിക്കുക രാഹുല്‍ഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ മൂവര്‍ സംഘത്തെയാകും.

പിഎന്‍ സതീഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.