വീണ്ടും തിരിച്ചടിയേറ്റ് കോണ്‍ഗ്രസ്

Saturday 19 May 2018 2:46 am IST

ന്യൂദല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നിയമയുദ്ധത്തിന് വഴിമാറിയതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി സുപ്രീം കോടതി.  കോണ്‍ഗ്രസ്സിന്റെയും ജെഡിഎസ്സിന്റെയും ഹര്‍ജി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോള്‍ രാജ്യം ഉന്നത നീതിപീഠത്തിലേക്ക് ഉറ്റുനോക്കി. പ്രധാന ആവശ്യം നിരസിക്കപ്പെട്ടതോടെ ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടി നേരിടുന്നത്. 

ഗവര്‍ണറുടെ നടപടി  റദ്ദാക്കണമെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വര, ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചത് ചോദ്യം ചെയ്തു. ഗവര്‍ണര്‍ 15 ദിവസം നല്‍കിയതിനെയും സിംഗ്‌വി വിമര്‍ശിച്ചു. 

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കൈമാറി. പാര്‍ട്ടിയിലെയും മറ്റുള്ളവരുടെയും പിന്തുണയുണ്ടെന്ന് കത്തില്‍ യെദ്യൂരപ്പ അവകാശപ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ ആരൊക്കെയെന്നത് കത്തിലില്ല. പേരുകള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് റോത്തഗി ചൂണ്ടിക്കാട്ടി. ജനവിധി ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അനുകൂലമാണ്. മാറ്റത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. ഭയത്തിന്റെ അന്തരീക്ഷമുണ്ട്. എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നു. അവര്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. എംഎല്‍എമാര്‍ ഒപ്പിട്ടതായി കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സത്യമല്ല.

ആനന്ദ് സിംഗ് ഒപ്പിട്ടതായി അവര്‍ പറയുന്നു. എന്നാല്‍ അദ്ദേഹം ഒപ്പിട്ടിട്ടില്ല. നിരവധി എംഎല്‍എമാര്‍ ഒപ്പ് നല്‍കിയിട്ടില്ലെന്ന് അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. റോത്തഗി വിശദീകരിച്ചു. ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കത്ത് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന്  കുറച്ചുകൂടി സമയം അനുവധിക്കണമെന്ന് റോത്തഗി അഭ്യര്‍ഥിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി  പറഞ്ഞു. രഹസ്യ വോട്ടെടുപ്പ് വേണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ ആവശ്യവും ബെഞ്ച് തള്ളി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.