റഷ്യ കൊല്ലാന്‍ ശ്രമിച്ച വിവാദ ചാരന്‍ ആശുപത്രി വിട്ടു

Saturday 19 May 2018 3:01 am IST

ലണ്ടന്‍: ആഗോള നയതന്ത്ര രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ റഷ്യ-ബ്രിട്ടണ്‍ ചാരവിവാദത്തിലെ കുപ്രസിദ്ധ നായകന്‍ സെര്‍ജി സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. സെര്‍ജിയെ ബ്രിട്ടനില്‍ വെച്ചു  വധിക്കാന്‍ റഷ്യ രാസവാതകം പ്രയോഗിച്ചു എന്ന ആരോപണമാണ് കഴിഞ്ഞ കുറച്ചു കാലമായി വിവിധ രാജ്യങ്ങള്‍ക്കിടയ്ക്ക് നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചത്. 

ബ്രിട്ടനിലെ റഷ്യയുടെ ചാരനായിരുന്ന സെര്‍ജി പിന്നീട് ഡബിള്‍ ഏജന്റായി ബ്രിട്ടനെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചിരുന്നു. അറുപത്താറുകാരനായ സെര്‍ജിയെ റഷ്യ കുറ്റക്കാരനായി പ്രഖ്യാപിച്ചു. പിന്നീട് സെര്‍ജി ബ്രിട്ടനില്‍ അഭയം തേടി. മാര്‍ച്ച് നാലിനാണ് സെര്‍ജിയേയും മകള്‍ യുലിയയേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. 

റഷ്യയുടെ രഹസ്യാന്വേഷണ സംഘടനകള്‍ രാസവാതക പ്രയോഗത്തിലൂടെ സര്‍ജിയെ വധിക്കാന്‍ ശ്രമിച്ചതാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. ഇത് രാസായുധ പ്രയോഗമാണെന്നും ബ്രിട്ടനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ തന്നെ ആരോപിച്ചിരുന്നു. അമേരിക്കയും മറ്റു നാറ്റോ കക്ഷികളും ബ്രിട്ടനെ പിന്തുണച്ചു രംഗത്തെത്തി. ഇതോടെ ഇരു കക്ഷികളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു.

സെര്‍ജിയുടെ മകള്‍ യുലിയയാണ് ആദ്യം ആശുപത്രി വിട്ടത്. സെര്‍ജി ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്നു. ജീവന്‍ നഷ്ടപ്പെടുമോ എന്നു തന്നെ സാലിസ്ബറിയിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ സെര്‍ജി അതിയശയകരാമാം വണ്ണം അതിജീവിച്ചെന്നും ആശുപത്രി വിടാന്‍ പാകത്തിനു സുഖം പ്രാപിച്ചെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.