മത്സ്യകൃഷിക്കായി ഉള്‍നാടന്‍ ജലാശയങ്ങളെ ഫലപ്രദമായി ഉപയോഗിക്കും: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

Friday 18 May 2018 9:09 pm IST

 

ഇരിട്ടി: ഉള്‍നാടന്‍ ജലാശയങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിലൂടെ നിരവധിപേര്‍ക്ക് നല്ലരീതിയില്‍ വരുമാനം ലഭിക്കുന്ന തൊഴില്‍ മേഖല സൃഷ്ടിക്കുവാന്‍ കഴിയുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇരിട്ടി പെരുമ്പറമ്പ് കപ്പച്ചേരിയില്‍ പഴശ്ശി ജലാശയത്തില്‍ ഫിര്‍മയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യത്തെ അണക്കെട്ട് ജലാശയത്തിലെ മത്സ്യക്കൂട് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മലമ്പുഴയും പഴശ്ശിയുമായിരുന്നു ഇതിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ചിലരില്‍നിന്നുമുള്ള എതിര്‍പ്പുകള്‍ മൂലം മലമ്പുഴയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ സാധിച്ചില്ല. ഇവിടെ ഫിര്‍മ്മക്കൊപ്പം പ്രവര്‍ത്തിച്ച് പദ്ധതി വന്‍ വിജയമാക്കിത്തീര്‍ത്ത പഴശ്ശിരാജ പുരുഷ സ്വാശ്രയ സംഘം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. 

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. ഫിര്‍മ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ ആര്‍.സന്ധ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ശ്രീജ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി, വി.മോഹനന്‍, വി.കെ. പ്രേമരാജന്‍, വി.കെ.സുനീഷ്, കെ.കെ.സതീഷ്‌കുമാര്‍, കെ.ശ്രീധരന്‍, അഡ്വ.ബിനോയ്കുര്യന്‍, പി.സി.പോക്കര്‍, പായം ബാബുരാജ്, എം.പ്രതാപന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ചടങ്ങില്‍ പായം പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാന കര്‍മ്മവും മന്ത്രി മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. പായം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എന്‍. അശോകന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ണൂര്‍ എം.ശ്രീകണ്ഠന്‍ നന്ദിയും പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.