മലയോര നാടിന്റെ അഭിമാനമായി കൂടപ്പിറപ്പുകള്‍

Friday 18 May 2018 9:09 pm IST

 

ചെറുപുഴ: ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പഠിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ സഹോദരങ്ങള്‍ ഗ്രാമത്തിന്റെ ശ്രദ്ധ നേടുയാണ്. കൂലിപ്പണിക്കാരായ ബിജു രജനി ദമ്പതികളുടെ മക്കളാണ് ഈ സഹോദരങ്ങള്‍. നിര്‍ദ്ധന ചുറ്റുപാടുകളില്‍ നിന്നു പോലും ജീവിതത്തിന്റെ പ്രയാസമത്രയും, മറികടന്ന്, നിശ്ചയദാര്‍ഡ്യത്തിലൂടെ ഉന്നത വിജയം നേടിയിരിക്കുകയാണ് മഞ്ഞക്കാട് കല്ലംങ്കോട്ടെ പച്ചേരിയില്‍ ബിജു, രജനി ദമ്പതികളുടെ മക്കള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആര്യാ ബിജുവും, എസ്എസ്എല്‍സി വിദ്യാര്‍ത്ഥയായ അഭിജിത് ബിജുവും. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് കരസ്ഥമാക്കിയാണ് ഇവര്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ ബിജുവും ഭാര്യ രജനിയും, കൂലിപ്പണിയെടുത്താണ് മക്കളെ പഠിപ്പിക്കുന്നത്. നിര്‍ദ്ധന സാഹചര്യത്തിലുള്ള ഇവര്‍ക്ക് താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഇന്നും സ്വപ്‌നം മാത്രമാണ്. 7 സെന്റ് പുരയിടത്തില്‍ പ്ലാസ്റ്റിക്കുകള്‍ വലിച്ചുകെട്ടിയ വീടാണെങ്കിലും പഠന കാര്യത്തിലുള്ള ഇവരുടെ താത്പര്യത്തിനും, പരിശ്രമത്തിനും, അതൊന്നും, തടസ്സമായില്ല. ചെറുപ്പം മുതല്‍ തന്നെ പഠനത്തില്‍ ശ്രദ്ധ കാട്ടിയ ആര്യ എസ്എസ്എല്‍സിക്ക് 9 എപ്ലസ് നേടിയാണ് പാസ്സായതെങ്കിലും, 1200 ല്‍ 1148 മാര്‍ക്ക് വാങ്ങിയാണ് പ്ലസ് ടുവില്‍ മികച്ച വിജയം നേടിയത്. പ്രാപ്പൊയില്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി ഉന്നത പഠനം നടത്തണമെന്നാണ് ആര്യയുടെ ആഗ്രഹം. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഭിജിത് കൊമേഴ്‌സ് എടുത്ത് പ്ലസ് ടു പൂര്‍ത്തിയാക്കി സിഎക്ക് പഠിക്കണം എന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ചെറുപുഴ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ആലക്കോട് പഞ്ചായത്തിലെ 21ആം വാര്‍ഡില്‍പ്പെടുന്ന കല്ലങ്കോടാണ് ഇവരുടെ താമസം. ജീവിതത്തിന്റെ ചുവടുകളില്‍ പ്രയാസം നിറഞ്ഞ കാലഘട്ടം പിന്നിടാന്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികളായ തങ്ങള്‍ക്ക് സുമനസ്സുകള്‍ കൈത്താങ്ങാകും എന്നാണ് ഇരുടെ പ്രതീക്ഷ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.