ടാഗോര്‍ സ്‌കൂളില്‍ പ്രവേശനത്തിന് നറുക്കെടുപ്പ്: വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

Friday 18 May 2018 9:11 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിലെ പ്രവേശനത്തിന് നറുക്കെടുപ്പിലൂടെ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എല്ലാവര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടുന്ന ടാഗോര്‍ വിദ്യാനികേതന്‍ ജില്ലയിലെ തന്നെ ഏറെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍വിദ്യാലയത്തില്‍ പ്രവേശനം തേടിയെത്തുന്നവരില്‍നിന്നും നറിക്കെടുപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്.

അഞ്ചാം ക്ലാസിലേക്ക് ഇംഗ്ലീഷ്-മലയാളം മീഡിയങ്ങളിലേക്കായി അറുപത് വിദ്യാര്‍ത്ഥികള്‍ക്കും എട്ടാംക്ലാസിലേക്ക് മുപ്പതുപേര്‍ക്കുമാണ് പ്രവേശനം നല്‍കുക. കുട്ടികളുടെ പ്രവേശനത്തിനായി രക്ഷിതാക്കളുടെ തള്ളിക്കയറ്റമാണ് ഈ വിദ്യാലയത്തിലുണ്ടാകുന്നത്. 1974 മുതല്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തിയാണ് ഇവിടെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ രീതി ഡിപിഐയുടെ ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളില്‍നിന്നും അപേക്ഷ വാങ്ങി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. ഇത്തരത്തില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നറുക്കെടുപ്പ് നടത്തുന്നത്. 

21നാണ് നറുക്കെടുപ്പ് നടത്തുക. കലക്ടറുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശന പരീക്ഷ ഒഴിവാക്കിയതിനെതിരെ ഒരുവിദ്യാര്‍ത്ഥിയും സ്‌കൂള്‍ അലുമ്‌നി അസോസിയേഷനും നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടി ഒരുമാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയോ പ്രവേശന പരീക്ഷ നടത്തുകയോ ചെയ്യാതെ വിദ്യാര്‍ത്ഥികളെ നറുക്കിട്ടെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. 

ഇതിനെതിരെ വിവിധ വിദ്യര്‍ത്ഥി സംഘടനകളും നാട്ടുകാരും ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 21ന് രാവിലെ 11 മണിക്ക് നടക്കുന്ന പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വൈകുന്നേരം 5വരെ അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ നറുക്കെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അമ്പത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും നറുക്കെടുപ്പിന് എതിരാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.