ആലക്കോട്: കോണ്‍ക്രീറ്റ് കട്ടിള, ജനല്‍ നിര്‍മ്മാണ സ്ഥാപനത്തില്‍ മോഷണം നടത്തിയ നാടോടി വൃദ്ധന് പോലീസ് പിടിയിലായി. കോഴിക്കോട് സ്വദേശിയായ കൃഷ്ണ(65)നെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. ആലക്കോട് പാലത്തിന് സമിപത്തെ സെന്റ്മേരീസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ മാസം മോഷണം നടന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെ ഇതേ സ്ഥാപനത്തില്‍ കൃഷ്ണന് വീണ്ടും കയറി മോഷണം നടത്തുന്നതിനിടയില്‍ സ്ഥാപന ഉടമ കയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെ മോഷ്ടിച്ച സാധനങ്ങള്‍ തളിപ്പറമ്പിലെ ആക്രിക്കടയില്‍ വിറ്റു എന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. തളിപ്പറമ്പ് കോടതി ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: