കണ്ടെയ്‌നര്‍ ലോറി മേല്‍ക്കൂട് തകര്‍ത്ത് ഇരിട്ടി പാലത്തില്‍ കുടുങ്ങി

Friday 18 May 2018 9:12 pm IST

 

ഇരിട്ടി: ഭാരനിയന്ത്രണ നിര്‍ദേശം ലംഘിച്ച് കയറിയ കണ്ടെയ്‌നര്‍ ലോറി മേല്‍ക്കൂട് തകര്‍ത്ത് ഇരിട്ടി പാലത്തില്‍ കുടുങ്ങി. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം തലശേരികുടക് സംസ്ഥാനാന്തര പാതയില്‍ ഗതാഗത തടസം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതേ മൂക്കാലോടെയാണ് കൂറ്റന്‍ കണ്ടെയ്‌നര്‍ പാലത്തില്‍ കയറിയത്. ടൗണില്‍ നിന്ന് പാലത്തില്‍ കയറുന്ന കവാട ഭാഗത്ത് തന്നെ മേല്‍ക്കൂടിന്റെ ഭാഗമായുള്ള ഇരുമ്പു ഗര്‍ഡറുകള്‍ കണ്ടെയ്‌നറിന്റെ മുകള്‍ ഭാഗം ഉടക്കി കുടുങ്ങി. അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനാവാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ നിലയം അധികൃതരും ചേര്‍ന്ന് ലോറിയുടെ ടയറിന്റെ കാറ്റുകള്‍ അഴിച്ചു വിട്ട് ഉയര വിതാനം ക്രമീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് മേല്‍ക്കൂടിന്റെ ഭാഗം മുറിച്ചു നീക്കി. ലോറി പിന്നോട്ടു മാറ്റിയപ്പോള്‍ വീണ്ടും മേല്‍ക്കൂടിന്റെ ഇരുമ്പു ഗര്‍ഡറുകള്‍ ഉരഞ്ഞ് പൊട്ടുന്ന നിലയില്‍ വലിയ ഒച്ചയുണ്ടാവുകയും പാലം വല്ലാതെ കുലുങ്ങുകയും ചെയ്തത് ഭീതി പരത്തി. കാലപഴക്കത്തിന്റെ തകര്‍ച്ച നേരിടുന്ന ഇരിട്ടി പാലത്തില്‍ 12 ടണിലധികം ഭാരമുള്ള വാഹനം കടന്നു പോകരുതെന്ന് ഉത്തരവുള്ളതാണ്. ഇതുറപ്പാക്കാന്‍ ഇരു വശത്തും ഹോം ഗാര്‍ഡിനെയും നിയോഗിക്കുന്നതാണ്. പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചതോടെ പഴയ പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് ഗതാഗതം. അഞ്ചു ദിവസം മുന്‍പും സമാനമായ രീതിയില്‍ പാലത്തില്‍ ലോറി കുടുങ്ങിയിരുന്നു. അന്നും മേല്‍ക്കൂടു മുറിച്ച് മാറ്റുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.