കൊട്ടിയൂര്‍ : വിളക്കുതിരി സംഘം നാളെ പുറപ്പെടും

Friday 18 May 2018 9:13 pm IST

 

കൂത്തുപറമ്പ്: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനാവശ്യമായ വിളക്കുതിരികളുമായി വിളക്കുതിര സംഘം നാളെ പുറപ്പെടും. കൂത്തുപറമ്പ് പുറക്കളത്തെ ചിങ്ങന്‍ കൃഷ്ണനും സംഘവും വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന വിളക്കുതിരികളും കിള്ളിശിലയുമാണ് ഓംകാര ധ്വനികളോടെ നാളെ കൊട്ടിയൂരിലേക്ക് കൊണ്ടുപോകുക. 

ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനാവശ്യമായ വിളക്കുതിരികള്‍, കൂത്തിരി, കിള്ളിശില, തലപ്പാവ്, ഉത്തരീയം എന്നിവയുടെ നിര്‍മ്മാണം മണിയന്‍ ചെട്ടിയാന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പിനടുത്തുള്ള പുറക്കുളം, തിരൂര്‍കുന്ന് ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പ്രത്യേക മഠത്തില്‍നിന്നാണ് പൂര്‍ത്തീകരിച്ചത്. രേവതി നാളില്‍ വ്രതശുദ്ധിയോടെ മഠത്തില്‍ കയറിയ സംഘം കടുത്ത ആചാര നിഷ്ടയോടുകൂടിയാണ് വിളക്കുതിരികള്‍ തയ്യാറാക്കുന്നത്. 

ഒമ്പത് ദിവസമാണ് സംഘം മഠത്തില്‍ കഴിയുക. പൂയം നാളായ നാളെ കൊട്ടിയൂരിലേക്ക് പുറപ്പെടുന്ന സംഘം 22ന് പുലര്‍ച്ചയോടെ ഇക്കരെ കൊട്ടിയൂരിലെത്തി വിളിക്കുതിരികളും മറ്റും ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിക്കും. ക്ഷേത്ര ഊരാളന്‍മാരുടെ അടിയന്തിര യോഗം ചേര്‍ന്ന് വസ്തുവകകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതോടെയാണ് പ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് നടക്കുന്നത്. 

കഴിഞ്ഞ നാല്‍പത്തിയഞ്ച് വര്‍ഷമായി ചിങ്ങന്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് വിളക്കുതിരികള്‍ കൊണ്ടുപോകുന്ന്. സംഘത്തില്‍ പി.രാഘവന്‍, കെ.ഭാസ്‌കരന്‍, സി.പ്രകാശന്‍, കെ.പ്രേമരാജന്‍, കെ.പ്രതീപന്‍, കെ.രതീശന്‍ എന്നിവരുമുണ്ടാകും. നാളെ രാത്രി 9 മണിയോടെ തിരൂര്‍കുന്ന് ഗണപതി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷമാണ് സംഘം പുറപ്പെടുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.