അവസാന പ്രവൃത്തി ദിനത്തില്‍ ചീഫ് ജസ്റ്റിസിനൊപ്പം വാദം കേട്ട് ജ. ചെലമേശ്വര്‍

Saturday 19 May 2018 3:14 am IST

ന്യൂദല്‍ഹി:   സുപ്രീം കോടതിയില്‍  വിവാദ പത്രസമ്മേളനത്തിന് നേതൃത്വം നല്‍കിയ  ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം വാദം കേട്ടു.  അടുത്ത മാസം 22 നാണ് 65കാരനായ ജസ്റ്റിസ് ചെലമേശ്വര്‍ വിരമിക്കുന്നത്. കോടതിയിയല്‍ വേനലവധിക്കു മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. 

സുപ്രീം കോടതി നടപടി ക്രമമനുസരിച്ച് വിരമിക്കുന്ന അഭിഭാഷകന്‍ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം ചീഫ് ജസ്റ്റിസിനൊപ്പം ഒന്നാം നമ്പര്‍ കോടതിയില്‍ ചെലവഴിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇന്നലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ബഞ്ചില്‍ ചെലമേശ്വറും അംഗമായിരുന്നു. ചീഫ് ജസ്റ്റിനെതിരെ ആരോപണവുമായി ചെലമേശ്വറും മറ്റു മൂന്ന് അഭിഭാഷകരും  ജനുവരി 12 ന് സുപ്രീം കോടതിയ്ക്കു പുറത്ത് 'അസാധാരണ'മെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച  പത്രസമ്മേളനം നടത്തിയത്. 

സുപ്രധാന കേസുകള്‍ പകുത്തു നല്‍കുന്നതില്‍  ചീഫ് ജസ്റ്റിസ് പക്ഷപാതം കാട്ടുന്നുവെന്നായിരുന്നു ചെലമേശ്വറും  അഭിഭാഷകരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമുയര്‍ത്തിയ  മുഖ്യ ആരോപണം .സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിലും  ഇതേ ആരോപണമാണ് ഉന്നയിച്ചത്. 

സാധാരണ കേസുകള്‍ കുമിഞ്ഞെത്തുന്ന ഒന്നാം നമ്പര്‍ കോടതിയില്‍ ഇന്നലെ കേസ് പ്രസ്താവങ്ങളൊന്നും നടന്നില്ല. .ആകെ പതിനൊന്ന് എണ്ണമാണ് പട്ടികയിലുണ്ടായിരുന്നത്. ചെലമേശ്വറിന്റെ വിടവാങ്ങല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേസിനെത്തിയവരും അഭിഭാഷകരുമുള്‍പ്പെടെ വലിയൊരു ജനക്കൂട്ടം കോടതിയില്‍ തടിച്ചുകൂടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ദത്ത, പ്രശാന്ത് ഭൂഷണ്‍, ഗോപാല്‍ ശങ്കരനാരായണന്‍ തുടങ്ങിയവര്‍  ചടങ്ങില്‍ സംസാരിച്ചു. തൊഴുകൈയോടെയാണ് ജസ്റ്റിസ് ചെലമേശ്വര്‍ കോടതി മുറിയില്‍ നിന്നിറങ്ങിയത്. അതേസമയം ബാര്‍ അസോസിയേഷന്‍ ഒരുക്കിയ സ്വീകരണം അദ്ദേഹം നിരാകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.