കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ നാട്യങ്ങള്‍

Saturday 19 May 2018 3:24 am IST

സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച്, കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദ്യൂരപ്പ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടുകയാണ്. യെദ്യൂരപ്പ സംസ്ഥാനത്തിന്റെ ഭരണാധികാരിയായി അധികാരമേറ്റ നടപടി റദ്ദാക്കി തങ്ങള്‍ പിന്തുണയ്ക്കുന്ന എച്ച്.ഡി. കുമാരസ്വാമിയെ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജൂഭായ് വാല അനുവദിച്ച രണ്ടാഴ്ച സമയം വെട്ടിച്ചുരുക്കുക മാത്രമാണ് ചെയ്തത്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം  നിരസിച്ച കോടതി, ഇതിന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ ഇടപെട്ടതുമില്ല. ഇത്രത്തോളം കോണ്‍ഗ്രസ്സിന് തിരിച്ചടിതന്നെയാണ്. ബിജെപിയാവട്ടെ, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലുമാണ്.

അധികാരത്തോടുള്ള കോണ്‍ഗ്രസ്സിന്റെ ആര്‍ത്തി കുപ്രസിദ്ധമാണ്. ജനാധിപത്യം മറയാക്കി ഏതു വിധത്തിലും അധികാരം നേടാനും നിലനിര്‍ത്താനും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ചിട്ടുള്ള തന്ത്രങ്ങള്‍ ജനാധിപത്യബോധമുള്ളവരെയൊക്കെ ലജ്ജിപ്പിക്കുന്നതാണ്. കര്‍ണാടകയിലെ  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അധികാരത്തോടുള്ള ആ പാര്‍ട്ടിയുടെ ആര്‍ത്തിയാണ് വെളിപ്പെടുത്തുന്നത്. എന്തുവന്നാലും തങ്ങള്‍ക്ക് അധികാരത്തില്‍ തുടരാമെന്നാണ് കോണ്‍ഗ്രസ്സ്, പ്രത്യേകിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതിയിരുന്നത്. എന്നാല്‍ ജനവിധി നേരെ മറിച്ചായത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. കനത്ത പരാജയമാണ് ആ പാര്‍ട്ടി ഏറ്റുവാങ്ങിയത്. കഴിഞ്ഞതവണ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇക്കുറി നേടാനായത് 78 സീറ്റ്. എന്നാല്‍ ജനാധിപത്യത്തിന്റെ ഈ അനിവാര്യത ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ പിന്‍വാതിലിലൂടെ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപില്‍ 104 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയാണ്. ബിജെപി സംസ്ഥാനം ഭരിക്കണെമന്ന ജനവിധിയെ അംഗീകരിക്കാതെ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്‌സരിച്ച കോണ്‍ഗ്രസ്സും ജനതാദള്‍-എസ്സും സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത് ജനവിധിയെ അവഹേളിക്കലാണ്. കുതിരക്കച്ചവടത്തിന്റെ പേരുംപറഞ്ഞ് ജനപ്രതിനിധികളെ കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ച് കൊണ്ടുനടക്കുകയാണ് ഇരുപാര്‍ട്ടികളും. ഉറ്റ ബന്ധുക്കളോടുപോലും സംസാരിക്കാന്‍ അനുവദിക്കാതെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ നേതാക്കള്‍ക്ക് വിശ്വാസമില്ല. കോണ്‍ഗ്രസ്സാവട്ടെ, ഒരുപടികൂടി കടന്ന് സ്വന്തം എംഎല്‍എമാരില്‍നിന്ന് ഉറപ്പ് എഴുതി വാങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആരൊക്കെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്സിനും ജനതാദള്‍-എസിനും എത്തും പിടിയുമില്ല. ഇരുപാര്‍ട്ടികളുടെയും ചില എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വേണം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍. ഇതിനുള്ള സമയപരിധി സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് 30 ദിവസം വരെയാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്ന് ബൊമ്മൈ കേസില്‍ സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ഭാവത്തില്‍ കോടതിയെ ഭീഷണിപ്പെടുത്തിയും, ന്യായാധിപന്മാരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചും സ്ഥിതിഗതികള്‍ അനുകൂലമാക്കാനാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ രാഷ്ട്രീയപ്രേരിതമായി ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുകയും അത് നടക്കില്ലെന്നു വന്നപ്പോള്‍  പിന്മാറുകയും ചെയ്ത കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ കോടതി ഉത്തരവിന്റെ മഹത്വം വാഴ്ത്തുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് കണക്കുകൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനിരുന്ന കോണ്‍ഗ്രസ്സ് കളംമാറ്റി ചവിട്ടുന്നു. ഇത്തരം കാപട്യങ്ങള്‍ തുടരുന്ന കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.