വായു സൂര്യചന്ദ്രന്മാരെ ചലിപ്പിക്കുന്നു; ലയിപ്പിക്കുന്നു

Saturday 19 May 2018 3:47 am IST

ചൂതിലെ കൃതമെന്ന ആയത്തില്‍ മറ്റ് മൂന്ന് വശങ്ങളാകുന്ന ആയങ്ങളും ലയിക്കുന്നതുപോലെ എല്ലാം തന്നില്‍ ലയിപ്പിക്കുന്ന സ്വഭാവം വായുവിനുണ്ട്. എല്ലാം തന്നിലാക്കുന്ന സ്വഭാവത്തെ സംവര്‍ഗ്ഗം എന്നു പറയുന്നു. തീ കെടുമ്പോള്‍ വായുവില്‍ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ വായുവില്‍ ലയിക്കുന്നു. ചന്ദ്രന്‍ അസ്തമിക്കുമ്പോഴും വായുവില്‍ ലയിക്കുന്നു. വായുവാണ് അവയെ ചലിപ്പിക്കുന്നതും അസ്തമിപ്പിക്കുന്നതും. പ്രളയകാലത്ത് എല്ലാ ജ്യോതിയും അതിന്റെ മൂലകാരണമായ വായുവില്‍ ലയിക്കും.

വെള്ളം വറ്റുമ്പോള്‍ വായുവില്‍ത്തന്നെ ലയിക്കുന്ന വായു തന്നെയാണല്ലോ ഇവയെയെല്ലാം ഉള്‍ക്കൊള്ളുന്നത്. ഇത് ദേവതാവിഷയമായ സംവര്‍ഗ്ഗദര്‍ശനമാണ്. കരുത്തേറിയ അഗ്‌നി മുതലായവയെ തന്നില്‍ ലയിപ്പിക്കുന്നതിനാല്‍ സംവര്‍ഗ്ഗത്തോടുകൂടിയ വായുവിനെ ഉപാസിക്കണം.

ഇനി ആത്മവിഷയമായ ശരീരവുമായി ബന്ധപ്പെട്ട സംവര്‍ഗ്ഗത്തെ പറയുന്നു. ഉറങ്ങുന്നയാളുടെ വാഗിന്ദ്രിയം പ്രാണനില്‍ ലയിക്കുന്നു. ചക്ഷുരിന്ദ്രിയവും ശ്രോത്രേന്ദ്രിയവും മനസ്സും പ്രാണനില്‍ ലയിക്കുന്നു. പ്രാണന്‍തന്നെയാണ് ഇവയെയെല്ലാം ഉള്‍ക്കൊള്ളുന്നത്. ഇന്ദ്രിയങ്ങളേയും മനസ്സിനേയും അതില്‍ ലയിപ്പിക്കുന്നതിനാല്‍ മുഖ്യപ്രാണനെ സംവര്‍ഗ്ഗ ഗുണത്തോടെ ഉപാസിക്കണം. ദേവന്മാരില്‍ വായുവും വാക മുതലായ ഇന്ദ്രിയങ്ങളില്‍ പ്രാണനുമാണ് സംവര്‍ഗ്ഗഗുണമുള്ളവ. വായുവിനേയും പ്രാണനേയും സ്തുതിക്കാനായി ഒരു കഥയെ പറയുന്നു.

ഒരിക്കല്‍ ഒരു ഭക്ഷണശാലയില്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ കലിഗോത്രജനായ ശൗനകനോടും കക്ഷസേന പുത്രനായ അഭിപ്രതാരിയോടും ഒരു ബ്രഹ്മചാരി വന്ന് ഭിക്ഷ ചോദിച്ചു. അവര്‍ അയാള്‍ക്ക് ഭിക്ഷ കൊടുത്തില്ല. ബ്രഹ്മചാരികളുടെ  കൂട്ടത്തില്‍ താന്‍ വലിയ കേമനാണെന്ന് അയാള്‍ക്ക് തോന്നലുണ്ടെന്നറിഞ്ഞപ്പോഴാണ് ഭിക്ഷ കൊടുക്കാതിരുന്നത്. ഭിക്ഷ കൊടുത്തില്ലെങ്കില്‍ ഈ ബ്രഹ്മചാരി എന്തു പറയും എന്ന് അറിയുകയും വേണം. ഭിക്ഷ കിട്ടാതിരുന്ന അയാള്‍ പറഞ്ഞു- പ്രജാപതിയാകുന്ന ദേവന്‍ നാല് മഹാത്മാക്കളേയും ഗ്രസിച്ചു. ആ പ്രജാപതി ലോകങ്ങളുടെയെല്ലാം രക്ഷിതാവാകുന്നു. അധിദൈവതമായും അധ്യാത്മമായും അധിഭൂതമായും പല വിധത്തില്‍ വസിക്കുന്ന ആ പ്രജാപതിയെ അവിവേകികളായ ജനങ്ങള്‍ അറിയുന്നില്ല. ആര്‍ക്ക് വേണ്ടിയാണോ ഈ അന്നം ലക്ഷ്യമാക്കിയത് അയാള്‍ക്ക് ഈ അന്നം നല്‍കിയില്ല.

പ്രജാപതിതന്നെയാണ് പ്രാണനായി വാക് തുടങ്ങിയ ഇന്ദ്രിയങ്ങളെ തന്നില്‍ ലയിപ്പിക്കുന്നത്. ആ പ്രാണനുമായുള്ള ഐക്യം താന്‍ സാക്ഷാത്കരിച്ചിട്ടുണ്ടെന്നും അതിനാല്‍ തനിക്ക് അന്നം നല്‍കാതിരിക്കുന്നത് പ്രാണന് കൊടുക്കാത്തതിനു തുല്യമാണെന്നുമാണ് ബ്രഹ്മചാരി പറഞ്ഞത്. പ്രാണനു വേണ്ടിയാണ് നാം കഴിക്കുന്ന അന്നം. പ്രാണനെ ദേഹത്തില്‍ നിലനിര്‍ത്തുന്നത് അന്നം കഴിച്ചാണ്. 

ബ്രഹ്മചാരിയുടെ വാക്കുകള്‍ കേട്ട ശൗനകന്‍ ചിന്തിച്ച് അയാളോടു പറഞ്ഞു- അഗ്‌നി തുടങ്ങിയ ദേവന്മാരുടെ ആത്മാവും സ്ഥാവര ജംഗമങ്ങളായ പ്രജകളുടെ ജനയിതാവുമായ ആ ദേവന്‍ ഒരിക്കലും കേടുവരാത്ത ഹിരണ്‍മയങ്ങളായ ദന്തങ്ങളോടുകൂടിയവനും എല്ലാം തന്നില്‍ ഉള്‍ക്കൊള്ളുന്നവനും ബുദ്ധിമാനുമാണ്. അന്യരാല്‍ ഒരിക്കലും ഭക്ഷിക്കപ്പെടാതെ അഗ്‌നി, വാക്ക് മുതലായ അന്നമല്ലാത്തതിനെ ഭക്ഷിക്കുന്നതിനാല്‍ ആ പ്രജാപതിയുടെ മാഹാത്മ്യം അതിമഹത്താണെന്ന് ബ്രഹ്മജ്ഞാനികള്‍ പറയുന്നു. ഞങ്ങള്‍ ആ ദേവനെ എല്ലായിടത്തും ഉപാസിക്കുന്നു. ബ്രഹ്മചാരിയുടെ ആത്മജ്ഞാനത്തില്‍ സന്തുഷ്ടനായ ശൗനകന്‍ വിളമ്പുകാരോട് അദ്ദേഹത്തിന് ഭിക്ഷ കൊടുക്കുവാന്‍ പറയുന്നു.

സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയാത്ത പ്രജാപതി ഏതു വിധത്തിലാണ് അറിയേണ്ടതെന്ന് പറയുകയാണ് ഇവിടെ. പ്രജാപതി പ്രളയകാലത്ത് വായുവിന്റെ രൂപത്തില്‍ എല്ലാം ലയിപ്പിക്കുന്നു. കല്‍പ്പം തുടങ്ങുമ്പോള്‍ അവയെ ജനിപ്പിക്കുന്നു. അതുപോലെ സുഷുപ്തിയില്‍ പ്രാണന്റെ രൂപത്തില്‍ എല്ലാം തന്നില്‍ ലയിപ്പിക്കും. ഉണരുമ്പോള്‍ അവയെ പുറത്തുവിടും. അതിനാലാണ് പ്രജകളുടെ ജനയിതാവാണെന്ന് പറഞ്ഞത്. എല്ലാറ്റിനേയും ഗ്രസിക്കുന്നതിനാല്‍ ഒരിക്കലും ക്ഷീണിക്കുന്നില്ല എന്നത് 'ഹിരണ്യഭാഷ്ട' എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നു. പരമമായ ബ്രഹ്മത്തെയാണ് ഞങ്ങള്‍ ഉപാസിക്കുന്നത് എന്ന് പദം മുറിച്ച് ചിലര്‍ ഉപയോഗിക്കാറുണ്ട്.

ബ്രഹ്മചാരിക്ക് നന്നായി ഭിക്ഷ കൊടുത്തു. വായു മുതലായ അഞ്ചെണ്ണം വേറെ. പ്രാണന്‍ മുതലായ അഞ്ചെണ്ണം വേറെ. രണ്ടുംകൂടി പത്ത്. അപ്പോള്‍ കൃതമെന്ന അക്ഷം. അതിനാല്‍ പത്ത് ദിക്കുകളിലും കൃതമായ പത്ത് അന്നമാകുന്നു. അങ്ങനെയുള്ള വിരാട് അന്നാദിനിയാണ്. അതിനാലാണ് എല്ലാം കാണുന്നത്. ഇങ്ങനെ അറിയുന്നവന് എല്ലാം ദൃഷ്ടമാണ്. അവന്‍ അന്നാദനായിത്തീരും.

അധിദൈവതമായ വായുവും വായു ഗ്രസിച്ച അഗ്നി, സൂര്യന്‍, ചന്ദ്രന്‍, വെള്ളം എന്നീ അഞ്ചെണ്ണം അധ്യാത്മമായ പ്രാണനും പ്രാണന്‍ ഗ്രസിച്ച വാക്ക്, ചക്ഷുസ്സ്, ശ്രോത്, മനസ്സ് എന്നീ അഞ്ചും ചേര്‍ന്നാല്‍ കൃതമെന്ന ദ്യൂതത്തിന് തുല്യം 10. ചൂതിന്റെ നാല് വശങ്ങള്‍ കൃതം=4, ത്രേതാ=3, ദ്വാപരം=2, കലി=1. വിരാട് എന്ന ഛന്ദസ്സിലും 10 അക്ഷരം. അതിനാല്‍ ഇത് വിരാട് ആണ്. വിരാട് അന്നമാണെന്ന് ശ്രുതി പറയുന്നു. അത് അന്നാദവുമാണ്. ദേവതാദശകം അന്നവും അന്നാദവുമാണ്. വായുവിനേയും പ്രാണനേയും തന്റെ ആത്മാവായി സാക്ഷാത്കരിക്കുന്ന ഒരാള്‍ക്ക് ഈ ജഗത്ത് മുഴുവന്‍ അറിയപ്പെടാറായിത്തീരും. വായുവിനേയും അഗ്‌നിയേയും പോലെ അന്നാദനാവുകയും ചെയ്യും.

 9495746977

സ്വാമി അഭയാനന്ദ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.