മിന്നും ക്യാച്ച്; താരമായി ഡിവില്ലിയേഴ്‌സ്

Saturday 19 May 2018 3:50 am IST

ബെംഗളൂരു: സ്‌റ്റേഡിയത്തിന് പുറത്തേക്ക് മൂളിപ്പറന്ന പന്തിനെ ശരവേഗത്തിലുയര്‍ന്നുചാടി കൈപ്പിടിയിലൊതുക്കിയ എ.ബി. ഡിവില്ലേിയേഴ്സിന്റെ മാജിക്ക് ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒട്ടെറേപ്പേരാണ് ഈ മാന്ത്രികന്റെ ക്യാച്ചിനെ പ്രശംസിച്ച് ടീ്വറ്റ് ചെയ്തത്. ഡിവില്ലേിയേഴ്‌സിനെ സ്‌പൈഡര്‍മാനെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിശേഷിച്ചത്. അവിശ്വസനീയം, അമാനുഷികം എന്നിങ്ങനെ പല വിശേഷണങ്ങളും പലരും ട്വീറ്ററില്‍ കുറിച്ചു.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തിലാണ് ഡിവില്ലിയേഴ്‌സിന്റെ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച ത്രസിപ്പിക്കുന്ന ക്യാച്ച് പിറന്നത്. ഹൈദരാബാദിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ്, സ്പിന്നര്‍ മൊയിന്‍ അലിയുടെ പന്ത്  സ്‌റ്റേഡിയത്തിന് പുറത്തേക്ക് തൂക്കിയടിച്ചു. കളിക്കുന്നവരും കാണികളുമൊക്ക സിക്‌സറെന്നുറപ്പിച്ചു. പക്ഷെ സ്‌പൈഡര്‍മാനെപ്പോലെ വായുവില്‍ ഉയര്‍ന്നുചാടി ഡിവില്ലിയേഴ്‌സ് ഒറ്റക്കൈയില്‍ പന്തു പിടിച്ചെടുത്തു.

അത് സ്‌പൈഡര്‍മാന്റെ വൈഭവമാണ്. സാധാരണ മനുഷ്യര്‍ക്കൊന്നും അത്തരമൊരു ക്യാച്ചെടുക്കാനാവില്ല. സിക്‌സറാണെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ ഡിവില്ലിയേഴ്‌സ് അത് കൈപ്പിടിയിലൊതുക്കി. ഡിവില്ലിയേഴ്‌സിന് മാത്രമേ അത്ഭുതകരമായ ഇത്തരം കാര്യങ്ങള്‍ ചെയ്യനാകൂയെന്ന് വിരാട് കോഹ്‌ലി പറഞ്ഞു.

ഡിവില്ലിയേഴ്‌സ്‌ന്റെ കൂട്ടുകാരനും ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റ്‌സ്മാനുമായ ജോണ്ടി റോഡ്‌സ് അത്ഭുതകരമെന്നാണ് ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്.സ്‌പൈഡര്‍മാന്റെ ഗൗണ്‍ ധരിച്ച ഡിവില്ലിയേഴസ് പറന്ന് ക്യാച്ചെടുക്കന്ന ചിത്രം സഹിതമാണ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ബൗളര്‍ ആര്‍.പി. സിങ്ങ് ട്വിറ്ററില്‍ പോസ്റ്റിട്ടത്. അവിശ്വസനീയമെന്നാണ് ആര്‍.പി. സിങ്ങ് ക്യാച്ചിനെ വിശേഷിപ്പിച്ചത്.

ഡിവില്ലിയേഴ്‌സിന്റെ മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പതിനാല് റണ്‍സിന് തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഡിവേില്ലിയേഴ്‌സ് 39 പന്തില്‍ 69 റണ്‍സ് അടിച്ചെടുത്തതോടെ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ 218 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ഹൈദരാബാദിന് 204 റണ്‍സേ നേടാനായുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.