ഗോളടി വീരൻ

Saturday 19 May 2018 3:55 am IST

ലോക ഫുട്‌ബോളില്‍ മിന്നും താരങ്ങളായി വിലസിയവര്‍ നിരവധിയാണ്. പെലെ, സോക്രട്ടീസ്, മറഡോണ, ജസ്റ്റ് ഫൊണ്ടെയ്ന്‍, റൊമാരിയോ, ഗ്യാരി ലിനേക്കര്‍, തോമസ് മുള്ളര്‍, ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, ജസീഞ്ഞോ, വാവ, അഡ്മിയര്‍.... തുടങ്ങി നിരവധി താരങ്ങള്‍ ഫുട്‌ബോളിനെ തങ്ങളുടെ കാലിലിട്ട് അമ്മാനമാടി ചരിത്രത്തില്‍ ഇടംനേടിയവരാണ്. എന്നാല്‍ അവര്‍ക്കെല്ലാം മേലെയാണ് ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയാണ് ക്ലോസെക്ക് സ്വന്തമായത്. 4 ലോകകപ്പുകളിലെ 24 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകള്‍ നേടിയ മിറോസ്ലാവ് ബ്രസീലിന്റെ ഇതിഹാസ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായത്. 2002, 2006, 2010, 2014 ലോകകപ്പുകളില്‍ നിന്നായിരുന്നു ക്ലോസെയുടെ ഈ നേട്ടം. റൊണാള്‍ഡോ 19 കളികളില്‍നിന്ന് 15 ഗോളുകളാണ് നേടിയിട്ടുള്ളത്. 1994 മതല്‍ 2006 വരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ റൊണാള്‍ഡോ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നെങ്കിലും മൂന്ന് ലോകകപ്പുകളിലേ കളിച്ചിട്ടുള്ളൂ.  കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ആതിഥേയര്‍ക്കെതിരായ സെമിയില്‍ ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ നേടിയാണ് ക്ലോസ്സെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമാനായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനക്കെതിരായ കളിയില്‍ ഗോള്‍ നേടിയാണ് ക്ലോസെ റൊണാള്‍ഡോയ്‌ക്കൊപ്പമെത്തിയത്. 2002, 2006 ലോകകപ്പുകളില്‍ അഞ്ച് വീതവും 2004ല്‍ നാലും 2014ല്‍ രണ്ടും ഗോളുകളാണ് ക്ലോസെ നേടിയത്. 2002ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഹാട്രിക്കും ക്ലോസെ സ്വന്തം പേരില്‍ കുറിച്ചു.

1978 ജൂണ്‍ 9ന് പോളണ്ടിലെ ഒപോളെയിലാണ് ക്ലോസെയുടെ ജനനം. പിതാവ് ഫുട്‌ബോള്‍ താരവും മാതാവ് ഹാന്‍ഡ്‌ബോള്‍ താരവുമായിരുന്നു. പിന്നീട് ക്ലോസെ ജര്‍മ്മനിയിലേക്ക് കുടിയേറുകയായിരുന്നു. 2001-ല്‍ അന്നത്തെ പോളണ്ട് കോച്ച് ജെസ്സി എയ്ഞ്ചല്‍ ക്ലോസെയെ പോളണ്ട് ദേശീയ ടീമിലേക്ക് ക്ഷണിച്ചെങ്കിലും താരം ആ വാഗ്ദാനം നിരസിച്ചു. തനിക്ക് ജര്‍മ്മന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നും കാര്യങ്ങളെല്ലാം ഈ രീതിയിലാണ് പോകുന്നതെങ്കില്‍ റൂഡി വോളറുടെ ജര്‍മ്മന്‍ ടീമില്‍ കളിക്കാന്‍ കഴിയുമെന്നും ക്ലോസെ അദ്ദേഹത്തോട് പറഞ്ഞു. ഇത് ശരിയാവുകയും ചെയ്തു.

2001 മാര്‍ച്ച് 24ന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അല്‍ബേനിയക്കെതിരെയായിരുന്നു ക്ലോസെ ആദ്യമായി ജര്‍മ്മന്‍ ജേഴ്‌സിയണിഞ്ഞത്. 73-ാം മിനിറ്റില്‍ പകരക്കാരനായിട്ടായിരുന്നു അരങ്ങേറ്റം. 87-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ വിജയഗോളും നേടി അരങ്ങേറ്റം ക്ലോസെ ഉജ്ജ്വലമാക്കി. നാല് ദിവസത്തിനുശേഷം ഗ്രീസിനെതിരെ നടന്ന യോഗ്യതാ മത്സരത്തിലും ഗോളടിച്ചതോടെ ക്ലോസെ ജര്‍മ്മനിയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. അതിനുശേഷം ഇസ്രയേലിനെതിരെയും ആസ്ട്രിയക്കെതിരെയും നടന്ന രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഹാട്രിക്കുമായി കളം നിറഞ്ഞതോടെ ക്ലോസെ ജര്‍മ്മനിയുടെ സൂപ്പര്‍ സ്‌ട്രൈക്കറായി മാറുകയും ചെയ്തു. 2004ലെ യൂറോകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പകരക്കാരനായി ക്ലോസെ ബൂട്ടുകെട്ടിയത്. പരിക്കായിരുന്നു കാരണം. ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനും ക്ലോസ്സെക്ക് കഴിഞ്ഞില്ല.

 2006ലെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കോസ്റ്ററിക്കയ്‌ക്കെതിരെയും ഇക്വഡോറിനെതിരെയും രണ്ട് ഗോളുകള്‍ നേടി. അര്‍ജന്റീനക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലിന്റെ 80-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെ ജര്‍മ്മനിക്ക് സമനിലയും നേടിക്കൊടുത്തത് ക്ലോസെയാണ്. പിന്നീട് ഷൂട്ടൗട്ടില്‍ ജര്‍മ്മനി ജയിച്ച് സെമിയിലെത്തുകയും ചെയ്തു. സെമിയില്‍ ജര്‍മ്മനി ഇറ്റലിയോട് തോറ്റു. ലൂസേഴ്‌സ് ഫൈനലില്‍ പോര്‍ച്ചുഗലിനെ 3-1ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനവും നേടി. പിന്നീട് 2008ലെ യൂറോ, 2010ലെ ലോകകപ്പിലും ക്ലോസെ ജര്‍മ്മന്‍ നിരയില്‍ കളിച്ചു.  തുടര്‍ന്ന് 2014ലെ ലോകകപ്പില്‍ കിരീടം നേടിയശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തു. നാല് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടിയ ക്ലോസെ ഒരേ ദേശക്കാരനായ  സീലയുടെയും, ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെയും ഒപ്പമെത്തി. കൂടാതെ, ക്ലോസെ ഗോള്‍ അടിച്ചിട്ടുള്ള ഒരു കളിയിലും ജര്‍മ്മനി തോറ്റിട്ടുമില്ല.

ഇതിനിടെ ജര്‍മ്മനിയുടെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായി ക്ലോസെ മാറി. 2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 137 കളികളില്‍ നിന്ന് 71 ഗോളുകളാണ് ക്ലോസെ ജര്‍മ്മനിക്കായി അടിച്ചുകൂട്ടിയത്. ജര്‍മ്മന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരമായ ജെര്‍ഡ് മുള്ളറെ മറികടന്നാണ് ക്ലോസെ ഗോള്‍ വേട്ടക്കാരനായി മാറിയത്. 68 കളികളില്‍ നിന്ന് 62 ഗോളുകളായിരുന്നു മുള്ളര്‍ നേടിയത്. കൂടാതെ ജര്‍മ്മന്‍ ജേഴ്‌സി കൂടുതല്‍ തവണയണിഞ്ഞ രണ്ടാമത്തെ താരമായും ക്ലോസെ മാറി. ഇതിഹാസ നായകന്‍ ലോതര്‍ മാത്തേയൂസാണ് ജര്‍മ്മനിക്കായി കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരം.

ക്ലബ് ഫുട്‌ബോളിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്‌ട്രൈക്കറാണ് ക്ലോസെ. എഫ്‌സി ഹാംബര്‍ഗിലൂടെ കളി തുടങ്ങിയ ക്ലോസെ പിന്നീട് എഫ്‌സി കെയ്‌സര്‍സ്ലാറ്റേണ്‍, വെര്‍ഡര്‍ ബ്രമന്‍, ബയേണ്‍മ്യൂണിക്ക്, ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ എന്നിവയ്ക്കുവേണ്ടിയും പന്തുതട്ടി. 2015-16ല്‍ ലാസിയോയില്‍ നിന്നാണ് ക്ലബ്ബ് ഫുട്‌ബോളിനോടും ക്ലോസെ വിടപറഞ്ഞത്. ഈ കാലയളവില്‍ വിവിധ ക്ലബ്ബുകള്‍ക്കായി 599 മത്സരങ്ങളില്‍ നിന്ന് 231 ഗോളുകളും താരം അടിച്ചുകൂട്ടി.

നിരവധി ബഹുമതികളും ക്ലോസെയെ തേടിയെത്തി. 2006ലെ ലോകകപ്പില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകവും 2002ലെ ലോകകപ്പിലെ രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള വെള്ളി പാദുകവും ക്ലോസെക്കായിരുന്നു. 2006ലെ ജര്‍മ്മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, 2005-06ലെ ബുന്ദസ് ലീഗ ടോപ്‌സ്‌കോറര്‍,  2007-08ലെ ജര്‍മ്മന്‍ ലീഗ് കപ്പിലെ ടോപ്‌സ്‌കോറര്‍ എന്നീ ബഹുമതികളും ഇൗ വിഖ്യാത സ്‌ട്രൈക്കര്‍ സ്വന്തമാക്കി. 2002, 2006 വര്‍ഷങ്ങളിലെ ഫിഫ ലോകകപ്പ് ഒാള്‍ സ്റ്റാര്‍ ടീമിലും ക്ലോസെയുണ്ടായിരുന്നു.

വിനോദ് ദാമോദരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.