ടെക്‌സസിനു പിന്നാലെ ജോര്‍ജിയയിലെ സ്‌കൂളിലും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

Saturday 19 May 2018 10:10 am IST
മൗണ്ട് സിയോന്‍ ഹൈസ്‌കൂളിന്റെ പാര്‍ക്കിംഗ് ഏരിയയിലാണു വെടിവയ്പ് നടന്നത്. ബിരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം പിരിഞ്ഞുപോയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ക്ലേറ്റണ്‍ കൗണ്ടി സ്‌കൂള്‍സ് സേഫ്റ്റി മേധാവി തോമസ് ട്രാവിക് അറിയിച്ചു.

ജോര്‍ജിയ: ടെക്‌സസിനു പിന്നാലെ ജോര്‍ജിയയിലും വെടിവയ്പ്. സൗത്ത് അറ്റ്‌ലാന്റയിലെ ക്ലേറ്റണ്‍ കൗണ്ടിയിലെ സ്‌കൂളില്‍ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൗണ്ട് സിയോന്‍ ഹൈസ്‌കൂളിന്റെ പാര്‍ക്കിംഗ് ഏരിയയിലാണു വെടിവയ്പ് നടന്നത്. ബിരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം പിരിഞ്ഞുപോയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ക്ലേറ്റണ്‍ കൗണ്ടി സ്‌കൂള്‍സ് സേഫ്റ്റി മേധാവി തോമസ് ട്രാവിക് അറിയിച്ചു. 40 വയസ് പ്രായമുള്ള സ്ത്രീയാണു കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഗര്‍ഭിണിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ടെക്‌സസിലെ സ്‌കൂളില്‍ എട്ടു പേര്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ജോര്‍ജിയയിലും വെടിവയ്പ് നടന്നത്. ടെക്‌സസിലെ സാന്റ ഫേ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം വെടിവയ്പുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളാണ്. വെടിവയ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

എട്ടു ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന നാലാമത് സ്‌കൂള്‍ വെടിവയ്പ് സംഭവമാണ് ജോര്‍ജിയയിലേത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.