പ്രധാനമന്ത്രി ജമ്മു കശ്മീരില്‍; താഴ്വരയില് കനത്ത സുരക്ഷ, റെഡ് അലര്‍ട്ട്
ശ്രീനഗര്‍: ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. ലേയില്‍ എത്തിയതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മൂന്നിടങ്ങളിലാണ് ശനിയാഴ്ച മോദി സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ കശ്മീര്‍ താഴ് വരയിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം കാര്‍ഗിലിലെ സോജില ടണല്‍ നിര്‍മാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. തുടര്‍ന്ന് ലേ ടൗണില്‍ ലഡാക്കി ആത്മീയ നേതാവ് കുശക് ബകുളയുടെ 100-ാം ജന്മദിന ആഘോഷങ്ങളിലും മോദി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മു കശ്മീരില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള എല്ലാ പോയിന്റുകളും സുരക്ഷാ സേന അടച്ചിരിക്കുകയാണ്. വാഹനങ്ങള്‍ എല്ലാം കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡുകളില്‍ ബാരിക്കേഡുകളും മൊബൈല്‍ ബങ്കറുകളും ഉയര്‍ത്തി. പോലീസിനും സിആര്‍പിഎഫിനുമാണ് സുരക്ഷയുടെ ചുമതല.
റംസാനോട് അനുബന്ധിച്ച് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു മോദിയുടെ കശ്മീര്‍ സന്ദര്‍ശനം. റംസാന് മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അതേസമയം, സൈനികര്‍ക്കു നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ആഭ്യന്തരന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഭീകരരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതായും ഇവര്‍ ലോണ്ടി, ബോബിയാന്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് മേഖലകളില്‍ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.