തേക്കിന്‍കാട് വടക്കുംനാഥന്റെ മൈതാനം

Sunday 20 May 2018 2:50 am IST
പാലക്കാട് എന്നതൊരു കാടല്ലാത്തതുപോലെ എറണാകുളം കുളവുമല്ല, ആലപ്പുഴ പുഴയുമല്ല. വടക്കുന്നാഥന്റെ സങ്കേതമായ 'തേക്കിന്‍കാട്' പക്ഷേ അങ്ങനെയാവണമെന്ന് പലരും ശഠിക്കുന്നു. നൂറ്റാണ്ടുകളായി ഈ മൈതാനം നിയമപരമായും സാംസ്‌കാരികമായും ആത്മീയമായും വടക്കുന്നാഥന്റെ മൈതാനമാണെന്ന സത്യംമൂടിവയ്ക്കപ്പെടുകയാണ്‌

കേരളത്തിന്റെ സാംസ്‌കാരിക ഭൂമിക വടക്കുന്നാഥനെയാണ് പ്രദക്ഷിണം വയ്ക്കുന്നത്. തൃശൂരിന്റെ ഓരോ തരി മണ്ണിലും ശിവപഞ്ചാക്ഷരി മുഖരിതമാണ്. സാംസ്‌കാരിക തലസ്ഥാനത്തെ നന്മകൊണ്ട് നിറയ്ക്കുന്നതും ജ്ഞാനപ്രവാഹത്തിലൂടെ നയിക്കുന്നതും വടക്കുന്നാഥനാണ്. കേരളം ലോകത്തിന് മുന്‍പില്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നതും വടക്കുന്നാഥനും തൃശൂര്‍പൂരവുമാണ്. പരിസരഗ്രാമങ്ങളെല്ലാം ചരിത്രപരമായും സാംസ്‌കാരികമായും ആത്മീയമായും വടക്കുന്നാഥനുമായി ബന്ധപ്പെട്ടതാണ്. 

കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, ആദ്ധ്യാത്മിക തലങ്ങളെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള വടക്കുന്നാഥന്‍ തൃശൂരില്‍ മാത്രമല്ല, കേരളീയ ജനജീവിതത്തില്‍പോലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇക്കാരണങ്ങള്‍കൊണ്ടാണ് ലോക പൈതൃകപ്പട്ടികയില്‍ വടക്കുന്നാഥന് ഇടം കിട്ടിയത്. ലോകോത്തര കലയായി യുനെസ്‌കോ വിശേഷിപ്പിച്ച കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും പ്രയോഗത്തിനും പ്രശസ്തിക്കും  വടക്കുന്നാഥന്റെ കൂത്തമ്പലമാണ് ഇടം നല്‍കിയിരുന്നത്. ഒരു നാടിനെ ഇല്ലാതാക്കണമെങ്കില്‍ അതിന്റെ സംസ്‌കാരവും ആചാരങ്ങളും കലാരൂപങ്ങളും അവമതിക്കപ്പെടണം. അധിനിവേശ ശക്തികളുടെ അജണ്ട നടപ്പിലാക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ചരിത്രത്തിലും സമീപകാലങ്ങളിലും വടക്കുന്നാഥന്റെ മണ്ണില്‍ അരങ്ങേറുകയുണ്ടായി.

1789 ഡിസംബര്‍ 14

തൃശൂര്‍ നഗരം ടിപ്പു സുല്‍ത്താന്റെ അധീനതയിലായി. 30,000 കാലാള്‍പ്പടയും 5000 കുതിരപ്പടയും 20 പീരങ്കികളുമായി കോയമ്പത്തൂരില്‍ നിന്നും പാലക്കാട് വഴിയെത്തിയ ടിപ്പു കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തൃശൂരിലെത്തിയത്. ഒരുമാസത്തോളം തൃശൂരില്‍ തമ്പടിച്ച ടിപ്പു സൈന്യത്തെ പാര്‍പ്പിച്ചത് വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള  പറമ്പിലും കൊട്ടാര വളപ്പിലുമായിരുന്നു. ടിപ്പുവിന്റെ അതിക്രമങ്ങളെക്കുറിച്ച് കെ.പി. പദ്മനാഭമേനോന്റെ 'കൊച്ചി രാജ്യചരിത്ര'ത്തില്‍ വിവരിക്കുന്നതിങ്ങനെയാണ്: ''ടിപ്പു തൃശ്ശിവപേരൂര്‍ എത്തിയ ഉടനെ ഒരു അധികാരിയെ നിശ്ചയിച്ച് കച്ചേരിയും ഏര്‍പ്പെടുത്തി. അയാള്‍ ശ്രീമൂലസ്ഥാനത്തിരുന്നു കാര്യം നടത്തിയിരുന്നു. വടക്കുന്നാഥ ക്ഷേത്രം, ബ്രഹ്മസ്വം മഠം, സ്വാമിയാര്‍ മഠങ്ങള്‍ മുതലായവ കൊള്ളയടിക്കുകയും അശുദ്ധപ്പെടുത്തുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ വച്ച് ഗോഹിംസ ചെയ്ത് പശുക്കളുടെ ശവം വലിച്ച് ചിറകളിലിട്ട് അശുദ്ധപ്പെടുത്തുകയും ചെയ്തു.'' ടിപ്പുവിന്റെ കാലഘട്ടത്തിനുശേഷവും അതിക്രമങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ പലരൂപത്തില്‍ നടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഈ അടുത്തകാലത്ത് സംഭവിച്ചത്.   

2018 ഏപ്രില്‍ 14

മതതീവ്രവാദി അബ്ദുള്‍ നാസര്‍ മദനിക്കുവേണ്ടി അനുയായികള്‍ ഒരു വന്‍ റാലി തൃശൂരില്‍ സംഘടിപ്പിച്ചു. മദനി രൂപീകരിച്ച പിഡിപിയുടെ രജതജൂബിലി ആഘോഷത്തിന്റെ പേരിലായിരുന്നു ഇത്. ആദ്യം വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ റാലിയും സമ്മേളനവും നടത്തുവാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടു. തുടര്‍ന്ന് ക്ഷേത്രമൈതാനിയില്‍ തടിച്ചുകൂടിയ അനുയായികള്‍ അവിടെയിരുന്നു ഗോമാംസമുള്‍പ്പെടെ പരസ്യമായി കഴിക്കുകയായിരുന്നു. ഇതൊരു ചെറിയ സംഭവമല്ല. വടക്കുന്നാഥ സങ്കേതത്തില്‍ അധിനിവേശത്തിനായുള്ള ശ്രമങ്ങളുടെ വ്യക്തമായ സൂചനയായിരുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരശുരാമനാല്‍ പ്രതിഷ്ഠിതമായ ആദ്യ ശിവാലയമെന്ന ഐതിഹ്യപെരുമയ്ക്കപ്പുറം ശ്രീശങ്കരാചാര്യരുടെ കാലഘട്ടം മുതലുള്ള ചരിത്രരേഖകളും വടക്കുന്നാഥ ക്ഷേത്രത്തിന്റെ പഴമയെ സാക്ഷ്യപ്പെടുത്തുന്നു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ കാലനിര്‍ണ്ണയം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ശങ്കരാചാര്യരുടെ കാലഘട്ടം മുതലുള്ളത് ഏവരും അംഗീകരിക്കുന്നു. പ്രാചീന സാഹിത്യവും പുരാലിഖിതങ്ങളുമാണ് കാലനിര്‍ണ്ണയത്തെ സഹായിക്കുന്നത്. 

ശക്തന്റെ തട്ടകം

വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇന്നത്തെ രീതിയിലുള്ള ക്രമീകരണങ്ങളും ആഘോഷങ്ങളുമുണ്ടാക്കിയത് ശക്തന്‍ തമ്പുരാനായിരുന്നു. ക്ഷേത്രഭരണം രാജഭരണത്തിന്റെ അംഗീകാരവും പ്രൗഢിയുംകൂടിയായിരുന്നു. ഒമ്പതാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ ക്ഷേത്രങ്ങള്‍ക്ക് ധനപരമായും ഭരണപരമായും മേധാവിത്വമുണ്ടായിരുന്നു. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയും കൊച്ചിയില്‍ ശക്തന്‍ തമ്പുരാനുമായിരുന്നു ക്ഷേത്രങ്ങളിലെ യോഗാതിരി വാഴ്ചയ്ക്ക് അന്ത്യം കുറിച്ചത്. കൊച്ചി രാജ്യത്ത് പെരുവനം, വടക്കുന്നാഥ ക്ഷേത്രങ്ങളില്‍ യോഗാതിരിവാഴ്ച അവസാനിപ്പിച്ച് വരവുചെലവ് കണക്കുകള്‍ രാജാവിനെ ബോധിപ്പിക്കണമെന്ന് തീട്ടൂരമിറക്കിയത് ശക്തന്‍ തമ്പുരാനായിരുന്നു. 

അക്കാലത്ത് വടക്കുന്നാഥന്റെ നാലുവശത്തും നിബിഡമായ തേക്കിന്‍കാടായിരുന്നു. ഇത് ഭക്തജനങ്ങളില്‍ ഭയവും ബുദ്ധിമുട്ടുമുണ്ടാക്കിയിരുന്നു. ഈ കാടൊക്കെ വെട്ടിത്തെളിച്ച് ക്ഷേത്രത്തിനു ചുറ്റും വിസ്താരമുള്ള പ്രദക്ഷിണവഴി ഉണ്ടാക്കണമെന്ന് ശക്തന്‍ തമ്പുരാന്‍ തീരുമാനിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു.

ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്ന ലെഫ്റ്റനന്റ് വാര്‍ഡും കോണറും 1816 മുതല്‍ 1820 വരെയുള്ള കാലഘട്ടത്തില്‍ തൃശൂര്‍ സന്ദര്‍ശിച്ച് സര്‍വ്വേ റിപ്പോര്‍ട്ടും തൃശൂരിന്റെ ഭൂപടവും തയ്യാറാക്കുകയുണ്ടായി. തൃശൂര്‍ അന്ന് വലിയ കമ്പോളമായിരുന്നില്ലെന്നും വടക്കുന്നാഥന്‍ ക്ഷേത്രവും വേദസര്‍വകലാശാലയും ബ്രഹ്മസ്വം മഠവും ഒരു പള്ളിയും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തന്‍ തമ്പുരാന്‍ തേക്കിന്‍കാട് വെട്ടിത്തെളിച്ച് പ്രദക്ഷിണവഴി ഉണ്ടാക്കിയതിനുശേഷമായിരുന്നു ഇവര്‍ തൃശൂരിന്റെ സര്‍വ്വെ തയ്യാറാക്കുന്നത്. അതില്‍ ക്ഷേത്രമൈതാനമെന്നാണ് പ്രതിപാദിച്ചിട്ടുള്ളത്. 

വെട്ടിനിരത്തിയ തേക്കിന്‍കാട്

വടക്കുന്നാഥ ക്ഷേത്രഭൂമിയെ തേക്കിന്‍കാട് മൈതാനം എന്ന് മനഃപൂര്‍വ്വം വിളിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് ശക്തന്‍ തമ്പുരാന്‍ വെട്ടിത്തെളിച്ചത് ക്ഷേത്രപ്രദക്ഷിണവഴി വൃത്തിയും ശുചിയുമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'മഹച്ചരിതമാല-മാര്‍ത്താണ്ഡവര്‍മ്മ, പഴശ്ശിരാജ, ശക്തന്‍ തമ്പുരാന്‍' എന്ന പുസ്തകത്തില്‍  തേക്കിന്‍കാട് വെട്ടിത്തെളിക്കുന്ന സമയത്ത് പാറമേക്കാവ് വെളിച്ചപ്പാട് തുള്ളിവന്ന് ഇത് തന്റെ അച്ഛന്റെ ജടയാണെന്നും, വെട്ടിത്തെളിക്കാന്‍ അനുവദിക്കില്ലായെന്നും പറയുന്നുണ്ട്. അപ്പോള്‍ തമ്പുരാന്‍, താനിതൊക്കെ വെട്ടിത്തെളിച്ച് ഇവിടെയൊക്കെ വെടിപ്പും വൃത്തിയും വരുത്തിത്തീര്‍ക്കുവാനാണൊരുങ്ങുന്നത്. അനാവശ്യം ഒന്നും പറയാതെ പൊയ്‌ക്കോ. ടിപ്പു സുല്‍ത്താന്‍ വന്ന് ക്ഷേത്രത്തില്‍ കടന്ന് വടക്കുന്നാഥന്റെ ബിംബം ഇളക്കിപ്പറിച്ച് കളഞ്ഞപ്പോള്‍ നീയും നിന്റെ അച്ഛനും എവിടെയായിരുന്നുവെന്നും ക്രുദ്ധനായി തമ്പുരാന്‍ ചോദിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളെയും ബ്രാഹ്മണമേധാവിത്വത്തെയും ശക്തന്‍ അംഗീകരിച്ചിരുന്നില്ലല്ലോ.

കുറച്ച് ദിവസം കഴിഞ്ഞ് തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ വെളിച്ചപ്പാടിന്റെ മരണംസംബന്ധിച്ച് ചിറ്റമ്മത്തമ്പുരാട്ടിയുടെ സംശയത്തിന് മറുപടിയായി തമ്പുരാന്‍ പറയുന്നത് ''ദൈവവിരോധമായി ഒന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് പ്രദക്ഷിണവഴി ഉണ്ടാക്കിയതിന് ഈശ്വര പ്രസാദമേയുണ്ടാകൂ'' എന്നാണ്. തൃശൂര്‍ പൂരം ആരംഭിച്ചത് ശക്തന്‍ തമ്പുരാനാണ്. ക്ഷേത്രത്തിന്റെയും നാടിന്റെയും ഉയര്‍ച്ചയാണ് ലക്ഷ്യമിട്ടത്. വടക്കുംനാഥന്റെ മൈതാനം 'തേക്കിന്‍കാട് മൈതാനം' ആണെന്ന് ആരും കരുതിയിരുന്നില്ല. ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിതന്നെയാണിത്.

പൗരാണികതയും ചരിത്രവും സംസ്‌കാരവും കലയും ഇഴപിരിഞ്ഞ് കിടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ വെറും തേക്കിന്‍കാടാക്കി മാറ്റി മതേതരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ സജീവമാണ്. വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയില്‍ ഇടക്കാലത്താണ് പാര്‍ക്കും മറ്റും സ്ഥാപിതമായത്. പൂരം നടക്കുന്നതും തെക്കോട്ടിറങ്ങുന്നതുമെല്ലാം ക്ഷേത്രപ്രദക്ഷിണ ഭൂമിയില്‍ തന്നെയാണ്. ഇന്ന് സാധാരണ ക്ലബ്ബുകള്‍ മുതല്‍ ദേശവിരുദ്ധ സംഘടിതശക്തികള്‍ വരെ ക്ഷേത്രഭൂമി വിവിധ ആവശ്യങ്ങള്‍ക്ക് വിട്ട് നല്‍കണമെന്നാവശ്യപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം പുറകില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്.

ഒരു മഹാക്ഷേത്രത്തെ പ്രദക്ഷിണം വച്ച് മുന്നോട്ടുപോകുന്ന നഗരം തൃശൂരിനെപ്പോലെ രാജ്യത്ത് വേറെയുണ്ടോയെന്ന് സംശയമാണ്. വടക്കുന്നാഥനെ കേന്ദ്രീകരിച്ച് തൃശൂര്‍ നഗരം വികസിക്കുന്നത് ഇല്ലാതാക്കുവാനും, വടക്കുന്നാഥന്റെ പ്രഭാവത്തെ നശിപ്പിക്കാനുമുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തൃശൂര്‍ നഗരഹൃദയത്തെ മറ്റൊരിടത്തേക്ക് പറിച്ച് നടുവാനും നീക്കമുണ്ട്. 

കോടതി വിധികള്‍ പറയുന്നത്

ഏതാണ്ട് 61.34 ഏക്കര്‍ വരുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനം സംരക്ഷിക്കുന്നതിന് നിരവധി കോടതി വിധികളുണ്ടായിട്ടുണ്ട്. ക്ഷേത്രമൈതാനം വാണിജ്യ വത്കരിക്കാന്‍ ശ്രമിക്കുകയും, കോര്‍പ്പറേഷനും ചില കച്ചവടസ്ഥാപനങ്ങളും മാലിന്യം കൊണ്ടുവന്ന് തള്ളുകയും ചെയ്യുന്നതിനെതിരെ ഓംബുഡ്‌സ്മാനും ഹൈക്കോടതിയും നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്ഷേത്രമൈതാനം എല്ലാ പരിശുദ്ധിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും സംരക്ഷിക്കണമെന്ന് ഹൈക്കോടതി വിധിച്ചിട്ടുള്ളതാണ്. ഈ വിധികളെല്ലാം അവഗണിച്ച് സൗന്ദര്യവത്കരണത്തിന്റെ മറവില്‍ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ ദേവസ്വം ബോര്‍ഡും കോര്‍പ്പറേഷനും ശ്രമിച്ചെങ്കിലും ഇതെല്ലാം തടഞ്ഞ് ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. 

ക്ഷേത്രമൈതാനം തൃശൂര്‍ പൂരത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും, ആഘോഷവേളകളില്‍ മാത്രമേ നിയന്ത്രിത കച്ചവടത്തിന് അനുമതി നല്‍കാവൂ എന്നും, യാതൊരു കാരണവശാലും പാട്ടത്തിനോ ലൈസന്‍സിനോ അപ്രകാരമുള്ള സംഗതികള്‍ക്ക് നല്‍കരുതെന്നും ക്ഷേത്രസ്വത്തായിത്തന്നെ കാത്തുസൂക്ഷിക്കണമെന്നും  1990 മാര്‍ച്ച് 16-ലെ വിധിയില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുന്നുണ്ട്. മൈതാനത്ത് യാതൊരു കാരണവശാലും സ്ഥിരമായതോ താത്കാലികമായതോ ആയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. 

1998-ല്‍ ക്ഷേത്രമൈതാനത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്തൂപം നിര്‍മ്മിക്കുന്നതിനുള്ള ദേവസ്വം ബോര്‍ഡിന്റെ അപേക്ഷയും ഹൈക്കോടതി തള്ളി. ദേവസ്വം ബോര്‍ഡിന് ട്രസ്റ്റി എന്ന അവകാശം മാത്രമേയുള്ളൂവെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ഭാവിയില്‍ ഇതുപോലുള്ള ആവശ്യങ്ങള്‍ ഉയരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 

മുന്‍ കോടതി ഉത്തരവുകള്‍ മറികടക്കുകെയന്ന ലക്ഷ്യത്തോടെ ക്ഷേത്രമൈതാനം കച്ചവടാവശ്യങ്ങള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ നടത്താനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ്, ദേവസ്വം ഓംബുഡ്‌സ്മാനെ സമീപിച്ചു. ഓംബുഡ്‌സ്മാന്‍ ബോര്‍ഡിന്റെ ആവശ്യം ഹൈക്കോടതിയുടെ മുമ്പില്‍ ബോധിപ്പിച്ചെങ്കിലും 2011 ജൂണിലെ ഉത്തരവും, ഈ ഉത്തരവ് അന്തിമമാക്കിയ 2013 ജൂലൈയിലെ ഉത്തരവും  നിര്‍ബന്ധമായും പാലിക്കണമെന്നും, ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ നടപടികള്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും 2013 സപ്തംബറില്‍ ഹൈക്കോടതി വിധിച്ചു. 

ഈ കോടതിവിധികളെല്ലാം നിലനില്‍ക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ദേവസ്വം ബോര്‍ഡും കോര്‍പ്പറേഷനും മറ്റ് തല്‍പരകക്ഷികളും ക്ഷേത്രമൈതാനം കൈയേറാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റ് പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും, ക്ഷേത്രത്തിന്റെ പരിപാവനത നശിപ്പിക്കുവാനും നീക്കങ്ങള്‍ നടത്തുന്നുണ്ട്. ക്ഷേത്ര വിശ്വാസികളുടെ നിതാന്തജാഗ്രതമൂലമാണ് ഇത്തരം നീക്കങ്ങള്‍ നീതിപീഠത്തിന്റെ സഹായത്തോടെ പരാജയപ്പെടുത്തുവാനാകുന്നത്. 

                                 ശിവപുരം, ശിവപേരൂര്‍ തൃശ്ശിവപേരൂര്‍

തൃശ്ശിവപേരൂര്‍ വടക്കുന്നാഥ ക്ഷേത്രസങ്കേതത്തിനു കീഴില്‍ നാല് ഗ്രാമങ്ങളുണ്ടായിരുന്നു. കാല്‍നാട്ടുകര (കാനാട്ടുകര), അരനാട്ടുകര (അരണാട്ടുകര), മുക്കാല്‍ നാട്ടുകര ( മുക്കാട്ടുകര), പുറനാട്ടുകര എന്നിവയായിരുന്നു അതിര്‍ത്തികള്‍. മറ്റൊരു ഗ്രന്ഥത്തില്‍ പുഴയ്ക്കല്‍, പാട്ടുപുരയ്ക്കല്‍, വിജയപുരം (വിയ്യൂര്‍), കിഴക്കുമ്പാട്ടുകര, കൂര്‍ക്കഞ്ചേരി എന്നീ പ്രദേശങ്ങള്‍ ക്ഷേത്ര സങ്കേതത്തില്‍ ഉള്‍പ്പെട്ടിരുന്നതായി കാണാം. എങ്ങനെ നോക്കിയാലും പതിനഞ്ചോ ഇരുപതോ ചതുരശ്ര മൈല്‍ ആയിരുന്നു വടക്കുന്നാഥ ക്ഷേത്ര സങ്കേതത്തിന്റെ വ്യാപ്തി. 

ശില്‍പ്പസൗന്ദര്യംകൊണ്ടും പുരാവൃത്തപ്പെരുമകൊണ്ടും അദ്വിതീയമാണ് വടക്കുന്നാഥ ക്ഷേത്രം.   ശിവനുമായി ബന്ധപ്പെട്ടതാണ് സ്ഥലനാമങ്ങളെല്ലാം. പുരാലിഖിതങ്ങളില്‍ തൃശൂരിനെ 'തിരുചുവപെരൂര്‍' എന്നും മറ്റൊരു ലിഖിതത്തില്‍ 'ശ്രീമൂലസ്ഥാനമിദം ശിവപുരനാഥസ്യ' എന്നും പരാമര്‍ശിച്ചുകാണുന്നതിനാല്‍ ശിവപുരം അറിയപ്പെട്ടിരുന്നു. ശിവപുരം എന്നത് ശിവന്റെ പുരം. വൃഷഭത്തിന് ക്ഷേത്രത്തിലുള്ള പ്രാധാന്യം വച്ചുകൊണ്ട് 'വൃഷഭാചലം' എന്നും, ചില കൃതികളില്‍ 'തെങ്കൈലാസം' എന്ന പേരിലും അറിയപ്പെട്ടിരുന്നു. പുത്തേഴത്ത് രാമമേനോന്റെ 'തൃശൂര്‍ ട്രിച്ചൂര്‍' എന്ന പുസ്തകത്തില്‍ പറയുന്നത് 'ശിവപുരം - ശിവപേരൂര്‍ ആയി. തൃശ്ശിവപേരൂരായി, തൃശൂരായി, 'ട്രിച്ചൂര്‍' ആയി എന്നുമാണ്. എങ്ങനെയായാലും ശിവസാന്നിധ്യമാണ് എല്ലാ നാമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. 

ഭാരതം ലോകത്തിനു മുന്നില്‍ അഭിമാന

പൂര്‍വ്വം അവതരിപ്പിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമാണ് വടക്കുന്നാഥ ക്ഷേത്രവും തൃശൂര്‍ പൂരവുമെല്ലാം. അത്ഭുതത്തോടെയും ആദരവോടെയുമാണ് ലോകം വടക്കുന്നാഥനെയും പൂരത്തെയും കാണുന്നത്. അഭിമാനകരമായ ഈ പൈതൃകത്തെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇപ്പോള്‍ ചിലര്‍ പരസ്യമായിത്തന്നെ രംഗത്തുവരുന്നു. 

പൂരമെന്നത് കേവലമൊരു ക്ഷേത്ര ആചാരമെന്നതിനപ്പുറമായി ഒരു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ കൊണ്ടാടുന്ന സാമൂഹിക, കലാ-സാംസ്‌കാരിക, സാമ്പത്തിക വ്യവഹാരങ്ങളുടെ ഉയര്‍ന്ന  മാതൃകയാണ്. ഇതിന്റെ സാംസ്‌കാരിക പരിസരം ജാതിയുടെയും മതത്തിന്റെയുമൊക്കെ അപ്പുറത്ത് ആദ്ധ്യാത്മികതയിലധിഷ്ഠിതമായ വലിയൊരു കൂട്ടായ്മയുടെ സന്ദേശം കൂടിയാണ്. 

വാദ്യകലകളുടെയും സംഗീതത്തിന്റെയും പരിപ്രേക്ഷം ഇതില്‍ കാണാം. സകലകലകളുടെയും കേദാരമാണിവിടം. സാംസ്‌കാരികമായി ഓരോ ഗ്രാമത്തിലും ഉയരുന്ന ചെറുതും വലുതുമായ കുമ്മാട്ടിക്കളികളും പുലിക്കളികളുമെല്ലാം തൃശൂരിന്റെ പൈതൃകമാണ്. ഒട്ടനവധി നാടോടി കലാരൂപങ്ങളും ഈ മണ്ണിന്റെ സംഭാവനയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.