മാതൃശക്തിയുടെ കരുത്ത്

Sunday 20 May 2018 2:33 am IST
കോട്ടയം ജില്ലാ പ്രചാരനായിരിക്കെ ആനിക്കാട്ട് പുരുഷോത്തമന്‍ പ്രചാരകനായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജിയെ അറിയിക്കുകയും അദ്ദേഹം പുരുഷോത്തമന്റെ വീട്ടില്‍ പോകുകയുമുണ്ടായി. നിഷ്ഠാവാനായ സ്വയംസേവകനായിരുന്ന അച്ഛന്‍ അഭിമാനത്തോടെയാണ് ഭാസ്‌കര്‍ റാവുവിനു മകനെ ഏല്‍പ്പിച്ചുകൊടുത്തത്‌

മാവേലിക്കരയില്‍ സംഘത്തിന്റെ ആദ്യകാല രക്ഷാധികാരിയും സംഘചാലകനുമായിരുന്ന അഡ്വക്കേറ്റ് സി.ആര്‍. രാഘവന്‍ നായരുടെ പത്‌നിയും രുദ്രന്റെ അമ്മയുമായ സരോജിനി അമ്മ അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ആ മഹതിയുടെ സ്മരണകള്‍ മനസ്സില്‍ വന്നു. അരനൂറ്റാണ്ടിനപ്പുറത്താണ് ആ വീടുമായി അടുത്തു ബന്ധപ്പെടാന്‍ അവസരമുണ്ടായത്. സംഘത്തിന്റെ പ്രചാരകന്മാരുടെ ഒരു ബൈഠക് മാവേലിക്കരയ്ക്കടുത്തു കണ്ടിയൂരില്‍ നടന്ന അവസരത്തിലായിരുന്നു അത്. രാഘവന്‍ നായര്‍ സാര്‍ ബൈഠക് നടന്ന സ്ഥലത്തു വരികയും പ്രചാരകന്മാരുമായി പരിചയപ്പെടുകയും ചെയ്തു. എല്ലാവരും അദ്ദേഹത്തിന്റെ വസതിയിലും പോയി. അവിടെ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി ഓരോരുത്തരുമായി കുശലം പറഞ്ഞു. പിന്നീട് ഏതാനും നാള്‍ കഴിഞ്ഞു കോട്ടയം ജില്ലാ പ്രചാരകനായിരിക്കെ ആനിക്കാട്ട് പുരുഷോത്തമന്‍ പ്രചാരകനായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജിയെ അറിയിക്കുകയും അദ്ദേഹം പുരുഷോത്തമന്റെ വീട്ടില്‍ പോകുകയുമുണ്ടായി. 

നിഷ്ഠാവാനായ സ്വയംസേവകനായിരുന്ന അച്ഛന്‍ അഭിമാനത്തോടെയാണ് ഭാസ്‌കര്‍ റാവുവിനു മകനെ ഏല്‍പ്പിച്ചുകൊടുത്തത്. അപൂര്‍വമായ ആ സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും ലഭിച്ചു. പുരുഷോത്തമനെ മാവേലിക്കര കൊണ്ടുപോയി സി.ആര്‍. രാഘവന്‍ നായരെ ഏല്‍പ്പിക്കാന്‍ അദ്ദേഹം എന്നെയാണ് ചുമതലപ്പെടുത്തിയത്. ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍നിന്ന് തീവണ്ടിയില്‍ മാവേലിക്കരയ്ക്കുപോയി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു. ഭാസ്‌കര്‍ റാവുവിന്റെ കത്ത് നേരത്തെ കിട്ടിയതിനാല്‍ പുതിയ പ്രചാരകനെ സ്വീകരിക്കാന്‍ അവിടെ തയ്യാറെടുപ്പുകള്‍ നടന്നുകഴിഞ്ഞിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെ വക്കീലും പത്‌നിയും പുരുഷനെ സ്വീകരിച്ച് താമസിപ്പിച്ചു. ആ സമയം ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരും രാമന്‍കുട്ടി നായരും മറ്റും പങ്കെടുത്ത സീതാസ്വയംവരം അവിടെ അരങ്ങേറുന്നതിനാല്‍ അതു കാണാന്‍ പോകാന്‍ പ്രേരണയുണ്ടായി.

അവിസ്മരണീയമായിരുന്നു ആ രാത്രി. ഞങ്ങള്‍ തിരിച്ചു വീട്ടിലെത്തിയത് അല്‍പം വൈകിയായിരുന്നിട്ടും മുഷിയാതെ ആ അമ്മ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിച്ചു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛനും സംഘചാലകനായപ്പോള്‍ പിതാക്കന്മാര്‍ തമ്മില്‍ സവിശേഷമായ കൂട്ടായ്മ രൂപംകൊണ്ടു. തലശ്ശേരിയിലെ അടിയോടി വക്കീല്‍, ചിറക്കടവിലെ വൈദ്യന്‍ ചേട്ടന്‍, കഥകളി ആചാര്യന്‍ സി.ആര്‍. രാമന്‍ നമ്പൂതിരി തുടങ്ങിയവരുടെ ആ കൂട്ടായ്മ പ്രാന്തീയ ബൈഠക്കുകളില്‍ സജീവമായിരുന്നു. ഇന്ന് പുരുഷോത്തമന്‍ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതല വഹിക്കുന്ന പ്രചാരകനാണ്.

സംഘപ്രവര്‍ത്തനത്തിലെ ഒരു സവിശേഷത മാവേലിക്കരയിലെ സരോജിനി അമ്മയെപ്പോലുള്ളവരുടെ സാന്നിദ്ധ്യമാണ്. അത് സംഘത്തെ കുടുംബത്തിന്റെ കൂട്ടായ്മയാക്കിത്തീര്‍ക്കുന്നു. കുടുംബത്തിന്റെ ജൈവാന്തരീക്ഷം സംഘത്തില്‍ നിലനിര്‍ത്തുന്നതും സംഘത്തെ ഒരുമിച്ചുറപ്പിക്കുന്നതും ആ ബന്ധമാണ്. ഏതാണ്ട് ഏഴുപതിറ്റാണ്ടുകള്‍ നീണ്ട സംഘജീവിതത്തില്‍ അങ്ങനത്തെ നൂറുകണക്കിന് അമ്മമാരുടെ ലാളനയും സ്‌നേഹവാത്സല്യങ്ങളും അനുഭവിക്കാന്‍ അവസരമുണ്ടായി. തിരുവനന്തപുരത്തെ ജനാര്‍ദ്ദനന്‍, രാമചന്ദ്രന്‍ (ക്ഷേത്ര സംരക്ഷണ സമിതി) സഹോദരങ്ങളുടെ അമ്മ മുതല്‍ അതു തുടങ്ങുന്നു. ഒരു പ്രചാരകന്റെ പ്രവര്‍ത്തന ക്ഷേത്രത്തില്‍ അയാള്‍ വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ ഒരു നേരത്തെ ഭക്ഷണം കരുതിവയ്ക്കുന്ന അമ്മമാര്‍ ധാരാളമുണ്ട്. തലശ്ശേരിയിലെ അടിയോടി വക്കീലിന്റെ പത്‌നി ആഹാരക്കാര്യത്തില്‍ ശാസിക്കുകപോലും ചെയ്യുമായിരുന്നു.

ഗുരുവായൂരിലെ രാധാ ബാലകൃഷ്ണനും ഒരുമനയൂര്‍ ഗോപാലകൃഷ്ണന്റെ അമ്മയും നരിപ്പറ്റയിലെ പാലോറക്കണ്ടി ഒണക്കന്റെ അമ്മയും അക്കൂട്ടത്തില്‍പ്പെടുന്നവരാണ്. ആലുവയിലെ സീതച്ചേച്ചി ഒരിക്കലും ക്ഷീണിക്കാത്ത മനസ്സിനുടമയായി ഇന്നും പരിപാടികള്‍ക്കു വരുന്നു. എറണാകുളത്തു പച്ചാളത്ത് വിജയന്റെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ തളര്‍ച്ചയെന്തെന്നറിയാതെ സംഘടനാ രംഗത്തും സമരരംഗത്തും സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അവരുടെ നിര്‍ഭയമായ നീക്കങ്ങള്‍ പുരുഷന്മാര്‍ക്കും മാതൃകയായി. മണ്ണാര്‍ക്കാട്ടെ ഒ.പി.വി. നമ്പൂതിരിപ്പാടിന്റെ ധര്‍മ്മപത്‌നി, ഭര്‍ത്താവ് വിസാതടവില്‍ കഴിയുമ്പോള്‍പോലും സമരം ചെയ്തു ജയില്‍ വാസം വരിച്ചിരുന്നു.

ഇനിയും ഇതുപോലെ നൂറുകണക്കിന് അമ്മമാരെ കേരളത്തിലെങ്ങും-രാജ്യമെങ്ങും-ഒരുക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് സംഘത്തിന്റെ മാഹാത്മ്യം. സംഘം നേരിട്ട പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാന്‍ കഴിഞ്ഞത് സ്വയംസേവകരെന്ന യുവപൗരുഷത്തിന്റെ കരുത്തുകൊണ്ടുമാത്രമല്ല, അവരുടെ കൂടെ എപ്പോഴും ഉറച്ചുനിന്ന മാതൃശക്തിയുടെ സ്ഥൈര്യംകൊണ്ടും കൂടിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അതിഭീഷണമായ പരിതഃസ്ഥിതിയില്‍ ആ മാതൃശക്തിയും  കുടുംബ ബന്ധങ്ങളും  എത്ര ഭദ്രമായ കവചമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൃഷ്ടിച്ചതെന്ന് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു.

മാവേലിക്കരയുമായുള്ള എന്റെ ബന്ധങ്ങള്‍ ഏതാനും വര്‍ഷങ്ങളായി നിലച്ചുവെന്നും പറയാം. മുന്‍പവിടെ സംഘചാലകനായിരുന്ന രവിവര്‍മ്മയുമായാണ് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. രാഘവന്‍ നായര്‍ സാറിന്റെ ശേഷം ആ കുടുംബവുമായും ബന്ധം വയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മകന്‍ രുദ്രന്‍  ആലപ്പുഴയില്‍ അഭിഭാഷകനായിരുന്നെന്നറിയാം. 1966-ല്‍ കോട്ടയത്തു നടന്ന ബാലശിബിരത്തില്‍ അത്യന്തം സജീവമായി പങ്കെടുത്ത പയ്യന്റെ ഓര്‍മ്മയാണിന്നും മനസ്സില്‍ തെളിയുന്നത്. പിന്നീട് എന്റെ പ്രവര്‍ത്തന ക്ഷേത്രങ്ങള്‍ മാറിമറിഞ്ഞുപോയതുകൊണ്ടും ഞാന്‍തന്നെ വേണ്ടവിധം ശ്രദ്ധിക്കാത്തതുകൊണ്ടും ആ ബന്ധങ്ങള്‍ ദുര്‍ബലമായിപ്പോയി. അദ്ദേഹത്തിന്റെ അമ്മ അന്തരിച്ച വിവരം പത്രങ്ങളില്‍നിന്നറിഞ്ഞപ്പോഴാണ് പഴയ സ്മരണകള്‍ വീണ്ടും കടന്നുവന്നത്. അതേപോലുള്ള അമ്മമാരാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് എന്നും കരുത്തും ശക്തിയും സ്ഥിരതയും നല്‍കുന്നതെന്ന വസ്തുത തെളിഞ്ഞുവരികയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.