മര്‍മം നോക്കിയുള്ള നര്‍മത്തില്‍ നാരദരുടെ കളി

Sunday 20 May 2018 2:09 am IST
നാരദമഹര്‍ഷി നേരേ പോയത് മദാസുരന്റെ കൊട്ടാരത്തിലേക്കാണ്. എവിടെയും കേറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണ് ശ്രീനാരദന്‍. ത്രികാലജ്ഞാനത്തോടൊപ്പം പ്രിയങ്കരമായി സംസാരിക്കാനുള്ള ഒരു കഴിവും ശ്രീനാരദനുണ്ട്. നന്നായി സംസാരിക്കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് എവിടെയും സ്വാതന്ത്ര്യമുണ്ട്

നാരദമഹര്‍ഷി നേരേ പോയത് മദാസുരന്റെ കൊട്ടാരത്തിലേക്കാണ്. എവിടെയും കേറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണ് ശ്രീനാരദന്‍. ത്രികാലജ്ഞാനത്തോടൊപ്പം പ്രിയങ്കരമായി സംസാരിക്കാനുള്ള ഒരു കഴിവും ശ്രീനാരദനുണ്ട്. നന്നായി സംസാരിക്കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് എവിടെയും സ്വാതന്ത്ര്യമുണ്ട്. ആരു ഭരിച്ചാലും ഇക്കൂട്ടര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും.

നാരദമഹര്‍ഷി വന്നതറിഞ്ഞ് മദാസുരന്‍ അദ്ദേഹത്തെ നന്നായി സ്വീകരിച്ചു. ലോകവിവരങ്ങളെല്ലാമറിയാനുള്ള നല്ലൊരു മാര്‍ഗമാണ് ശ്രീനാരദന്‍. പറയുന്ന കാര്യം വളച്ചൊടിച്ചാണെങ്കിലും അതില്‍ അസത്യമൊന്നുമുണ്ടാകില്ല.

ശ്രീപരമേശ്വരനെ അനേ്വഷിച്ചുേപായ ചാരന്മാര്‍ മദാസുരന്റെ കൊട്ടാരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശിവന്‍ കൈലാസത്തിലില്ലത്രേ. എവിടേക്കോ ഊരുചുറ്റാന്‍ പോയിരിക്കുകയാണ്. പര്‍വതശിഖരത്തിലോ നദീതീരത്തിലോ ശ്മശാനത്തിലോ എവിടെയാണെന്നാര്‍ക്കുമറിയില്ല. ശ്രീപരമേശ്വരന് ഒളിക്കാന്‍ സ്ഥലത്തിനാണോ പ്രയാസം. ഈ പ്രപഞ്ചത്തിലെവിടെയും അദ്ദേഹത്തിനൊളിക്കാനിടമുണ്ട്. നാരദരോടു ചോദിച്ച് അതൊക്കെയൊന്ന് മനസ്സിലാക്കാമെന്നാണ് മദാസുരന്റെ പരിപാടി.

നാരദരെ വിളിച്ചിരുത്തി മദാസുരന്‍ സൂത്രത്തില്‍ കാര്യങ്ങളിലേക്കു കടക്കുന്നു.

മഹര്‍ഷേ, എന്തൊക്കെയുണ്ട് ലോകവിശേഷങ്ങള്‍? അങ്ങ് ഇപ്പോള്‍ എവിടെനിന്നാണ് ഇങ്ങോട്ടു വരുന്നത്? ഇവിടേക്ക് വന്നതില്‍ പ്രത്യേകിച്ച് കാരണങ്ങളെന്തെങ്കിലുമുണ്ടോ? അടിയങ്ങള്‍ അങ്ങേക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ?

നാരദര്‍:- ലോകവിശേഷങ്ങള്‍ അങ്ങയുെട ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിത്തന്നെയാണ് ഞാന്‍ വന്നത്. ഇപ്പോള്‍ ശ്രീകൈലാസത്തില്‍ നിന്നുമാണ് വരുന്നത്. എനിക്കു വേണ്ടി അങ്ങ് ഇപ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഞങ്ങള്‍ ഋഷിമാര്‍ സര്‍വസംഗ പരിത്യാഗികളാണല്ലോ. എന്നാല്‍ അങ്ങ് അങ്ങേക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെ ഒന്ന് ഓര്‍മിപ്പിക്കാനാണ് വന്നത്.

മദാസുരന്‍:- എന്താ മഹര്‍ഷേ എനിക്കുവേണ്ടി ഞാന്‍ ചെയ്യേണ്ടത് എന്ന് അങ്ങരുളിച്ചെയ്യാത്തത്? കൈലാസത്തില്‍നിന്നും പ്രത്യേകിച്ച് വാര്‍ത്തകളെന്തെങ്കിലുമുണ്ടോ? ശ്രീപരമേശ്വരന്‍ അവിടെത്തന്നെയില്ലേ?

നാരദര്‍:- അതേതായാലും നന്നായി. വല്ലപ്പോഴുമെങ്കിലും ശ്രീപരമേശ്വരനെത്തേടി ശ്രദ്ധ തിരിക്കുന്നത് നല്ല കാര്യം. ഇക്കാലത്ത് പലര്‍ക്കും ഭഗവാനെ അന്വേഷിക്കാന്‍ നേരമില്ല. ഏതായാലും അങ്ങ് ഈശ്വരനെത്തേടുന്നവനാണെന്നതില്‍ സന്തോഷമുണ്ട്.

വിഷയത്തില്‍ തൊടാതെ തന്നെയായിരുന്നു നാരദരുടെ മറുപടി. എന്നാല്‍ മദാസുരന്റെ ചോദ്യം അവഗണിച്ചുമില്ല. മദാസുരനെ പുകഴ്ത്താന്‍ അവസരം കണ്ടെത്തുകയും ചെയ്തു. അതാണ് മര്‍മമറിഞ്ഞുള്ള നര്‍മവും ആ വാക്ചാതുരിയും.

നാരദര്‍:- ഞാന്‍ കൈലാസത്തില്‍ ചെന്നപ്പോള്‍ ഒരു വാര്‍ത്തയറിഞ്ഞു. അവിടെയൊരു ഒറ്റക്കൊമ്പനുണ്ടല്ലോ ഒരു ആനമോറന്‍. അയാളുമായിച്ചേര്‍ന്ന് ദേവന്മാര്‍ ചില കളികള്‍ക്കൊരുങ്ങുകയാണത്രേ. അവര്‍ ഗൂഢാലോചനയിലാണ്. ഈ ഗൂഢാലോചന അങ്ങേക്കെതിരാണെന്ന് ഞാന്‍ പറയാതെതന്നെ അങ്ങേക്കറിയാമല്ലോ. ഇതൊക്കെയൊന്ന് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നു വിചാരിച്ചു. കൂടുതലൊന്നും എനിക്കു പറയാനില്ല. എനിക്കിത്രയേ പറയാനുള്ളൂ. പാമ്പ് ദേ പോണൂ, വടി ദേ ഇരിക്കുന്നു. ബാക്കി എന്താണെന്നു ഞാനായിട്ടു പറയുന്നില്ല. ഒട്ടും നേരം വെറുതേ കളയണ്ട.

ഇതും പറഞ്ഞ് നാരദര്‍ യാത്രയായി. മദാസുരന്‍ ചിന്താക്കുഴപ്പത്തിലുമായി.

 9447213643

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.