അവിശുദ്ധ കൂട്ടുകെട്ട് എത്രനാള്‍

Sunday 20 May 2018 2:35 am IST
വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവച്ചു. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ (104 അംഗങ്ങള്‍) ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ രാഷ്ട്രീയ സദാചാരമൂല്യങ്ങള്‍ കാറ്റില്‍പറത്തിയാണ് കോണ്‍ഗ്രസ്സും(78) -ജെഡിഎസും(37) സഖ്യമുണ്ടാക്കിയത്.

എന്നാല്‍ ഈ അവിശുദ്ധ സഖ്യം  എത്രനാള്‍ തുടരുമെന്ന് കാത്തിരുന്നു കാണണം. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് ഒപ്പം കൂട്ടിയത്. 

തത്ക്കാലം അധികാരം ലഭിച്ചെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല. ഏറ്റവും ചെറിയ കക്ഷിയുടെ മുന്‍പില്‍ കോണ്‍ഗ്രസ് അധികാരം വച്ച് കീഴടങ്ങിയിരിക്കുകയാണ്. മാത്രമല്ല കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗത്തിന് ഇതിന് കടുത്ത രോഷവുമുണ്ട്. ഇത് വരും ദിവസങ്ങളില്‍ എങ്ങനെ പരിണമിക്കും എന്ന് കണ്ടറിയുക   തന്നെ വേണം.

കോണ്‍ഗ്രസ്സിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു.  കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. 

എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പക്ഷം എതിര്‍ത്തു. ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ നിയമസഭ കക്ഷിനേതാവിനെ പോലും തെരഞ്ഞെടുക്കാതെയാണ് കോണ്‍ഗ്രസ്സിന്റെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടിയോഗം അവസാനിച്ചത്. പിന്നീട് കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ സമ്പന്നനായ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടിയെ വരുതിയിലാക്കി പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 

ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചത്. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാതിരിക്കാന്‍ എംഎല്‍എമാര്‍ക്ക് കോടികള്‍ നല്‍കിയതും ഡി.കെ. ശിവകുമാറാണ്. ഇതോടെ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടിയില്‍ വലിയ ശക്തിയായി മാറി. പരമേശ്വര ഒതുക്കപ്പെടുകയും ചെയ്തു. 

കോണ്‍ഗ്രസ്സിന്റെ ദളിത് മുഖമായി ഉയര്‍ത്തിക്കാട്ടുന്ന പരമേശ്വരയെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ഒരു കാര്യത്തിലും അടുപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് ശേഷം ആദ്യ ദിവസങ്ങളില്‍ കാര്യങ്ങള്‍ പരമേശ്വരയാണ് നിയന്ത്രിച്ചിരുന്നതെങ്കിലും പിന്നീട് ഡി.കെ. ശിവകുമാറിന്റെ കൈകളിലേക്ക് എത്തിച്ചേര്‍ന്നു. 

ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയെ തന്നെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു. എന്നാല്‍ കുമാരസ്വാമിക്ക് താഴെ ഉപമുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യ തയ്യാറല്ല. ഇതോടെ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമാകും. 

വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ അസംതൃപ്തര്‍, ഒരു ബിഎസ്പി, രണ്ട് സ്വതന്ത്രര്‍ എന്നിവര്‍ക്കുള്‍പ്പെടെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചാലും പിന്നീട് മന്ത്രിസ്ഥാനങ്ങളെ ചൊല്ലി കലഹം ആരംഭിക്കും. ഇപ്പോള്‍ നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മന്ത്രിസ്ഥാനം വീതം വയ്ക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ അവകാശ വാദം ഉന്നയിക്കും. ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കും. 

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ തന്റെ പ്രധാന ശത്രുവായി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നത് എച്ച്.ഡി. ദേവഗൗഡയെയും കുമാരസ്വാമിയെയുമായിരുന്നു. ഇപ്പോള്‍ ഇരുവരം കൈകൊടുത്തെങ്കിലും കുമാരസ്വാമിക്ക് കീഴില്‍ തുടരാന്‍ സിദ്ധരാമയ്യ തയ്യാറാകില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും. ഇതോടെ സഖ്യം തകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പരമാവധി ആറുമാസമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഇവര്‍ ആയുസ് കണക്കാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.