ശ്രേയസ് റോയല്‍സ്

Sunday 20 May 2018 3:49 am IST
ആദ്യം ഓപ്പണര്‍ രാഹുല്‍ ത്രിപാദിയുടെ വെടിക്കെട്ട് ബാറ്റിങ്ങും പിന്നീട് ശ്രേയസ് ഗോപാലിന്റെ വിക്കറ്റ് കൊയ്ത്തും രാജസ്ഥാന് വിജയം സമ്മാനിച്ചു.

ജയ്പ്പൂര്‍: ആദ്യം ഓപ്പണര്‍ രാഹുല്‍ ത്രിപാദിയുടെ വെടിക്കെട്ട് ബാറ്റിങ്ങും പിന്നീട് ശ്രേയസ് ഗോപാലിന്റെ വിക്കറ്റ് കൊയ്ത്തും രാജസ്ഥാന് വിജയം സമ്മാനിച്ചു. ഐപിഎല്ലിലെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 30 റണ്‍സിന് മുക്കി അവര്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി. അതേസമയം ഈ തോല്‍വിയോടെ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന് പതിനാല് മത്സരങ്ങളില്‍ പതിനാല് പോയിന്റായി. മറ്റ് ടീമുകളുടെ കൂടി മത്സരഫലത്തെ ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനം.

തുടക്കം തകര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് ത്രിപാദി പുറത്താകായെ നേടിയ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 164 റണ്‍സ് കുറിച്ചു. 165 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച റോയല്‍ ചലഞ്ചേഴ്‌സ് ശ്രേയസ് ഗോപാലിന് മുന്നില്‍ തകര്‍ന്നു വീണു. ഗോപാല്‍ പതിനാറ് 

റണ്‍സിന് നാലു വിക്കറ്റുകള്‍ കീശയിലാക്കിയതോടെ ചലഞ്ചേഴ്‌സ് 19.2 ഓവറില്‍ 134 റണ്‍സിന് ബാറ്റ് താഴ്ത്തി.

അടിച്ചു തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സിനെ വിജയപ്പടിവാതിലേക്ക് എത്തിക്കാന്‍ ശ്രമിച്ച പാര്‍ഥിവ് പട്ടേല്‍ (33), എബി ഡിവില്ലിയേഴ്‌സ് (53) എന്നിവരുടേതുള്‍പ്പെടെ നാലു വിക്കറ്റുകള്‍ 

പതിനാല് റണ്‍സിന് വീഴ്ത്തിയാണ് ശ്രേയസ് ഗോപാല്‍ രാജസ്ഥാനെ വിജയത്തിലേക്ക് ഉയര്‍ത്തിവിട്ടത്.

രാഹുല്‍ ത്രിപാദി 58 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും അടക്കം 80 റണ്‍സ് നേടി അജയ്യനായി നിന്നു. ക്യാപ്റ്റന്‍ രഹാനെയും (33) ക്ലാസനും (32) പിടിച്ചുനിന്നതോടെയാണ് രാജസ്ഥാന്റെ സ്‌കോര്‍ 164 റണ്‍സിലെത്തിയത്്. 

വിജയം ലക്ഷ്യമിട്ടിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് ക്യാപ്റ്റന്‍ കോഹ് ലിയെ നാലു റണ്‍സിന് നഷ്ടമായി. പിന്നീട് പാര്‍ഥിവ് പട്ടേലും എബി ഡിവില്ലിയേഴ്‌സും നടത്തിയ രക്ഷാപ്രവര്‍ത്തനം അവരെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. പക്ഷെ ഇവരെ മടക്കി ശ്രേയസ് ഗോപാല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

നേരത്തെ രാജസ്ഥാന്റെ മലയാളി താരം സഞ്ജുവും ആര്‍ച്ചറും പൂജ്യത്തിന് കീഴടങ്ങി. 

സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ വീണു. ആര്‍ച്ചര്‍ നാലു പന്തുകള്‍ നേരിട്ടശേഷവും.ആര്‍ച്ചര്‍ കളിക്കളം വിടുമ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ ഒന്നിന് രണ്ട് റണ്‍സ്. പിന്നീട് ത്രിപാദിയും രഹാനെയും രണ്ടാം വിക്കറ്റില്‍ 99 റണ്‍സ് അടിച്ചെടുത്താണ് ടീമിനെ കരകയറ്റിയത്. രഹാനെക്ക്് പിന്നാലെ സഞ്ജുവും മടങ്ങിയതോടെ വന്‍ സ്‌കോറെന്ന അവരുടെ സ്വപ്‌നം തകര്‍ന്നു. അവസാന ഓവറുകളില്‍ ക്ലാസന്റെ തേരോട്ടമാണ് സ്‌കോര്‍ 164 റണ്‍സിലെത്തിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.