നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം; സഹകരണ ബാങ്കുകള്‍ കുടുങ്ങി

Sunday 20 May 2018 3:54 am IST
ജില്ലാ സഹ.ബാങ്കുകളിലും പ്രാഥമിക സഹകരണ സംഘങ്ങളിലും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ സഹകരണ മേഖല പ്രതിസന്ധിയില്‍. അതിനാല്‍ നിക്ഷേപകര്‍ പൊതുമേഖല ബാങ്കുകളിലേക്ക് നീങ്ങുകയാണ്

തിരുവനന്തപുരം: ജില്ലാ സഹ.ബാങ്കുകളിലും പ്രാഥമിക സഹകരണ സംഘങ്ങളിലും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ സഹകരണ  മേഖല പ്രതിസന്ധിയില്‍. അതിനാല്‍ നിക്ഷേപകര്‍ പൊതുമേഖല ബാങ്കുകളിലേക്ക് നീങ്ങുകയാണ്.  

ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കാണ്  കടുത്ത നിയന്ത്രണം. 179 ദിവസത്തില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം സ്വീകരിക്കരുതെന്ന് രജിസ്ട്രാര്‍ ഉത്തരവിറക്കി. നിക്ഷേപങ്ങള്‍ക്കുള്ള പലിശ ദേശസാല്‍കൃത ബാങ്കുകളിലേതിനു തുല്യമാക്കി. രണ്ടും നിക്ഷേപത്തിന് എത്തുന്ന ഇടപാടുകാരെ നിരുത്സാഹപ്പെടുത്തുന്ന നടപടികള്‍.  

അയ്യായിരം മുതല്‍ ആറായിരം കോടിരൂപവരെ നിക്ഷേപം കുമിഞ്ഞു കൂടിക്കിടക്കുകയാണ് ജില്ലാ സഹകരണ ബാങ്കുകളില്‍. ബാങ്ക് ഭരണസമിതികള്‍ പിരിച്ചു വിട്ടതിനാല്‍ ക്രിയാത്മകമായ രീതിയില്‍ പണം വിനിയോഗിക്കാന്‍ സാധിക്കുന്നില്ല. പണം വിനിയോഗിക്കാതെ പലിശ കൊടുക്കുന്ന സാഹചര്യം ഉണ്ടായതാണ് നിയന്ത്രണത്തിനു കാരണം.   

 ജില്ലാ സഹകരണ ബാങ്കുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമായതിനാല്‍ വായ്പകള്‍ അനുവദിക്കുന്നതിന് നിയന്ത്രണമുണ്ട്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടാണ്  ജില്ലാ സഹ.ബാങ്ക് ഭരണസമിതികള്‍  പിരിച്ചുവിട്ടത്. ബാങ്ക് രൂപീകരണത്തിനായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍  ലൈസന്‍സ് നല്‍കുന്നത് നീളുകയാണ്. 

ജില്ലാ ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുമ്പോള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കോ അപ്പെക്‌സ് സംഘങ്ങള്‍ക്കോ വായ്പ നല്‍കി പലിശയിലെ നഷ്ടം നികത്തുകയായിരുന്നു ഇതുവരെ.  അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമായതിനാല്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടക്കുന്നില്ല. കേരള ബാങ്ക് രൂപീകരിച്ച് അതിലെ നിക്ഷേപം കിഫ്ബി വഴി വിനിയോഗിച്ച് ലാഭമുണ്ടാക്കും എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. കിഫ്ബി രൂപികരിച്ചതു തന്നെ ജില്ലാ ബാങ്കുകളിലെ നിക്ഷേപം കണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  

പ്രാഥമിക സഹകരണ സംഘങ്ങളിലും നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.25ല്‍ നിന്നും എട്ടാക്കി കുറച്ചു. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങളിലും നിക്ഷേപം വരാതെയായി. അടിയന്തിര ഘട്ടങ്ങളില്‍ സഹായിച്ചുകൊണ്ടിരുന്ന ജില്ലാ ബാങ്കുകള്‍ സഹായിക്കാതെയുമായി. ഇതോടെ സാധാരണക്കാരുടെ ബാങ്ക് എന്ന് വിളിച്ചിരുന്ന പ്രാഥമിക സംഘങ്ങളും പ്രതിസന്ധിയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.