റാഞ്ചല്‍ ഭീഷണി മുഴക്കിയ യാത്രക്കാരന് വിമാനത്തില്‍ ആജീവനാന്ത വിലക്ക്

Sunday 20 May 2018 11:00 am IST
മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55 ന് പറന്നുയര്‍ന്ന വിമാനമാണ് ഇയാളുടെ റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് 3.45 ഓടെ അഹമ്മദാബാദില്‍ ഇറക്കിയത്. ഭീഷണി സന്ദേശം ഉള്‍പ്പെട്ട കുറിപ്പ് എയര്‍ ഹോസ്റ്റസാണ് വിമാനത്തില്‍നിന്ന് കണ്ടെത്തിയത്. വിമാനത്തില്‍ സ്ഫോടക വസ്തുക്കള്‍ അടക്കമുള്ളവ ഉണ്ടെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. വിമാനം പാക് അധീന കാശ്മീരിലേക്ക് പറത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു

മുംബൈ: വിമാനം റാഞ്ചുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്  വിമാനത്തില്‍ സഞ്ചരിക്കുന്നതിന് (നോ ഫ്‌ലൈയിംഗ് ലിസ്റ്റ്) വിലക്ക് ഏര്‍പ്പെടുത്തി. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂവലറിയുടെ ഉടമസ്ഥന്‍ ബിര്‍ജു കിഷോര്‍ സല്ലയ്ക്കാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമാനത്തില്‍ സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് സംഭവം. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55 ന് പറന്നുയര്‍ന്ന വിമാനമാണ് ഇയാളുടെ റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് 3.45 ഓടെ അഹമ്മദാബാദില്‍ ഇറക്കിയത്. ഭീഷണി സന്ദേശം ഉള്‍പ്പെട്ട കുറിപ്പ് എയര്‍ ഹോസ്റ്റസാണ് വിമാനത്തില്‍നിന്ന് കണ്ടെത്തിയത്. വിമാനത്തില്‍ സ്ഫോടക വസ്തുക്കള്‍ അടക്കമുള്ളവ ഉണ്ടെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. വിമാനം പാക് അധീന കാശ്മീരിലേക്ക് പറത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

വിമാനം അഹമ്മദാബാദില്‍ ഇറക്കിയശേഷം നടത്തിയ പരിശോധനയില്‍ ഭീഷണിക്കത്ത് വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് വിമാനം യാത്ര തുടര്‍ന്നു. അന്വേഷണത്തില്‍ സല്ലയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ജെറ്റ് എയര്‍വേസിലെ ജീവനക്കാരിയുമായി സല്ല പ്രണയത്തിലായിരുന്നു. ഇക്കാര്യം പറഞ്ഞ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കാമുകിക്ക് ജോലി നഷ്ടപ്പെടുമെന്നും അവര്‍ തന്റെ സ്ഥാപനത്തില്‍ ജോലി തേടി വരുമെന്നുമുള്ള പ്രതീക്ഷയിലാണ് മുപ്പത്തിയേഴുകാരനായ സല്ല റാഞ്ചല്‍ ഭീഷണി മുഴക്കിയത്. 

സിവില്‍ ഏവിയേഷന്‍ നിയമം അനുസരിച്ച് ലെവല്‍ മൂന്നിലുള്ള കുറ്റമാണ് സില്ല ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണയാവുന്ന തരത്തില്‍ മോശമായി പെരുമാറിയതാണ് സില്ലയ്‌ക്കെതിരെ ചുമത്തിയ കുറ്റം. കുറ്റം തെളിഞ്ഞാല്‍ വിമാന യാത്രയ്ക്ക് രണ്ട് വര്‍ഷം മുതല്‍ ആജീവനാന്തം വരെ വിലക്ക് ലഭിക്കാവുന്നതാണിത്. സംഭവത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ്, തങ്ങളുടെ വിമാനങ്ങളില്‍ അഞ്ച് വര്‍ഷത്തേക്ക് യാത്ര ചെയ്യുന്നതിന് സില്ലയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം ഡി.ജി.സി.എയെ അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഡി.ജി.സി.എ സൂക്ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.