ചങ്ക് വിരിച്ച് ശ്രീധരന്‍പിള്ള നെഞ്ചിനുള്ളില്‍ ശ്രീധരന്‍പിള്ള

Sunday 20 May 2018 12:42 pm IST
ചങ്ക് വിരിച്ച് ശ്രീധരന്‍പിള്ള, നെഞ്ചിനുള്ളില്‍ ശ്രീധരന്‍പിള്ള, തല ഉയര്‍ത്തി ശ്രീധരന്‍പിള്ള..... ചെങ്ങന്നൂരിന്റെ നടവഴികളില്‍, ഇടവഴികളില്‍, നാലാളു കൂടുന്നിടങ്ങളില്‍ കുട്ടികളുടെ പോലും ചുണ്ടുകളില്‍ ഹരമായി മാറുകയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍.

ചെങ്ങന്നൂര്‍: ചങ്ക് വിരിച്ച് ശ്രീധരന്‍പിള്ള, നെഞ്ചിനുള്ളില്‍ ശ്രീധരന്‍പിള്ള, തല ഉയര്‍ത്തി ശ്രീധരന്‍പിള്ള..... ചെങ്ങന്നൂരിന്റെ നടവഴികളില്‍, ഇടവഴികളില്‍, നാലാളു കൂടുന്നിടങ്ങളില്‍ കുട്ടികളുടെ പോലും ചുണ്ടുകളില്‍ ഹരമായി മാറുകയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍. 

മത്സരം മുറുകും തോറും പാട്ടിലൂടെയും പോര് കനക്കുകയാണ്. ജനപ്രിയഗാനങ്ങളുടെ ഈണത്തിലെത്തുന്ന പാരഡികള്‍ക്കാണ് പ്രിയമേറെയും. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥിമാഹാത്മ്യം പാടിപ്പുകഴ്ത്തുമ്പോള്‍ എന്‍ഡിഎ ചെങ്ങന്നൂരിന്റെ ജീവല്‍പ്രശ്നങ്ങള്‍ മുതല്‍ ഇടതുവലതുമുന്നണികളുടെ രാഷ്ട്രീയ പാപ്പരത്തം വരെ നിരത്തിയാണ് പാട്ടുകള്‍ പൊലിപ്പിക്കുന്നത്.

''നമ്മളുകൊയ്യും വയലെല്ലാം എവിടെപ്പോയെടി പൈങ്കിളിയേ'' എന്ന പാട്ടു തുളച്ചുകയറുന്നത് പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയായിപ്പോയ ഒരു സമൂഹത്തിന്റെ നെഞ്ചിനുള്ളിലേക്കാണ്. ബിജെപിയുടെ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും  സാംസ്‌കാരികപ്രവര്‍ത്തകനുമായ ഡി. അശ്വനിദേവാണ് ഈ ഗാനം രചിച്ചത്. 

ആറ് പാരഡികളും നാല് സ്വതന്ത്രഗാനങ്ങളുമടക്കം പത്ത് പാട്ടുകളാണ് ബിജെപിയുടെ പ്രചരണായുധം. പരിസ്ഥിതി പ്രശ്നങ്ങള്‍, ചെങ്ങന്നൂരിന്റെ വികസനം, ഇടത് വലത് ഒത്തുതീര്‍പ്പ് രാഷ്ട്രീയം എന്നിവയെല്ലാം പാട്ടുകള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ഗാനരചനയ്ക്ക് സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം നേടിയ ഒ.എസ്. ഉണ്ണിക്കൃഷ്ണന്റെ പാട്ടുകളും ചെങ്ങന്നൂരില്‍ ഹിറ്റാണ്. ഗിരീഷ് സൂര്യനാരായണന്റേതാണ് സംഗീതസംവിധാനം. പാരഡികള്‍ തയ്യാറാക്കിയത് പ്രശസ്ത കോമഡിതാരം ഫിറോസ് കരുനാഗപ്പള്ളിയും. 

പാട്ട് മുറുകുകയായാണ്.... ഓരോ സ്വീകരണയോഗങ്ങളിലും ആരവങ്ങളും നൃത്തച്ചുവടുകളുമായി പ്രവര്‍ത്തകര്‍ കൂടുന്നു. പ്രചരണവാഹനം കടന്നുപോകുമ്പോഴും ചെങ്ങന്നൂരിന്റെ വഴിയോരങ്ങള്‍ ഏറ്റുപാടുന്നു, ''ചെങ്ങന്നൂരിന്‍ ശ്രീയായി, കേരളനാടിന്‍ ശ്രീയായി ശ്രീധരന്‍പിള്ള വരുന്നു....'' 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.