ഛത്തിസ്ഗഡില്‍ ബോംബ് സ്ഫോടനം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

Sunday 20 May 2018 2:33 pm IST
ഛത്തിസ്ഗഡിലെ ദന്തേവാഡയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു

റായ്പുര്‍: ഛത്തിസ്ഗഡിലെ ദന്തേവാഡയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന പോലീസ് വാഹനം സ്ഫോടനത്തില്‍ തകരുകയായിരുന്നു. ഇതിന് പിന്നാലെ നക്സലുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോഡിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടു.

ഛത്തിസ്ഗഡ് ആംഡ് ഫോഴ്സില്‍ നിന്നുള്ളവരാണ് വീരമൃത്യു വരിച്ച രണ്ട് ജവാന്മാര്‍. ദന്തേവാഡ ജില്ലാ ഫോഴ്സിന്റെ ഭാഗമാണ് മറ്റ് രണ്ട് ജവാന്മാര്‍. ഛത്തിസ്ഗഡില്‍ ശക്തമായ നക്സല്‍ സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യം മേഖലയിലേക്കു തിരിച്ചിട്ടുണ്ട്. നക്സലുകള്‍ക്കായി തിരച്ചിലും ശക്തമാക്കിയിരിക്കുകയാണ്.

മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയ സുരക്ഷാ സൈനികരെ ലക്ഷ്യംവച്ചാണ് സ്ഫോടനം നടത്തിയത്. സുരക്ഷാ സൈനികരുടെ ഓട്ടോമാറ്റിക് റൈഫിളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ അപഹരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.