സംസ്‌കൃത വാഴ്‌സിറ്റിയില്‍ ബിരുദപഠനം

Monday 21 May 2018 2:07 am IST

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മെയിന്‍ കാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2018-19 വര്‍ഷത്തെ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

സംസ്‌കൃതം-വ്യാകരണം, ന്യായം; സംസ്‌കൃതം ജനറല്‍, സാന്‍സ്‌ക്രിറ്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ വിഷയങ്ങളില്‍ ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലും പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, സ്‌കള്‍പ്ച്ചര്‍ വിഷയങ്ങള്‍ക്ക് മാര്‍ക്ക് സമ്പ്രദായത്തിലുമാണ് കോഴ്‌സുകള്‍ നടത്തുന്നത്.

കാലടി മെയിന്‍ ക്യാമ്പസില്‍ സംസ്‌കൃത വിഷയങ്ങള്‍ കൂടാതെ സംഗീതം, നൃത്തം എന്നിവ മുഖ്യവിഷയമായി ത്രിവത്‌സര ബിഎ ബിരുദ കോഴ്‌സുകളിലേക്കും പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, സ്‌കള്‍പ്ച്ചര്‍ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബിഎഫ്എ ബിരുദ കോഴ്‌സുകളിലേക്കും പ്രവേശനം നല്‍കും.

സര്‍വ്വകലാശാലയുടെ തിരുവനന്തപുരം (സംസ്‌കൃതം- ന്യായം, വ്യാകരണം, വേദാന്തം, സാഹിത്യം), പന്മന (സംസ്‌കൃതം, വേദാന്തം), ഏറ്റുമാനൂര്‍ (സംസ്‌കൃതം-സാഹിത്യം), തുറവൂര്‍ (സംസ്‌കൃതം-സാഹിത്യം), കൊയിലാണ്ടി (സംസ്‌കൃതം-സാഹിത്യം, വേദാന്തം, ജനറല്‍), തിരൂര്‍ (സംസ്‌കൃതം-വ്യാകരണം), പയ്യന്നൂര്‍ (സംസ്‌കൃതം-വ്യാകരണം, വേദാന്തം, സാഹിത്യം) എന്നീ പ്രാദേശിക കേന്ദ്രങ്ങളില്‍ വിവിധ സംസ്‌കൃത വിഷയങ്ങളിലാണ് പ്രവേശനം. സംസ്‌കൃത വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 350 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.

പ്ലസ്ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

നൃത്തം (മോഹിനിയാട്ടം, ഭരതനാട്യം), സംഗീതം, പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, സ്‌കള്‍പ്ച്ചര്‍ എന്നിവ മുഖ്യവിഷയമായ കോഴ്‌സുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെകൂടി അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായം 2018 ജൂണ്‍ ഒന്നിന് 22 വയസ് കവിയരുത്.

അപേക്ഷ ഓണ്‍ലൈനായി ssus.ac.in/www.ssuonline.org- ല്‍ ജൂണ്‍ 11 നകം സമര്‍പ്പിക്കാവുന്നതാണ്. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും യൂണിയന്‍ ബാങ്കില്‍ 50 രൂപ (എസ്‌സി/എസ്ടിക്കാര്‍ക്ക് 10 രൂപ മതി) അടച്ച ചെലാനും സഹിതം അതത് കേന്ദ്രത്തിലെ വകുപ്പ് അധ്യക്ഷന്‍/ഡയറക്ടര്‍ക്ക് ജൂണ്‍ 18 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ചെലാനും വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.