കത്വ പീഡനം: പ്രതി ഹാജരാക്കിയ ഒപ്പുകള്‍ വ്യാജമെന്ന് ക്രൈംബ്രാഞ്ച്

Monday 21 May 2018 2:12 am IST

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി വിശാല്‍ ജാന്‍ഗോത്രയുടെ ഒപ്പുകള്‍ വ്യാജമെന്ന് ക്രൈംബ്രാഞ്ച്. സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും ആ സമയത്ത് പരീക്ഷ എഴുതുകയായിരുന്നുവെന്നുമുള്ള വാദമാണ് ഇതോടെ പൊളിഞ്ഞത്. ഇയാള്‍ നല്‍കിയ ഹാള്‍ടിക്കറ്റിലെ ഒപ്പുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. വിശാലിന്റെ സുഹൃത്തുക്കളാണ് ഒപ്പിട്ടതെന്ന് പോലീസ് അറിയിച്ചു.  

വിശാലിന്റെ ഒപ്പുകള്‍ പരിശോധിക്കുമെന്ന് നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കത്വയില്‍ സംഭവം നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും താന്‍ മീററ്റില്‍ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണെന്നും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ ഒപ്പിനോട് യാതൊരു സാമ്യവുമില്ലാത്തതാണ് ഹാള്‍ടിക്കറ്റിലേതെന്നു തെളിഞ്ഞിട്ടുണ്ട്. 

കശ്മീര്‍ ക്രൈംബ്രാഞ്ചിന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറി ഒപ്പുകളുടെ ആധികാരികത സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിശാലിന്റെ മൂന്നു സുഹൃത്തുക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. നേരത്തെ ഇതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ജമ്മുവില്‍ നിന്ന് മീററ്റിലേക്കുള്ള ട്രെയിന്‍ വൈകിയതിനാല്‍ ഇയാള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിച്ചിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.