'നോ ഫ്‌ളൈ ലിസ്റ്റ്' ആദ്യ ആകാശയാത്രാ നിരോധനം ആഭരണ വ്യാപാരിക്ക്

Monday 21 May 2018 2:18 am IST

മുംബൈ: വിമാനയാത്ര തടസ്സപ്പെടുത്തുന്നവര്‍ക്കുള്ള വ്യോമയാന വകുപ്പിന്റെ യാത്രാനിരോധന പട്ടികയില്‍ (നോ ഫ്‌ളൈ ലിസ്റ്റ്) ആദ്യത്തെ പേര് മുംബൈയിലെ ആഭരണ വ്യാപാരി ബിര്‍ജു കിഷോര്‍ സല്ലയുടേത്. 2017 ഒക്‌ടോബറില്‍ ജെറ്റ് എയര്‍വേയ്‌സില്‍ വിമാന റാഞ്ചല്‍ ഭീഷണിയുയര്‍ത്തിയതിന് അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം.  

ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈ-ദല്‍ഹി വിമാനത്തിനു റാഞ്ചല്‍ ഭീഷണയുണ്ടെന്നായിരുന്നു ബിര്‍ജുവിന്റെ വ്യാജ സന്ദേശം. തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. 

നിരോധനത്തിനേര്‍പ്പെടുത്തിയ ആദ്യ മൂന്ന് വ്യവസ്ഥകളിലാണ് ബിര്‍ജുവിനെ പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്കുവരെ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു. 

'9 ഡബ്ല്യു339 വിമാനം റാഞ്ചികള്‍ വളഞ്ഞിരിക്കുകയാണ്. വിമാനം ഇറക്കാതെ നേരെ പാക് അധീന കശ്മീരിലേക്ക് പറത്തുക. വിമാനം ഇറക്കാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ മരിച്ചു വീഴുന്ന ശബ്ദമാകും കേള്‍ക്കുക. ഇത് തമാശയായി കാണരുത്. ചരക്കുകള്‍ സൂക്ഷിക്കുന്നിടത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബുകളാണുള്ളത്. വിമാനം ഡല്‍ഹിയില്‍ ഇറക്കാന്‍ ശ്രമിച്ചാല്‍ അവ പൊട്ടിത്തെറിക്കും'. ജെറ്റ് എയര്‍വേയ്‌സിന്റെ ബിസിനസ് ക്ലാസ് ശൗചാലയത്തില്‍ നിന്ന് കണ്ടെടുത്ത സന്ദേശം  ഇതായിരുന്നു. 

വിമാനം പിന്നീട് അഹമ്മദാബാദില്‍ സുരക്ഷിതമായി ഇറക്കി. ബോംബ് സ്‌ക്വാഡെത്തി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.