റഷ്യന്‍ സൗഹൃദത്തിന് പ്രഥമ പരിഗണന നല്‍കും

Monday 21 May 2018 2:21 am IST

ന്യൂദല്‍ഹി: റഷ്യന്‍ സൗഹൃദത്തിന് ഇന്ത്യ പ്രഥമ പരിഗണന നല്‍കുമെന്ന് കേന്ദ്രം. റഷ്യയിലെ സോചിയില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നാളെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. 2015ലെ ആണവക്കരാറില്‍ നിന്നും യുഎസ് പിന്‍മാറിയെങ്കിലും മുന്നോട്ടു പോകാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കും. കരാറില്‍ റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ട്. അതിനാല്‍ യു.എസിന്റെ പിന്‍വാങ്ങല്‍ കരാറിന് തടസമാകുമെന്ന് ഇന്ത്യ കരുതുന്നില്ല. 

ചര്‍ച്ചയില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തില്‍ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ചയാകും. കൂടാതെ ഇന്ത്യ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചും സംസാരിക്കും. സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ഇന്ത്യ റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നത്. ഇടപാടുകളില്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മുടക്കവും വരില്ലെങ്കിലും ഇറാനില്‍ നിന്നുള്ള അസംസ്‌കൃത ഓയില്‍ ഇറക്കുമതിക്ക് യുഎസ് ഡോളറാണ് ഉപയോഗിക്കുന്നത്. ഇതാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നത്. 

അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യ റഷ്യയുമായി ആയുധക്കച്ചവടത്തിന് ഇറങ്ങുന്നത്. എന്നാല്‍ റഷ്യ ചൈനയേയും പാക്കിസ്ഥാനേയും തള്ളിപ്പറയാത്തത് ഇന്ത്യക്ക് ആശങ്കയുളവാക്കുന്നുണ്ട്. നിലവില്‍ പാക്കിസ്ഥാനും റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ്. ഇതോടെ ചൈനയേക്കാള്‍ ഇന്ത്യ നിരീക്ഷിക്കേണ്ടത് പാക്കിസ്ഥാനെയാകും. ചൈനയേക്കാള്‍ മുമ്പ് ഇന്ത്യക്കു നേരെ പാക്കിസ്ഥാന്‍ ഈ ആയുധങ്ങള്‍ പ്രയോഗിച്ചേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്നും മുതിര്‍ന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

ഇന്ത്യ അമേരിക്കയില്‍ നിന്നും നേരിട്ട് ആയുധങ്ങള്‍ വാങ്ങിയ സാഹചര്യങ്ങളില്‍ റഷ്യക്ക് മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്.  സോവിയറ്റ് യൂണിയനുമായുള്ള ബന്ധം മുറിഞ്ഞതിനു ശേഷം റഷ്യ യാതൊരുവിധ മുന്‍വിധികളുമില്ലാതെയാണ് ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്നത്.  

പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണ് 2014ലെ മോദി- പുടിന്‍ ആദ്യ കൂടിക്കാഴ്ച മുതല്‍ ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത്. ഈ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.