കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന് ചൈന

Monday 21 May 2018 2:20 am IST

വാഷിങ്ടണ്‍/ബീജിങ്: അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന വാണിജ്യ പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന് ചൈന സമ്മതിച്ചതോടെയാണിത്. 

ഇറക്കുമതി ചെയ്യാവുന്ന ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും നിബന്ധനകള്‍ വെച്ചതോടെയാണ് വാണിജ്യതലത്തില്‍ സംഘര്‍ഷം രൂക്ഷമായത്. ഇത് മറ്റു തലങ്ങളിലേക്ക് വ്യാപിക്കും എന്നു തോന്നിയ ഘട്ടത്തിലാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. കൃഷി, ഊര്‍ജ രംഗത്തു നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന സമ്മതിച്ചതോടെയാണ് പ്രതിസന്ധിക്ക് അയവു വന്നത്. ഒത്തുതീര്‍പ്പിനു ശേഷം ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയും പുറത്തിറക്കി. 

വ്യാപാരക്കമ്മി ചൈന ഒരു മാസത്തില്‍ 100 ബില്യണ്‍ ഡോളറാക്കി കുറച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ക്കു നിര്‍ബന്ധിതനാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ക്കു മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനയും നിലപാടെടുത്തു. ഇതെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുങ്ങിയത്. 

ധനമന്ത്രി സ്റ്റീഫന്‍ ടി നുചിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘവും വൈസ് പ്രസിഡന്റ് ലിയു ഹിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സംഘവുമാണ് ചര്‍ച്ച നടത്തിയത്. കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന് ചൈന സമ്മതിച്ച സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഉന്നതതല സംഘം ബീജിങ്ങിലെത്തി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.