കര്‍ണാടക നല്‍കുന്ന സന്ദേശം

Monday 21 May 2018 2:30 am IST
കര്‍ണാടകത്തില്‍ ബിജെപി എടുത്ത നിലപാട് ശരിയായിരുന്നോ? സഭയില്‍ ഭൂരിപക്ഷമില്ല എന്നറിഞ്ഞിട്ടും എന്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു? എന്തിന് ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ സത്യപ്രതിജ്ഞക്ക് തയ്യാറായി? അങ്ങനെയൊക്കെ ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ നാം കാണാതെ പോയിക്കൂടാത്തത് കര്‍ണാടകത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയി ആരാണ് എന്നതാണ്. അത് ബിജെപിയായിരുന്നു.

കര്‍ണാടക നല്‍കുന്ന സന്ദേശമെന്താണ്? നിയമസഭാ തെരഞ്ഞെടുപ്പിനും ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ സ്ഥാനാരോഹണത്തിനും രാജിക്കും ശേഷമുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നവരില്‍ നിന്നുയരുന്ന ചോദ്യമാണിത്. തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി, അധികാരത്തിലേറണം എന്ന് ജനങ്ങള്‍ ആഗ്രഹിച്ച പാര്‍ട്ടി ഇന്നിപ്പോള്‍ അധികാരത്തിന് പുറത്താവുന്നു. ജനങ്ങളാല്‍ നിരാകരിക്കപ്പെട്ടവര്‍ അധികാരത്തിന്റെ സോപാനത്തിലേക്ക് കാലെടുത്തുവെക്കുന്നു. എന്താണിത് നല്‍കുന്ന സന്ദേശം? ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ പോരായ്മകള്‍ തന്നെയെന്നതില്‍ സംശയമില്ല. അതേസമയം ഇന്ത്യന്‍ ജനാധിപത്യം സുരക്ഷിതവും സുശക്തവുമാണെന്നത് വിസ്മരിക്കാനും കഴിയില്ല. 

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പല ഭരണഘടനാ സ്ഥാപനങ്ങളിലും വിശ്വാസമില്ലാത്ത അവസ്ഥയായിരുന്നു. ഭരണഘടനയില്‍ വിശ്വാസമില്ല, തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന വേളകളിലെല്ലാം വോട്ടിങ് യന്ത്രത്തില്‍ വിശ്വാസമില്ലാത്ത അവസ്ഥ, തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തീരെ തൃപ്തിയില്ല, കോടതികളിലും കടുത്ത അതൃപ്തി. എന്നാലിപ്പോള്‍ കോടതിയില്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാരില്‍  വലിയ വിശ്വാസമായിരിക്കുന്നു. അതിന് വഴിവെച്ചത് കര്‍ണാടകയാണെന്നത് പ്രധാനമാണ്. എന്നാല്‍ പുതിയ സഖ്യവും അത് നല്‍കുന്ന സര്‍ക്കാരും കോണ്‍ഗ്രസ്സിന് വരും നാളുകളില്‍ ചില്ലറ പ്രശ്‌നങ്ങളാവില്ല ഉണ്ടാക്കിക്കൊടുക്കുക. രൂപമെടുക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്ന ബിജെപി വിരുദ്ധസഖ്യത്തിന്റെ  സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യാനുള്ള രാഹുല്‍ ഗാന്ധിക്ക് ഒരു വലിയ എതിരാളിയെക്കൂടിയാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നത് ചെറിയ കാര്യമല്ലല്ലോ. 

കര്‍ണാടകത്തില്‍ ബിജെപി എടുത്ത നിലപാട് ശരിയായിരുന്നോ?  സഭയില്‍ ഭൂരിപക്ഷമില്ല എന്നറിഞ്ഞിട്ടും എന്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു? എന്തിന് ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ സത്യപ്രതിജ്ഞക്ക് തയ്യാറായി? അങ്ങനെയൊക്കെ ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ നാം കാണാതെ പോയിക്കൂടാത്തത് കര്‍ണാടകത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയി ആരാണ് എന്നതാണ്. അത് ബിജെപിയായിരുന്നു. 104 സീറ്റേ അവര്‍ക്ക് കിട്ടിയുള്ളൂ എന്നതുശരി; വ്യക്തമായ ഭൂരിപക്ഷത്തില്‍നിന്ന് ഏഴോ എട്ടോ സീറ്റുകള്‍ അകലെ. പക്ഷെ ആ നാട്ടിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയും ജനതാദള്‍ എസിനെയും പരാജയപ്പെടുത്തുകയായിരുന്നു എന്നത് ആ ജനഹിതത്തില്‍നിന്ന് വ്യക്തം. അതല്ലേ യഥാര്‍ത്ഥ ജനവിധി? ആലോചിച്ചുനോക്കൂ, മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു മണ്ഡലത്തില്‍ ദയനീയമായി തോറ്റു; മറ്റൊരിടത്ത് ജയിച്ചതാവട്ടെ കഷ്ടിച്ചും. ഒരു ഡസനിലേറെ മന്ത്രിമാര്‍ക്കാണ് ഇത്തവണ നിയമസഭ കാണാനാവാതെ വന്നത്. 2013 ല്‍ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇത്തവണ ലഭിച്ചത് വെറും 78 സീറ്റുകള്‍. സംസ്ഥാനത്തെ 222 മണ്ഡലങ്ങളിലും മത്സരിച്ച ജെഡിഎസിന് ലഭിച്ചതോ 38 സീറ്റും.  അത് മാത്രമല്ല; 2013 നെ അപേക്ഷിച്ച് കോണ്‍ഗ്രസ്സിന് ലഭിച്ചത് വെറും 1.60 ശതമാനം വോട്ടിന്റെ വര്‍ധനയാണെങ്കില്‍ ബിജെപിക്ക് ഉണ്ടായത് 16.3 ശതമാനം വോട്ടിന്റെ വര്‍ദ്ധന. അവിടെ ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസ്സിനെതിരായ വിധിയെഴുത്താണിത് എന്നത് തിരിച്ചറിയാന്‍ വേറെയെന്ത് സാക്ഷിപത്രമാണ് വേണ്ടത്. അതുകൊണ്ട് തന്നെ അധികാരത്തിലേറാനുള്ള ബിജെപിയുടെ തീരുമാനത്തിന് ന്യായമേറെയുണ്ട്. 

എസ്ആര്‍ ബൊമ്മെ കേസിലെ വിധിയുടെയും ജസ്റ്റിസ് സര്‍ക്കാരിയാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും മറ്റും പശ്ചാത്തലത്തില്‍, ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെവരുന്ന വേളയില്‍, തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായ ഒരു സഖ്യത്തിന് ഭൂരിപക്ഷമില്ലെങ്കില്‍, ഏറ്റവും വലിയ ഒറ്റകക്ഷിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാം എന്നതാണ്. അത്തരത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് അതില്‍ വിജയിക്കാനായില്ലെങ്കിലോ അവര്‍ നിരാകരിച്ചാലോ മാത്രമേ മറ്റ് പോംവഴികള്‍ ഗവര്‍ണര്‍ ആലോചിക്കേണ്ടതുള്ളൂ. അതാണ് ബിജെപി ഉന്നയിച്ചത്; അതാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. പക്ഷെ സഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയാതെ വന്നാലോ? ശരിയാണ്, അതൊരു പ്രധാന പ്രശ്‌നമാണ്. ഭൂരിപക്ഷം ലഭിക്കില്ല എന്ന് തീര്‍ച്ചയായാല്‍ രാജിവെക്കുക എന്നതാണ് മാര്‍ഗം. അതിലേക്ക് അവര്‍ എത്തിച്ചേരുകയും ചെയ്തു. അതുകൊണ്ട് എടുത്ത നിലപാടുകളില്‍, നയത്തില്‍, ഒന്നും ഒരു  തെറ്റുമില്ലതന്നെ. പിന്നെ ഇത്തരം പശ്ചാത്തലത്തില്‍ ഇതുപോലെ ഒരു  ഭാഗ്യപരീക്ഷണം നടത്തണോ? അത് വേണമെങ്കില്‍ ഏതെല്ലാം സാഹചര്യത്തിലാവണം. അതൊരു രാഷ്ട്രീയ തീരുമാനമാണ്.  ഇതൊക്കെ വിലയിരുത്താനും യഥാവിധിവേണ്ടുന്ന തീരുമാനമെടുക്കാനും കഴിവും അനുഭവവും  പരിചയവുമുള്ള നേതൃത്വം ഇന്ന് ബിജെപിക്കുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ആശങ്ക വേണ്ടതില്ലതന്നെ. 

ഇന്നിപ്പോള്‍ ജനതാദള്‍ എസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരാണ് അവിടെ അധികാരമേല്‍ക്കുന്നത്.  ഈ രണ്ട് കക്ഷികള്‍ അനാദികാലമായി രണ്ട് ധ്രുവങ്ങളില്‍ നിലകൊണ്ടിരുന്നവരാണ്. ഈ തെരഞ്ഞെടുപ്പ് വേളയിലും  അവര്‍ പരസ്പരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടാണ് മത്സരിച്ചത്. ബിജെപിയുടെ 'ബി ടീം' ആണ് ജെഡിഎസ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പലവേദികളും പറഞ്ഞതോര്‍ക്കുക. കോണ്‍ഗ്രസ്സിനേക്കാള്‍ എത്രയോ ഭേദമാണ് ബിജെപി എന്നതാണ് അതിനോട് പ്രതികരിക്കവേ കുമാരസ്വാമിയും മറ്റും പറഞ്ഞിരുന്നത്. അതുപോലെ അനവധി പരസ്യ പ്രസ്താവനകള്‍ നാം കണ്ടു.  എന്നാലിപ്പോള്‍ ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്താനായി അവര്‍ ഒന്നിച്ചിരിക്കുന്നു. അത്തരം സഖ്യങ്ങള്‍ ഇന്ത്യയില്‍ പുതിയതല്ല. പക്ഷെ ഇവിടെ നാം ഓര്‍ക്കേണ്ടതായ ഒരു കാര്യം, നേരത്തെ സൂചിപ്പിച്ചത് പോലെ,  ജനങ്ങള്‍ നിരാകരിച്ച രണ്ടുകൂട്ടര്‍  അധികാരം പിടിച്ചടക്കാനായി ഒന്നിച്ചിരിക്കുന്നു  എന്നതാണ്. എങ്ങനെയായാലും അധികാരത്തിന്റെ തണലില്‍ കഴിയണമെന്ന ചിന്തയാണ് കോണ്‍ഗ്രസ്സിന്. ജനങ്ങള്‍ കയ്യൊഴിഞ്ഞിട്ടും അധികാരമില്ലാത്ത നാളുകളെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല.  അതുകൊണ്ടാണ് അവര്‍  തങ്ങളുടേതില്‍ നിന്ന് പകുതി സീറ്റുമാത്രമുള്ള കക്ഷിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചത്. വേറെയൊരു വിധത്തില്‍ ചിന്തിച്ചാല്‍ അതല്ലേ അടുത്തിടെകണ്ട  വലിയ രാഷ്ട്രീയക്കച്ചവടം. അധികാരം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പില്‍ തോറ്റ ഒരു കക്ഷി തോറ്റുപോയ മറ്റൊരു പാര്‍ട്ടിയെ വിലക്കെടുക്കുന്നു. ഒരുതരം 'ഹോള്‍ സെയില്‍ ഡീല്‍'. അതെന്തൊക്കെയായാലും ഈ സര്‍ക്കാരിന് എത്രനാള്‍ ജനമനസ്സില്‍ ജീവിക്കാനാകും എന്തൊക്കെ ജനങ്ങള്‍ക്ക് ചെയ്യാനാവും എന്നതൊക്കെ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. ഇന്നിപ്പോള്‍ കര്‍ണാടകത്തില്‍ കേള്‍ക്കുന്ന ഒരു കാര്യം, ജനതാദള്‍ എസുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ ധാരണയില്‍ ഒരേയൊരു കാര്യമേയുള്ളൂ. അത് സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കുകയോ അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുത് എന്നത്. അതാണവരുടെ 'കോമണ്‍ മിനിമം പ്രോഗ്രാം'. 

ഇവിടെ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെതിരെ നിയമസഭയിലുംപുറത്തും എത്രയോ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സിദ്ധരാമയ്യയുടെ കാലഘട്ടത്തില്‍ കുംഭകോണങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായിരുന്നു. അതില്‍ പലതുമുന്നയിച്ചത് ജനതാദള്‍-എസ്  നേതാക്കളാണ്. എച്ച്ഡി കുമാരസ്വാമിയും പിതാവ് ദേവഗൗഡയുമൊക്കെ അതിലുള്‍പ്പെടും. അതില്‍ പലതും സഭാരേഖകളിലുണ്ട്. പലതും പൊതുമണ്ഡലത്തിലുമുണ്ട്. ഇതൊക്കെ നാളെ ചര്‍ച്ചയാവുമെന്നതില്‍ സംശയമില്ല. അവിടെയാണ് ഈ പുതിയ മുഖ്യമന്ത്രി വിലയിരുത്തപ്പെടുക. ഏതെങ്കിലും ഒരു തട്ടിപ്പോ കേസോ അന്വേഷിച്ചാല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസ്സിന് പ്രശ്‌നമാവും. എന്നാല്‍ അന്വേഷിക്കാതിരുന്നാലോ, നൂറ്റിനാല് അംഗങ്ങളുള്ള ബിജെപിയാണ് പ്രതിപക്ഷത്ത്. അത് കരുത്തുതന്നെയാണ്. അവര്‍ക്ക് അത് തുറന്നുകാട്ടാനുമാവും. മുന്‍പ് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയ്ക്കുള്ള പിന്തുണ  കോണ്‍ഗ്രസ് ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചത് മറന്നുകൂടാ. അതുകൊണ്ട് അഴിമതിക്കാരെ നിലയ്ക്ക് നിര്‍ത്തണോ ഭരണം വേണോ എന്നതൊക്കെയാവും പുതിയ മുഖ്യമന്ത്രിയുടെ മുന്നില്‍ ആദ്യം മുതലേയുള്ള ചോദ്യം. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരു ഭരണകൂടമായി ഇത് മാറിയാല്‍ അതിശയിക്കാനില്ല എന്നര്‍ത്ഥം. ജനതാദള്‍ എസിന്റെ ഭരണ ചരിത്രം മറക്കാന്‍ നമുക്കാര്‍ക്കും കഴിയുകയുമില്ലല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.