ചെങ്ങന്നൂര്‍ കര്‍ണാടകയില്‍ നിന്ന് അകലെയല്ല

Monday 21 May 2018 2:28 am IST

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രചാരണത്തില്‍ നിറയുന്നത് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജനതാദള്‍ അവിശുദ്ധ കൂട്ടുകെട്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം നെറികെട്ട രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ കൃത്യമായ മറുപടി നല്‍കാനാകാതെ ഒളിച്ചോടുകയാണ് ഇടതുവലതു മുന്നണികള്‍. 

കര്‍ണാടകത്തിലെ നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ചെങ്ങന്നൂരില്‍ എത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമെന്ന സാമൂഹ്യമാധ്യമങ്ങളിലെ ചോദ്യം ചാട്ടുളിയായി നെഞ്ചില്‍ തറയ്ക്കുന്നത് സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം കേവലം പത്ത് ശതമാനം മാത്രമായിരുന്നു. ഇത്തവണ മത്സരം കടുത്തതോടെ  ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മുമായി കര്‍ണാടക മോഡലില്‍ ഒത്തുകളിക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന പ്രചരണം മണ്ഡലത്തില്‍ ശക്തമാണ്.

കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ പ്രമുഖരുടെ അഴിമതിക്കേസുകള്‍ വെച്ച് സിപിഎം വിലപേശുകയാണെന്നും സംസാരമുണ്ട്. നിക്ഷേപ തട്ടിപ്പ്, ഹരിപ്പാട് മെഡിക്കല്‍ കോളേജ്, പോലീസ് നിയമന തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയുള്ളത്. കേരള രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ചെങ്ങന്നൂരിലെ പ്രചാരണരംഗം നേരെ കര്‍ണാടകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

 കര്‍ണാടകത്തില്‍ പത്തൊമ്പതിടത്ത് മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മത്സരിച്ച മണ്ഡലത്തില്‍ രണ്ടാമതെത്താനായി എന്നതൊഴിച്ചാല്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ല. സിപിഎമ്മിന് ആകെ കിട്ടിയത് 81,191 വോട്ടാണ്. 0.2% വിഹിതവുമായി മത്സരിച്ച പത്ത് പാര്‍ട്ടികളില്‍ എട്ടാം സ്ഥാനത്ത്. കേരളത്തില്‍ നിന്ന് എം.ബി. രാജേഷ് എംപി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ സിപിഎം 'നോട്ട'യ്ക്കും പിന്നില്‍പോയതിന്റെ നാണക്കേടില്‍ നിന്ന് സഖാക്കള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.  

എല്‍ഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമി കോണ്‍ഗ്രസ് പിന്തുണയില്‍ മുഖ്യമന്ത്രിയാകുന്നതിനെ ന്യായീകരിക്കാന്‍ സിപിഎം ഇവിടെ ഏറെ പാടുപെടുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു കോണ്‍ഗ്രസ് ബാന്ധവത്തിനെതിരെ അരയും തലയും മുറുക്കി പോരാടിയത്. അതേ കോണ്‍ഗ്രസ്സിനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് സിപിഎം. കര്‍ണാടക രാഷ്ട്രീയത്തില്‍ ഒരു റോളും ഇല്ലാതായതില്‍ സിപിഎം ചെങ്ങന്നൂരില്‍ പരിഹാസ്യരാകുകയാണ്.  

ദേശീയ പാര്‍ട്ടിക്ക് ആകെയുള്ള കച്ചിത്തുരുമ്പാണ് കേരളം എന്ന നിലയിലുള്ള പരിഹാസം സിപിഎം നേതാക്കളെ വിറളിപിടിപ്പിക്കുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം മാറി വരുന്നതിന് മുന്‍പാണ് കര്‍ണാടകയിലെ ദയനീയ പ്രകടനം സിപിഎമ്മിനെ വേട്ടയാടുന്നത്. അതിലുപരി പശ്ചിമബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും പിന്നിലാണ് സ്ഥാനമെന്നതും സിപിഎമ്മിനെ ചെങ്ങന്നൂരില്‍ പ്രചാരണ രംഗത്ത് പ്രതിരോധത്തിലാക്കി.  

കര്‍ണാടകത്തിലെ വിജയം  ബിജെപിക്ക് ചെങ്ങന്നൂരില്‍ പ്രചാരണരംഗത്ത് മേല്‍ക്കൈ നല്‍കുന്നു. ത്രിപുര, കര്‍ണാടക. അടുത്തത് കേരളം തന്നെയെന്ന ബിജെപിയുടെ പ്രഖ്യാപനം വോട്ടര്‍മാരെ സ്വീകരിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. തിരുവനന്തപുരം നേമത്ത് ഒ.രാജഗോപാല്‍ തുടങ്ങിവെച്ചത് ചെങ്ങന്നൂരില്‍ പി.എസ്.ശ്രീധരന്‍പിള്ളയിലൂടെ പിന്തുടരും എന്നതാണ് ബിജെപി നിലപാട്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്കാണ് ഭരിക്കാനുള്ള ജനവിധിയെന്നാണ് ഇടതുവലതു കുപ്രചരണത്തിനുള്ള ബിജെപിയുടെ മറുപടി. 

കഴിഞ്ഞ തവണ 42,682 വോട്ടുനേടിയ എന്‍ഡിഎ ഇത്തവണ വിജയപ്രതീക്ഷയിലാണ്.  പ്രചാരണത്തില്‍ ഇതുവരെയും സിപിഎമ്മിനും ബിജെപിക്കുമൊപ്പം എത്താന്‍  യുഡിഎഫിനായിട്ടില്ല. കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനതാദളിനെ പിന്തുണച്ചതോടെ ഇവിടെ ആയുധം നഷ്ടപ്പെട്ട അവസ്ഥയിലായി കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എല്‍ഡിഎഫിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതല്ലേ രാഷ്ട്രീയ ധാര്‍മ്മികത എന്ന് അണികള്‍ ചോദിച്ചു തുടങ്ങി. ബിജെപിയെയും എല്‍ഡിഎഫിനെയും ഒരേ പോലെ എതിര്‍ക്കുന്നു എന്ന നിലപാട് ജനം വിശ്വസിക്കില്ല എന്നും പ്രാദേശിക നേതാക്കള്‍ വരെ പറഞ്ഞുതുടങ്ങി. ഇതോടെ കോണ്‍ഗ്രസ്സിന്റെ മത്സരം വെറും ചടങ്ങായി മാറി എന്നതാണ് അവസ്ഥ.  

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ആഹ്ലാദം പങ്കുവയ്ക്കുന്ന ഇടതു-വലതു മുന്നണികള്‍ ചെങ്ങന്നൂരില്‍ പരസ്പരം മത്സരിക്കുന്നത് ജനത്തെ കബളിപ്പിക്കലല്ലേയെന്ന ബിജെപിയുടെ ചോദ്യത്തിന് ഉത്തരമില്ല, 'ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി കഴിഞ്ഞു കോണ്‍ഗ്രസ്സും സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷവും. പിന്നെ എന്തിനാണ് ഇവിടെ മാത്രം പരസ്പരം മത്സരിക്കുന്നത്? എന്നിങ്ങനെ രാഷ്ട്രീയ കേരളം ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങള്‍ ചെങ്ങന്നൂരില്‍ നിറയുകയാണ്.

അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കര്‍ണാടക മോഡലിനുള്ള ആദ്യ തിരിച്ചടി ചെങ്ങന്നൂരിലാകും ലഭിക്കുക എന്ന പ്രതീക്ഷയാണ് എന്‍ഡിഎയ്ക്കുള്ളത്. കര്‍ണാടക ചെങ്ങന്നൂരില്‍ നിന്ന് വളരെയകലെയല്ല എന്നത് ആരെക്കാളും ഇവിടുത്തെ വോട്ടര്‍മാര്‍ക്കറിയാം. അതുതന്നെയാണ് ജനാധിപത്യ കേരളത്തിന്റെ ശുഭപ്രതീക്ഷയും. അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന ജനവിധി ചെങ്ങന്നൂരിലുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.