കുട്ടനാട് പാക്കേജ് കര്‍ഷകര്‍ക്ക് ഗുണം ചെയ്തില്ല

Monday 21 May 2018 2:29 am IST

ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവും അതിലുപരി കുട്ടനാട്ടുകാരനുമായ ഡോ. എം.എസ്. സ്വാമിനാഥന്‍ കുട്ടനാട് കാര്‍ഷിക മേഖലയ്ക്കു വേണ്ടി വിഭാവനം ചെയ്ത കുട്ടനാട് കാര്‍ഷിക പാക്കേജ് നടപ്പാക്കിയതിലെ വൈകല്യംകൊണ്ട് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും യാതൊരു ഗുണവുമുണ്ടാകാതെ പോയി. സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അതേ രീതിയില്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാന്‍ തയ്യാറായിരുന്നെങ്കില്‍  വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നു. 1840 കോടിരൂപയുടെ പാക്കേജ് അഴിമതിയുടെ പാക്കേജായി മാറി. പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാവാനുണ്ട്. പല സ്ഥലങ്ങളിലും ബണ്ടുകള്‍ പൊളിച്ചശേഷം നിര്‍മ്മാണം നടത്താതെ കരാറുകാര്‍  മുങ്ങി. കൃഷിവകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ഏകോപനം ഇല്ലായ്മയും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമാണ് കാര്‍ഷിക പാക്കേജ് നശിക്കാന്‍ പ്രധാനകാരണം. 

 -വി.സജീവ്, ആലപ്പുഴ

കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കരുത് 

സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയായ നടപടിയായി കാണാനാവില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടത്. ഒരു സമൂഹത്തെ ഒന്നാകെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്നതാണ് കെഎസ്ആര്‍ടിസിയുടെയും സര്‍ക്കാരിന്റെയും നടപടി. നിലവിലുള്ള താത്കാലിക ജീവനക്കാരെ ഒഴിവാക്കി കെഎസ്ആര്‍ടിസിയിലെ ടയര്‍ റീട്രഡിങ് വിഭാഗം പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കാനാണ് നീക്കം. കെഎസ്ആര്‍ടിസിയുടെ നടപടിമൂലം ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമായിക്കഴിഞ്ഞു. കൂടുതല്‍ വിഭാഗങ്ങള്‍ സ്വകാര്യവത്കരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലാകും. 

-ആര്‍. രാജപ്പന്‍, ചേര്‍ത്തല 

ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാത്തത് പിടിപ്പുകേട്

കേരളം ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടും ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാത്തത് സംസ്ഥാനത്തിന്റെ പിടിപ്പുകേട് മൂലമാണ്.  എട്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച സ്‌ക്വാഡ് ഇതുവരെ നടപ്പാക്കിയില്ലെന്ന് പറയുന്നത് കേരളത്തിലെ ഭരണസംവിധാനത്തിന്റെ തകര്‍ച്ചയല്ലാതെ മറ്റെന്താണ്? ആഭ്യന്തര വകുപ്പിന്റെ തീരുമാനം ഫയലില്‍ ഉറങ്ങുമ്പോള്‍ ഐഎസ് തീവ്രവാദം നിര്‍ബാധം വളരുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകരടക്കം തീവ്രവാദങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായാണ് ഒടുവില്‍ എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്ക് പുറമെ എറണാകുളത്ത് നിന്നും ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.  ഇനിയെങ്കിലും ഇത്തരം നടപടികള്‍ തടഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ ഭാവി തന്നെ അവതാളത്തിലാകും. 

  -എച്ച്. അനന്തകൃഷ്ണന്‍, എറണാകുളം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.