അന്തസ്സില്ലാത്ത ഉദ്യോഗസ്ഥര്‍ ദുഷ്‌പേര് കേള്‍പ്പിക്കുന്നു: മുഖ്യമന്ത്രി

Monday 21 May 2018 2:37 am IST

കോഴിക്കോട്: ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിടിച്ചുപറി സംസ്‌കാരത്തിന്റെ ഭാഗമായ അന്തസില്ലാത്തവരാണ് ഉദ്യോഗസ്ഥ വിഭാഗത്തിന് ദുഷ്പ്പേര് കേള്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കി കോഴിക്കോട് കോര്‍പ്പറേഷനില്‍ ആരംഭിച്ച സുവേഗ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികളുമായി ബന്ധപ്പെട്ട അഴിമതി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അഴിമതിക്ക് പൂര്‍ണ്ണ പരിഹാരമായിട്ടില്ല. ഒരു വിഭാഗം അന്തസ്സില്ലാത്തവര്‍ ഉണ്ട്. അവര്‍ അഴിമതി അവകാശമാണെന്ന് കരുതുന്നു. ജീവിക്കാനാവശ്യമായ വരുമാനം ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ശീലിക്കണം. 

അഴിമതി പാടില്ലെന്ന് പറയുമ്പോള്‍ ചിലര്‍ ഊറിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ പുതിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുണ്ട്. പരിശോധന ശക്തമായതുകൊണ്ട് വക്താക്കളും അടയാളങ്ങളും ഉപയോഗിച്ച് നടത്തുന്നു. 

ജനങ്ങളുമായി ഏറ്റവുമധികം  ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരില്‍ ചിലര്‍ ആളുകളെ ദ്രോഹിക്കുന്നത് അവകാശമായി കാണുന്നവരാണ്. അഴിമതിക്കാര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍ അദ്ധ്യക്ഷനായി. എംഎല്‍എമാരായ എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ് കോയ, ജില്ലാ കളക്ടര്‍ യു.വി. ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, റീജിണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക്, മലബാര്‍ ചേമ്പര്‍  ഓഫ് കൊമേഴ്സ്  പ്രസിഡന്റ് പി.വി. നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.