ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉത്തരവ്

Monday 21 May 2018 2:41 am IST

തിരുവനന്തപുരം: ടൂറിസ്റ്റുകളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ടൂറിസം കേന്ദ്രങ്ങളിലെ  ടൂറിസം സംരക്ഷണ-പോലീസ് സഹായ കേന്ദ്രങ്ങള്‍  ജൂണ്‍ 15 നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് നിര്‍ദേശം. കൂടുതല്‍ ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി നിയോഗിക്കും. വനിതാ പോലീസുകാരെ ആവശ്യമായ  ടൂറിസം പോലീസ് വിഭാഗത്തില്‍ നിയോഗിക്കും.

 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സ്ഥലത്തെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും, ടാക്‌സി ,ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ഇത്തരം  കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ താമസത്തിനെത്തുന്ന സഞ്ചാരികളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിനെ അറിയിക്കണം.  ആയുര്‍വേദ-യോഗ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്. ടൂറിസം കേന്ദ്രങ്ങളില്‍ സാമൂഹിക വിരുദ്ധരെ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കും. 

ടൂറിസം കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്കും മറ്റും തിരിച്ചറിയല്‍ മുദ്ര ഉള്‍പ്പെടെയുള്ള യൂണിഫോം നിര്‍ബന്ധമാക്കും. വഴിയോര കച്ചവടക്കാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാരെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല.  

പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില പോലീസ് സ്റ്റേഷനുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനറിയുന്ന പോലീസുദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തും. 

ടൂറിസം പോലീസിന്റെ യൂണിഫോം പരിഷ്‌കരിച്ച് കാക്കി നിറത്തിലാക്കും.  ടൂറിസ്റ്റുകള്‍ എത്തിച്ചേരുമ്പോള്‍തന്നെ അവര്‍ക്ക് അംഗീകൃത ഗൈഡുകള്‍, സഹായക ഫോണ്‍ നമ്പരുകള്‍ , ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങള്‍, ലൈസന്‍സ് ഉള്ള ഹോട്ടലുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, അടുത്തുള്ള ആശുപത്രികള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍  നല്‍കും. ടൂറിസം പോലീസ് മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.