ഒടുവില്‍ ചെല്‍സിക്ക് കിരീടം

Monday 21 May 2018 2:47 am IST

വെംബ്ലി: ഈ സീസണില്‍ ഒരു കിരീടമെന്ന ചെല്‍സിയുടെ മോഹം പൂവണിഞ്ഞു. വെംബ്ലിയിലെ കലാശക്കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി എഫ് എ കപ്പില്‍ മുത്തമിട്ടു. ഏദന്‍ ഹസാഡ് പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ കുറിച്ചത്.

ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയാതെ പോയ ചെല്‍സിക്ക് ആശ്വാസമായി എഫ് എ കപ്പ് കിരീടം. ഇത് എട്ടാം തവണയാണ് അവര്‍ എഫ് എ കപ്പ് നേടുന്നത്. 2012 ലാണ് അവസാനമായി അവര്‍ കിരീടം ചൂടിയത്. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ഈ സീസണില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ആദ്യ പകുതിയില്‍ ചെല്‍സിയാണ് കളിച്ചത്്. അതേസമയം മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികവ് കാട്ടാനായില്ല.  21-ാം മിനിറ്റില്‍ ചെല്‍സി  ഗോള്‍ നേടി. യുണൈറ്റഡിന്റെ ജില്‍ ജോണ്‍സിന്റെ ഫൗളിന് ലഭിച്ച സ്‌പോട്ട് കിക്ക് ബെല്‍ജിയം താരമായ ഹസാഡ് അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു.  

രണ്ടാം പകുതിയില്‍ കഥമാറി. യുണൈറ്റഡാണ് കളിക്കളം അടക്കിവാണത്. അലക്‌സി സാഞ്ചസ് ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. അവസാന നിമിഷങ്ങളില്‍ ഗോളടിക്കാനുളള യുണൈറ്റഡിന്റെ നീക്കങ്ങളെ ഫലപ്രദമായി തടഞ്ഞു നിര്‍ത്തി. ഇതോടെ 13-ാം കിരീടം നേടി എഫ് എ കപ്പില്‍ ആഴ്‌സണലിന്റെ റെക്കോഡിനൊപ്പം എത്താമെന്ന 

യുണൈറ്റഡിന്റെ സ്വപ്‌നം തകര്‍ന്നു. സീസണില്‍ ഒരു കീരീടമെന്ന പ്രതീക്ഷയും അസ്തമിച്ചു. മാനേജറെന്ന നിലയില്‍ പതിനഞ്ചു എഫ്എ കപ്പ് ഫൈനലുകളില്‍ മൗറീഞ്ഞോയുടെ മൂന്നാം തോല്‍വിയാണിത്്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.