കേരളത്തെ കശ്മീരാക്കാത്തത് ആര്‍എസ്എസ് പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

Monday 21 May 2018 2:52 am IST

തിരുവനന്തപുരം: ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം  നിരന്തരം ഇല്ലായിരുന്നുവെങ്കില്‍ കേരളം ഇതിനു മുമ്പേ കശ്മീരായി തീരുമായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. പാറശാല വിദ്യാപീഠം സീനിയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കത്വയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് നടന്ന ആക്രമണം ആസൂത്രിതമാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ ഹിന്ദുക്കളെ ആക്രമിച്ച് ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതിയായിരുന്നു അത്. ഭാരതം നിലനില്‍ക്കുന്നത് ഭരണഘടന, ശക്തമായ ജനാധിപത്യ സംവിധാനം, സൈന്യം, ആര്‍എസ്എസ് എന്നീ  പ്രധാന നാലു ഘടകങ്ങളെ ആശ്രയിച്ചാണെന്ന്  മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.  ഈ  ഘടകങ്ങളെ ഇല്ലാതാക്കാനാണ്  സംഘടിത ശ്രമം നടത്തുന്നത്.  ഭാരതത്തെ 25 കഷണങ്ങളായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നില്‍. ജെഎന്‍യു പോലുള്ള കാമ്പസില്‍ നിന്ന് ഉയരുന്നത് ഭാരതമേ തുലഞ്ഞു പോകൂ അതുവരെ ഞങ്ങളുടെ സമരം തുടരുമെന്നാണ്. അതിന്റെ ഭാഗമായാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടക്കുന്ന അക്രമങ്ങള്‍.

 ഈ സംഘടിത നീക്കം വിജയിപ്പിക്കുന്നതിനായി ചിലരെ രാജ്യവ്യാപകമായി കൂട്ടുപിടിക്കുന്നു. അവരോടൊപ്പം ചേരുന്നവര്‍ ഭാരതത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്നില്ല. സ്ഥാപിത താത്പര്യങ്ങള്‍ മാത്രം.  ഇതിലേക്കായി സ്വയംസേവകരെ ആക്രമിച്ച് ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു മൂല്യങ്ങളെയും ആധ്യാത്മിക ഗ്രന്ഥങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദനെ പോലുള്ള ആധ്യാത്മിക സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ നിന്ദിക്കുന്നു. ഗുരുദേവനെയും കുമാരനാശാനെയും വരെ ബ്രിട്ടീഷ് ദാസ്യത്തിന്റെ വക്താക്കള്‍ എന്ന് അധിക്ഷേപിച്ചു. വീര സവര്‍ക്കറെ പോലെ രാഷ്ട്രത്തിനു വേണ്ടി ജീവിതം ഹോമിച്ച ദേശസ്‌നേഹികള്‍ക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അഫ്‌സല്‍ ഗുരുവിനെ പോലുള്ളവരെ വാഴ്ത്തപ്പെട്ടവരായി ചിത്രീകരിക്കുന്നു, നന്ദകുമാര്‍ പറഞ്ഞു. 

ഗായകന്‍ ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ. വിനോദ്കുമാര്‍ സംബന്ധിച്ചു. സമാപന പരിപാടിക്കു മുന്നോടിയായി പഥസഞ്ചലനവും ഉണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.