എന്‍.എന്‍. കക്കാട് പുരസ്‌കാരം സമ്മാനിച്ചു

Monday 21 May 2018 2:51 am IST

കോട്ടയം: അനീതിക്കെതിരെയും അടിയന്തരാവസ്ഥക്കെതിരെയും പോരാടിയ കവിയായിരുന്നു എന്‍.എന്‍. കക്കാടെന്ന് വി. മുരളീധരന്‍ എംപി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ഒമ്പതാമത് എന്‍.എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

  ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ സമൂഹവുമായി സംവദിക്കുന്നതാണ് കക്കാടിന്റെ രചനകള്‍. അനാചാരങ്ങള്‍ക്കെതിരെയും അനീതിക്കെതിരെയും അടിയന്തരാവസ്ഥക്കെതിരെയും അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചു. ഇന്ത്യ-ചൈന യുദ്ധകാലത്ത് അദ്ദേഹം ദേശീയതയ്ക്ക് വേണ്ടി കവിത രചിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തെ നോക്കി പോത്ത് എന്ന കവിത രചിച്ചത് കക്കാടിന്റെ സാമൂഹ്യ പ്രതിബദ്ധതയും, മനുഷ്യത്വവുമാണ് കാണിക്കുന്നത്. സമകാലിക സംഭവങ്ങളെ നോക്കിക്കാണുന്നതില്‍ അദ്ദേഹം കാണിച്ച പാടവം ആരേയും അതിശയിപ്പിക്കും. ഇന്ത്യയെ നന്മയിലേക്ക് നയിക്കാന്‍ കൃഷ്ണസ്‌നേഹത്തിനെ കഴിയൂ എന്ന് അദ്ദേഹം എഴുതി. സ്ത്രീ സുരക്ഷിതയല്ലാത്ത നാടായി മാറുന്ന കേരളത്തില്‍ ബാലഗോകുലത്തിന് കാലിക പ്രാധാന്യം ഏറെയാണെന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട് വടകര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആര്‍. ജീവനിക്കായിരുന്നു ഒന്‍പതാമത് എന്‍.എന്‍. കക്കാട് പുരസ്‌കാരം. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ കക്കാട് അനുസ്മരണം നടത്തി.

 മയില്‍പ്പീലി ബാലമാസിക എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ചലച്ചിത്ര സംവിധായകന്‍ ജയരാജ് എന്‍.എന്‍. കക്കാട് പുരസ്‌ക്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. പ്രശസ്തി പത്രസമര്‍പ്പണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോനയും യംഗ് സ്‌കോളേഴ്‌സ് അവാര്‍ഡ് ദാനം ചലച്ചിത്ര സംവിധായകന്‍ അലി അക്ബറും നടത്തി. 

ചിത്രകാരന്‍ ബാബു ദാമോദരനെ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് ആദരിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം അഡ്വ. ആര്‍. ശങ്കര്‍ റാം, കെ.എന്‍. സജികുമാര്‍, ടി.എന്‍. ഹരികുമാര്‍, ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, വി.എസ്. മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.