തൊണ്ടിയില്‍ പാലം പ്രവൃത്തി അനിശ്ചിതമായി നീളുന്നത് കൊട്ടിയൂര്‍ ഭക്തര്‍ക്ക് ദുരിതമാകും

Sunday 20 May 2018 11:04 pm IST

 

പേരാവൂര്‍: തൊണ്ടിയില്‍ പാലം പ്രവൃത്തി പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചത് കൊട്ടിയൂര്‍ ഭക്തര്‍ക്ക് ദുരിതമാകും. അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതാണ് ഇപ്പോള്‍ പ്രധാന പ്രശ്‌നമായിട്ടുള്ളത്. 

കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കാലത്ത് ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ആശ്രയമാകേണ്ടതാണ് ഈ പാലം. മണത്തണ-കൊട്ടിയൂര്‍-അമ്പായത്തോട് മലയോര ഹൈവേയിലേക്കുള്ള റോഡിലേക്ക് എത്തുന്നതിനുള്ള വഴിയില്‍ തൊണ്ടിയില്‍ ടൗണിലണ് പാലമുള്ളത്. തലശ്ശേരി-കൊട്ടിയൂര്‍, ഇരിട്ടി-കൊട്ടിയൂര്‍ റൂട്ടിലോടുന്ന എല്ലാ ബസ്സുകളും തൊണ്ടിയില്‍ പാലം വഴിയാണ് കടന്നുപോകുന്നത്. ഒന്നര വര്‍ഷമായി പാലം പണി തുടങ്ങിയിട്ട്. പാലം പ്രവൃത്തി തുടങ്ങിയപ്പോള്‍ മുതല്‍ ബസ്സുകള്‍ കാഞ്ഞിരപ്പുഴയില്‍ നിന്നും തൊണ്ടിയില്‍ ഹൈസ്‌കൂള്‍ റോഡ് വഴിയാണ് തൊണ്ടിയിലെത്തുന്നത്. 

2016 ജനുവരി 4 നാണ് പാലം നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നടന്നത്. 2.61 കോടി രൂപ ചെലവ് വരുന്ന പാലത്തിന്റെ പ്രവൃത്തി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പാലത്തിന്റെ പണി രണ്ട്മാസം മുമ്പ് പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ പ്രവൃത്തി തര്‍ക്കത്തിലായതാണ് പാലംപ്രവൃത്തി പാതിവഴിക്ക് നിലക്കാന്‍ കാരണമായത്. 

പാലത്തിന്റെ ഒരു ഭാഗത്തുള്ള പേരാവൂര്‍ ഫെറോനപള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തൂകൂടെ റോഡിന്റെ പുതിയ രൂപരേഖ പ്രകാരം അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്ന് ചിലര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന് ആവശ്യമുള്ളിടത്തോളം സ്ഥലം നല്‍കാമെന്ന  മുന്‍ വ്യവസ്ഥപ്രകാരാണ് നിലവിലുള്ളതില്‍ നിന്നും മാറ്റം വരുത്തു പുതിയ രേഖ തയ്യാറാക്കിയതെന്ന് ഒരുവിഭാഗം പറയുന്നു. പള്ളിയുടെ കീഴിലുള്ള യുപി സ്‌കൂള്‍ മൈതാനത്തിനും കെട്ടിടത്തിനും സമീപത്തുകൂടിയാണ് പുതിയ രൂപരേഖപ്രകാരമുള്ള അപ്രോച്ച് റോഡ് വരിക എന്നതിനാല്‍ മറ്റൊരു വിഭാഗം നാട്ടുകാര്‍ പുതിയ രൂപരേഖക്കെതിരെയും രംഗത്തെത്തി. വിവാദങ്ങള്‍ കൊഴുത്തതോടെ പാലത്തിന്റെ ഇരുവശത്തും മണ്ണിട്ടുയര്‍ത്തി നാട്ടുകാര്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കുകയും വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. എന്നാല്‍ കരാറുകാരനും പൊതുമരാമത്ത് വകുപ്പും എതിര്‍ത്തതോടെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. 

തുടര്‍ന്ന് സ്ഥലം എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചകളില്‍ അപ്രോച്ച് റോഡ് തന്നെ വീതികൂട്ടി സൗകര്യപ്രദമായി കൊണ്ടുപോകാമെന്ന ധാരണയില്‍ പുതിയ രൂപരേഖയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. 

27 ന് നെയ്യാട്ടത്തോടെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. ഇതോടെ കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തര്‍ ഇതുവഴി കൊട്ടിയൂരിലേക്ക് പോകും. സ്‌കൂള്‍ തുറക്കുന്നതോടെ നൂറു കണക്കിന് സ്‌കൂള്‍ വാഹനങ്ങളുമുണ്ടാകും. കാഞ്ഞിരപ്പുഴ വഴിയുള്ള യാത്ര ഏറെ ദുസ്സഹമാണ്. ഇനിയും ഏറെ വിവാദങ്ങളില്ലാതെ അപ്രോച്ച് റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.