ജല അതോറിറ്റി സൗജന്യ ജലപരിശോധ

Sunday 20 May 2018 11:06 pm IST

 

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ ഒരുക്കിയ പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേളയില്‍ സൗജന്യ ജല പരിശോധനയുമായി കേരള ജല അതോറിറ്റി. ശുദ്ധജലത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധനയുമാണ് ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ജലത്തിന്റെ ഭൗതികവും രാസപരവുമായ ഗുണനിലവാരമാണ് മേളയില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അര ലിറ്റര്‍ വെള്ളവുമായി മേളയിലെത്തുന്ന ആര്‍ക്കും അര മണിക്കൂറിനുള്ളില്‍ തങ്ങളുടെ ജലത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് മടങ്ങാവുന്ന രീതിയിലാണ് ജല അതോറിറ്റിയുടെ പ്രവര്‍ത്തനം. സാധാരണ ഗതിയില്‍ 850 രൂപ ചെലവ് വരുന്ന ജല പരിശോധനയാണ് സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന സ്റ്റാളിലൂടെ സൗജന്യമായി ജനങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. 

പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ രാസ പരിശോധനകള്‍ ആവശ്യമായി കണ്ടെത്തുന്ന ജല സാമ്പിളുകള്‍ താണയിലെ വാട്ടര്‍ ടാങ്കിനു സമീപത്തുള്ള ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്. വിദഗ്ധ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം. 

ജലപരിശോധനയ്ക്ക് പുറമേ കിണറുകളുടെ പരിപാലനം, ജലത്തിന്റെ ഗുണനിലവാരവ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് രൂപത്തില്‍ ഒറ്റനോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.