സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: വനിതകളുടെ കലാപരിപാടികള്‍ നടന്നു

Sunday 20 May 2018 11:06 pm IST

 

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷനിലെ രണ്ടാം ദിനം വനിതകളുടെ കലാപരിപാടികള്‍ നടന്നു. നാടകത്തിലും നാടന്‍പാട്ടിലും നൃത്തത്തിലും കലാപരിപാടികളിലുമെല്ലാം സ്ത്രീകള്‍ മാത്രമായിരുന്നു താരങ്ങള്‍. പയ്യാമ്പലം ഗവ: വനിതാ ടിടിഐ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച സംഗീതശില്‍പ്പത്തോടെയാണ് രണ്ടാം വാര്‍ഷികാഘോഷത്തിലെ രണ്ടാം ദിന കലാപരിപാടികള്‍ ആരംഭിച്ചത്. 

തങ്ങള്‍ പ്രഫഷണല്‍ ഗായകരല്ലെന്നറിയിച്ചുകൊണ്ട് രാഗസായാഹ്നം എന്ന പേരില്‍ മഹിള സമഖ്യ സൊസൈറ്റിയുടെ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനികള്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. 

നിഫ്റ്റിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളായ കൃഷ്ണയും ഹിബയും ആരംഭിച്ച കൈത്തറി സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ ലോഞ്ചിങ്ങും നിഫ്റ്റി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുമായിരുന്നു വാര്‍ഷികാഘോഷത്തിലെ മറ്റൊരു ഇനം. തുടര്‍ന്ന് കോഴിക്കോട്ടെ പൊലീസ് വനിതാ സെല്‍ (റൂറല്‍) ഒരുക്കിയ അനന്തരം ആനി എന്ന സ്ത്രീ ശാക്തീകരണ നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് വനിതകള്‍ തന്നെയായിരുന്നു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും അവഗണനകളും വിഷയമായ നാടകം സ്ത്രീകള്‍ ശക്തിയായി മുന്നോട്ട് വരണമെന്ന ആഹ്വാനമുയര്‍ത്തി. ദേവിക സജീവും ഭിന്നശേഷിക്കാരിയായ വിസ്മയ പട്ടുവവും അവതരിപ്പിച്ച നൃത്തങ്ങളോടെയാണ് രണ്ടാം ദിവസത്തെ കലാപരിപാടികള്‍ അവസാനിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.