ഇന്നു വൈകീട്ട് യാത്ര തിരിക്കും കണ്ണൂര്‍ പ്രാദേശിക സേന വീണ്ടും അതിര്‍ത്തി സേവനത്തിന്

Sunday 20 May 2018 11:07 pm IST

 

കണ്ണൂര്‍: ഇന്ത്യയിലെ മികച്ച പ്രാദേശിക സേനയായ കണ്ണൂരിലെ 122-ാം ഇന്‍ഫന്ററി ബറ്റാലിയന്‍ (ടിഎ) മദ്രാസ് വീണ്ടും അതിര്‍ത്തിയില്‍ വിശിഷ്ട സേവനത്തിനൊരുങ്ങുന്നു. ജമ്മു കശ്മീരിലെ അതീവ പ്രശ്‌നബാധിത മേഖലകളിലേക്ക് 122 യൂനിറ്റ് ഇന്നു വൈകീട്ട് പുറപ്പെടും. ആയുധങ്ങള്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളുമായി കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് സൈന്യം യാത്ര തിരിക്കുക. മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തും. 

സ്വതന്ത്രഭാരതത്തിലെ ആദ്യ ഗവര്‍ണര്‍ ജനറല്‍ സി.രാജഗോപാലാചാരിയാണ് 1949 ഒക്ടോബര്‍ ഒമ്പതിന് ഹരിയാനയിലെ അംബാലയില്‍ ടെറിട്ടോറിയല്‍ ആര്‍മി രൂപീകരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം 1966 നവംബര്‍ ഒന്നിന്് ഇന്‍ഫന്ററി ബറ്റാലിയന്‍ (ടിഎ) മദ്രാസ് നിലവില്‍ വന്നു. കേരളത്തിലെ ഏക പ്രാദേശികസേനയാണ് കണ്ണൂരിലേത്. ബ്രിട്ടീഷ് ഭരണകാലത്ത് വെല്ലസ്ലി പ്രഭു നിര്‍മിച്ച പ്രൗഢവും അതിവിശാലവുമായ കെട്ടിടത്തില്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ സദാ ജാഗരൂകം. പതിറ്റാണ്ടുകളായി നമ്മുടെ പ്രാദേശികസേന കണ്ണൂര്‍ ടെറിയേഴ്‌സ് എന്ന പേരില്‍ ജമ്മു കശ്മീരിലെ പ്രതിരോധ മേഖലകളില്‍ സുദീര്‍ഘവും കാര്യക്ഷമവുമായ സേവനം അനുഷ്ഠിച്ചുവരുന്നു. ഓപറേഷന്‍ പവന്‍ ശ്രീലങ്കയിലും, ഓപറേഷന്‍ പരാക്രം ഹരിയാനയിലും ഓപറേഷന്‍ രക്ഷക് ജമ്മുവിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനികസേവനത്തിന്റ ഭാഗമായി ശ്രീനഗറിലെ ഝലം നദിക്ക് കുറുകെ കണ്ണൂര്‍ ബ്രിഡ്ജ് എന്ന പേരില്‍ പാലം പണിയുകയുണ്ടായി.  

വിശിഷ്ട സേവനത്തിന് കണ്ണൂര്‍ യൂനിറ്റ് ഉന്നത സൈനിക അധികാരികളില്‍നിന്ന് ഇതിനകം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെറിട്ടോറിയല്‍ ആര്‍മിയെന്ന അംഗീകാരം മൂന്നുതവണയാണ് കണ്ണൂരിന് ലഭിച്ചത്.

ദക്ഷിണ മേഖലയുടെ മികച്ച ബറ്റാലിയന്‍ എന്ന ബഹുമതിയും നേടി. സംസ്ഥാന സര്‍ക്കാരിന്റെ പ്രശസ്തിപത്രം ലഭിച്ചത് മൂന്നുതവണ. രാജ്യസേവനത്തില്‍ മാത്രമല്ല, കായിക മല്‍സരങ്ങളിലും വിവിധങ്ങളായ സാമൂഹികസേവന രംഗങ്ങളിലും കണ്ണൂര്‍ ടെറിയേഴ്‌സ് മുന്‍പന്തിയിലാണ്. 2017ലെ ആര്‍മി ഫയറിങ് ചാംപ്യന്‍ഷിപ്പിലും ഇന്റര്‍ ബറ്റാലിയന്‍ ഫുട്‌ബോളിലും ജേതാക്കളായി. 2018ലെ ഇന്റര്‍ബറ്റാലിയന്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചു. ജില്ലാ വോളിബോള്‍ ലീഗില്‍ റണ്ണറപ്പായി. 2018ലെ ഫെഡറേഷന്‍ കപ്പ് ബാസ്‌കറ്റ്‌ബോളില്‍ മൂന്നാംസ്ഥാനത്തെത്തി. ഇന്ത്യന്‍ സേനയ്ക്കു വേണ്ടി പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ് പരിശീലനത്തിന്റെ നോഡല്‍ കേന്ദ്രം കണ്ണൂര്‍ ടെറിറ്റോയില്‍ ആര്‍മി ആസ്ഥാനമാണ്. ഇവിടെനിന്ന് ഇതിനകം 45 സേനാംഗങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി. മേലെ ചൊവ്വ സ്‌നേഹാലയത്തിലെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. കണ്ണൂരിലെ അംഗവൈകല്യം ബാധിച്ച മുന്‍ സൈനികര്‍ക്ക് ചക്രക്കസേരകള്‍ നല്‍കി. 2004ല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ അഗ്‌നിബാധയുണ്ടായപ്പോള്‍ സേനാംഗങ്ങള്‍ നടത്തിയ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ വേളയിലും സൈന്യം രംഗത്തിറങ്ങി. 

150 അംഗങ്ങളാണ് പ്രാദേശികസേനയിലുള്ളത്. കേരളത്തിനുപുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം. മഹാരാഷ്ട്ര സ്വദേശിയായ കേണല്‍ രാജേഷ് കനോജിയയാണ് 122ാം പ്രാദേശിക സേനയുടെ കമാന്‍ഡിങ് ഓഫിസര്‍. സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ലഫ്. കേണല്‍ ഗുര്‍മിത് സിങ്, അഡ്ജിറ്റന്‍ഡ് മേജര്‍ വിനയ്കുമാര്‍, സുബേദാര്‍ മേജര്‍ എം.വി.പ്രകാശന്‍ എന്നിവരാണ് സേനയുടെ തലപ്പത്തുള്ള മറ്റ് ഉഗ്യോഗസ്ഥര്‍. 2009 ജൂലൈയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചിരുന്നു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.