വെടിനിര്‍ത്തലിന് അപേക്ഷിച്ച് പാക്കിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ; പാക് ബങ്കറുകള്‍ തകര്‍ത്തു

Monday 21 May 2018 3:00 am IST

ജമ്മു: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ കടുത്ത മറുപടി. അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള പാക് ബങ്കറുകള്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) തകര്‍ത്തു. സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് പാക്കിസ്ഥാന്റെ നിരവധി സൈനിക ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തു വിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ അഖ്‌നൂരിനടുത്തുള്ള ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഈ 19 മിനിറ്റ് വീഡിയോയിലുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് ഭാഗത്ത് അസാധാരണ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിഎസ്എഫ് ജാഗ്രത ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി വെടിയുതിര്‍ത്ത് ഭീകരരെ അതിര്‍ത്തി കടത്തി വിടാനുള്ള തന്ത്രമായിരുന്നു പാക്കിസ്ഥാന്റേത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ ഘട്ടത്തില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്റെ അടിപതറി. 

പീരങ്കികള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച്, തുടര്‍ച്ചയായി വെടിയുതിര്‍ത്ത് പാക് ബങ്കറുകള്‍ തകര്‍ത്തെറിയുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു റോക്കറ്റ് പതിച്ച് ബങ്കര്‍ ചിന്നഭിന്നമാകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. ഇതിനു തൊട്ടു പിന്നാലെ, കൂടുതല്‍ ആക്രമിക്കരുതെന്ന് പാക്കിസ്ഥാന്റെ അതിര്‍ത്തിയിലെ സൈനിക വിഭാഗമായ പാക് റേഞ്ചേഴ്‌സ് കെഞ്ചിയെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. ബിഎസ്എഫിന്റെ ജമ്മുവിലെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് പാക് റേഞ്ചേഴ്‌സ് ആക്രമണം നിര്‍ത്താന്‍ അപേക്ഷിച്ചത്. 

ഒരു പ്രകോപനവുമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനാണ് തിരിച്ചടി നല്‍കിയതെന്ന് ബിഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് തിരിച്ചടിക്കുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫിന്റെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 

ജമ്മുവില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയുള്ള അഖ്‌നൂര്‍ കേന്ദ്രീകരിച്ചാണ് ബിഎസ്എഫ് നീക്കങ്ങള്‍ ആസൂത്രണം ചെയ്തത്. 

ഇനിയും ഷെല്ലാക്രമണം തുടരാനാണ് പാക്കിസ്ഥാന്റെ ഉദ്ദേശ്യമെങ്കില്‍ തിരിച്ചടി കൂടുതല്‍ ശക്തമായിരിക്കുമെന്ന് ബിഎസ്എഫ് ഐജി രാം അവ്താര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.