സഖ്യത്തില്‍ അസ്വസ്ഥത; കര്‍ണാടകയില്‍ കല്ലുകടി

Monday 21 May 2018 3:06 am IST
കുമാരസ്വാമി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ്സിന് എന്നായിരുന്നു ധാരണ. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്നാണ് ഇപ്പോള്‍ ജെഡിഎസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മാത്രമല്ല ആഭ്യന്തര മന്ത്രിസ്ഥാനം കുമാരസ്വാമി തന്നെ വഹിക്കണമെന്നും ജെഡിഎസ് ആഗ്രഹിക്കുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി പദം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിലും തര്‍ക്കമുണ്ട്.

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ധാരണയിലെത്താന്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ജെഡിഎസ്. ആഭ്യന്തര വകുപ്പിനായി ഇരുകൂട്ടരുടെയും അവകാശവാദം. മുപ്പതു മാസം വീതം മുഖ്യമന്ത്രി പദം പങ്കിടണം എന്ന ആവശ്യവും കോണ്‍ഗ്രസ്സില്‍ ശക്തമായിക്കഴിഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ തെരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ അവിശുദ്ധ സഖ്യമാണ് അസ്വസ്ഥതകളിലേക്ക് നീങ്ങുന്നത്. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകവുമായി ചര്‍ച്ചയ്ക്കില്ലെന്നു നിലപാടെടുത്ത കുമാരസ്വാമി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്താന്‍ ഇന്നു ന്യൂദല്‍ഹിയില്‍ എത്തും. മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എല്ലാം തീരുമാനിക്കാനുള്ള അധികാരം തനിക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് നല്‍കിയത് എന്നാണ് കുമാരസ്വാമി പറയുന്നത്.

കുമാരസ്വാമി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ്സിന് എന്നായിരുന്നു ധാരണ. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്നാണ് ഇപ്പോള്‍ ജെഡിഎസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മാത്രമല്ല ആഭ്യന്തര മന്ത്രിസ്ഥാനം കുമാരസ്വാമി തന്നെ വഹിക്കണമെന്നും ജെഡിഎസ് ആഗ്രഹിക്കുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി പദം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിലും തര്‍ക്കമുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിയാല്‍ ഡി.കെ. ശിവകുമാറിനെ ആഭ്യന്തര മന്ത്രിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് ബിജെപിയെ തടഞ്ഞു എന്ന തരത്തില്‍ പരിവേഷം കിട്ടിയതോടെ ശിവകുമാര്‍ പക്ഷത്തിന് പാര്‍ട്ടിയില്‍ കരുത്തു കൂടിയിട്ടുമുണ്ട്.

കുമാരസ്വാമിക്കും അച്ഛന്‍ ദേവഗൗഡയ്ക്കും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വിശ്വാസമില്ല. കോണ്‍ഗ്രസ്സില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അതൃപ്തനുമാണ്. ജെഡിഎസ്സുമായി സഖ്യം ഉണ്ടാക്കുന്നതിന് സിദ്ധരാമയ്യയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ ശിരസാ വഹിക്കുകയല്ലാതെ മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ല. 

യെദ്യൂരപ്പ രാജിവച്ചതോടെ കോണ്‍ഗ്രസും ജെഡിഎസ്സും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നിരിക്കുകയാണ്. ചെറിയ കക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിക്ക് ക്ഷീണമാണെന്ന അഭിപ്രായം കോണ്‍ഗ്രസ് ക്യാമ്പില്‍ ശക്തമായി. ഈ ക്ഷീണം മറികടക്കാനാണ് മുപ്പതു മാസം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യം ജെഡിഎസ്സിനു മുന്നില്‍ വെയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തരത്തിലൊരു ധാരണയില്ലെന്നും  ഇതെക്കുറിച്ച് ഉയരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പറഞ്ഞ് കുമാരസ്വാമി ഒരു മുഴം മുമ്പേ എറിഞ്ഞു. 

ജെഡിഎസ്സിലും തര്‍ക്കം ആരംഭിച്ചു. കോണ്‍ഗ്രസ്സിനൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരം ഉള്‍പ്പെടെ പകുതി മന്ത്രിസ്ഥാനവും വേണമെന്നാണ് ജെഡിഎസ്സിന്റെ ആവശ്യം. ആഭ്യന്തരം കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യണമെന്നാണ് ജെഡിഎസ്സിന്റെ നിലപാട്. ഇരുകൂട്ടരും തങ്ങളുടെ ആവശ്യം കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട് എന്നിവരെ അറിയിച്ചു. ഇന്നലെ രാവിലെ ദല്‍ഹിയിലെത്തിയ ഇരുനേതാക്കളും സോണിയ ഗാന്ധിയുമായും, രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തി. തുടര്‍ ചര്‍ച്ചയ്ക്കായാണ് കുമാരസ്വാമി ഇന്ന് ദല്‍ഹിയില്‍ എത്തുന്നത്. 

രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തെ തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റിവച്ചതെന്ന് പറയുന്നുണ്ടെങ്കിലും മന്ത്രിസ്ഥാനത്തില്‍ ഉള്‍പ്പെടെ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ബുധനാഴ്ചത്തേയ്ക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ്സിലും തര്‍ക്കം

കോണ്‍ഗ്രസ്സില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഇനിയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ജി. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡിന് താത്പര്യം. എന്നാല്‍ ഡി.കെ. ശിവകുമാറിനൊപ്പമാണ് സംസ്ഥാന നേതാക്കള്‍. 

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു ജി.പരമേശ്വര. ഉപമുഖ്യമന്ത്രി സ്ഥാനം പരമേശ്വരയ്ക്ക് നല്‍കിയാല്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് നല്‍കണമെന്ന ഫോര്‍മുലയും നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ശിവകുമാറിനെ തണുപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം  ചില കേന്ദ്രനേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സിദ്ധരാമയ്യ സര്‍ക്കാരില്‍ അംഗമായിരുന്ന ഡി.വി. ദേശപാണ്ഡെ, കെ.ജെ. ജോര്‍ജ്, എച്ച്.കെ. പാട്ടീല്‍, രാമലിംഗറെഡ്ഡി, യു.ടി. ഖാദര്‍, കൃഷ്ണപ്പ, ബസവരാജ്, തന്‍വീര്‍സെയ്ദ്, രായറെഡ്ഡി, എം.പി. പാട്ടീല്‍, ഹല്ലപ്പ, ആര്‍. സീതാറാം എന്നിവരെല്ലാം പ്രധാന വകുപ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇവരെയെല്ലാം സമാധാനിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പ്രധാന വകുപ്പുകളും വേണമെന്ന് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് തീരുമാനം. 30 അംഗ മന്ത്രിസഭയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 20 മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും.

ബിജെപിയെ പുറത്താക്കാന്‍ കഷ്ടപ്പെട്ടത് മുഴുവന്‍ കോണ്‍ഗ്രസ് ആണെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു. സിദ്ധരാമയ്യ സര്‍ക്കാരില്‍ അംഗമായിരുന്ന 15 മന്ത്രിമാര്‍ ഇക്കുറി വിജയിച്ചു വന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കണം. ഇതോടൊപ്പം ബിജെപി പക്ഷത്തേക്ക് പോകാതെ നിര്‍ത്തിയ രണ്ട് സ്വതന്ത്രര്‍, പാര്‍ട്ടിയിലെ അസംതൃപ്തര്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.